- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂതത്താൻകെട്ടിന് പിന്നാലെ തൊട്ടിയാർ പദ്ധതിയുടെ കരാറുകാരും മുങ്ങി; നൂറുകണക്കിന് കോടികൾ നഷ്ടപ്പെടുന്നതു ആർക്കുമറിയേണ്ട; പരസ്പരം പഴിചാരി കരാർ കമ്പനിക്കാരും കെ എസ് ഇ ബിയും; ഉത്തരവാദികളെ കണ്ടെത്താനോ നടപടിയെടുക്കാനോ ആരുമില്ല
കോതമംഗലം: കെ എസ് ഇ ബി ക്ക് വീണ്ടും തിരിച്ചടി. 200 കോടിയിൽപ്പരം രൂപ കൈക്കലാക്കി തൊട്ടിയാർ പദ്ധതിയുടെ കരാറുകാർ സ്ഥലം വിട്ടു. ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് വൈദ്യുതി വകുപ്പിന് വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഇതിനു സമാനമായ നിലയിലാണിപ്പോൾ തൊട്ടിയാർ പദ്ധതിയും എത്തിനിൽക്കുന്നത്. ഹൈദര
കോതമംഗലം: കെ എസ് ഇ ബി ക്ക് വീണ്ടും തിരിച്ചടി. 200 കോടിയിൽപ്പരം രൂപ കൈക്കലാക്കി തൊട്ടിയാർ പദ്ധതിയുടെ കരാറുകാർ സ്ഥലം വിട്ടു. ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് വൈദ്യുതി വകുപ്പിന് വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഇതിനു സമാനമായ നിലയിലാണിപ്പോൾ തൊട്ടിയാർ പദ്ധതിയും എത്തിനിൽക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്റ്റൽ പ്രോജക്ട്‌സ് ലിമിറ്റഡിനായിരുന്നു കെ എസ് ഇ ബി തൊട്ടിയാർ പദ്ധതിയുടെ നിർമ്മാണക്കരാർ നൽകിയിരുന്നത്. 2009-ൽ 48 മാസത്തെ കാലാവധി നിശ്ചയിച്ച്, 200 കോടിയോളം രൂപക്കാണ് കരാർ ഉറപ്പിച്ചിരുന്നത്. നിശ്ചിത കാലാവധിയും കഴിഞ്ഞ്് മൂന്നു വർഷത്തോളമെത്തിയിട്ടും നിർമ്മാണപ്രവർത്തനങ്ങൾ 50 ശതമാനം കടന്നിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ഇനി രണ്ടുവർഷത്തോളം തുടർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നാലെ പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കു എന്നതാണ് നിലവിലെ സ്ഥിതി.
കരാർത്തുക വർദ്ധിപ്പിച്ചു നൽകണമെന്നുള്ള തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ വൈദ്യുത വകുപ്പ് തയ്യാറാവാത്തതിനെതുടർന്നാണ് പദ്ധതിയുടെ നിർമ്മാണ കരാറിൽ നിന്നും പിൻവാങ്ങുന്നതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഇക്കാര്യം കെ എസ് ഇ ബിയും ശരിവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ കമ്പനിക്ക് ഒരു രൂപ പോലും കൂടുതൽ നൽകാനാവില്ലെന്നാണ് കെ എസ് ഇ ബിയുടെ നിലപാട്. തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര ടെണ്ടർ വിളിക്കുന്നതിനാണ് വൈദ്യുത വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.
കൊച്ചി-ധനുഷ്‌കോടി ദേശിയ പാതയോരത്തേ വാളറ വെള്ളച്ചാട്ടത്തിന് മുകളിൽ നിർമ്മിക്കുന്ന അണക്കെട്ടിൽ നിന്നുള്ള വെള്ളം നീണ്ടപാറ സബ് സ്റ്റേഷനു സമീപം നിർമ്മിക്കുന്ന പവർഹൗസിൽ എത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തൊട്ടിയാർ പദ്ധതി. തൊട്ടിയാറിന് മറുകരെ പദ്ധതിയുടെ പവർഹൗസ് സൈറ്റിലെത്താൻ പാലം നിർമ്മിക്കുകയെന്നതായിരുന്നു പദ്ധതി നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി. 110 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള പാലം പണി തീർക്കാൻ രണ്ടു വർഷത്തോളം വേണ്ടി വന്നു. കരാറെടുത്ത കമ്പനിക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ നടത്തിപ്പിലുണ്ടായ പിടിപ്പുകേടാണ് നിശ്ചിത സമയത്ത് പദ്ധതി കമ്മീഷൻ ചെയ്യാൻ തടസമായതെന്നാണ് വൈദ്യുത വകുപ്പിന്റെ വിലയിരുത്തൽ. വിദഗ്ദ്ധർ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് പ്രകാരം വിവിധ ഘട്ടങ്ങളിലായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കമ്പിനിക്ക് വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നെന്നും കമ്പനിയുടെ പ്രതിനിധികൾ പലവട്ടം പദ്ധതി പ്രദേശം സന്ദർശിച്ച് കാര്യങ്ങൾ വിശദമായി പഠിച്ചിട്ടാണ് കരാറിൽ ഒപ്പുവച്ചതെന്നുമാണ് കെ എസ് ഇ ബി അധികൃതരുടെ വെളിപ്പെടുത്തൽ.
നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചതു വഴി വൻ നഷ്ടമുണ്ടായെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് ഒരെത്തും പിടിയുമില്ലെന്നതാണ് നിലവിലെ സ്ഥിതി. ഇക്കാര്യത്തിൽ നിയമനടപടികളുമായിപ്പോയാൽ എതിർ കക്ഷികൾ തൊടുന്യായങ്ങൾ നിരത്തി രക്ഷപെടുന്നതിനാണ് കൂടുതൽ സാധ്യതയെന്നും ഇത്തരം കാലതാമസവും നഷ്ടവുമൊക്കെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹജമാണെന്നും 80 കോടി രൂപ അടങ്കൽ തുക ലക്ഷ്യമിട്ട് നിർമ്മാണം തുടങ്ങിയ ലോവർപെരിയാർ പദ്ധതി നിശ്ചിത കാലാവധിയിൽ നിന്നും ഏറെ വൈകി പൂർത്തിയായപ്പോൾ 320-ൽപ്പരം കോടി രൂപ ചെലവായെന്നുമാണ് ഉദ്യോഗസ്ഥസംഘത്തിന്റെ വെളിപ്പെടുത്തൽ .ഈ കമ്പനി ഏറ്റെടുത്ത് നടത്തിവന്നിരുന്ന പള്ളിവാസൽ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങളും മുടങ്ങിക്കിടക്കുകയാണ്.
സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് അടിയന്തര പരിഹാരമെന്നനിലയിലാണ് കെ എസ് ഇ ബി യുദ്ധകാലാടിസ്ഥാനത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് രൂപം നൽകിയത്. ഇത്തരത്തിൽ കിഴക്കൻ മേഖലയിൽ ആദ്യമായി നിർമ്മാണം തുടങ്ങിയ 16 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട് പദ്ധതി പാതി വഴിയിൽ മുടങ്ങിയിരുന്നു. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സിൽക്കാൽ മെറ്റലർജിക്കൽ ലിമിറ്റഡിനായിരുന്നു പദ്ധതിയുടെ നിർമ്മാണക്കരാർ. കരാറിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ പ്രകാരം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ കെ എസ് ഇ ബി യുടെ ഭാഗത്തുനിന്നും കാലതാമസമുണ്ടായെന്നാരോപിച്ചായിരുന്നു കരാറിൽ നിന്നും കമ്പനിയുടെ പിന്മാറ്റം. ഇതു മൂലം വൈദ്യുത വകുപ്പിനുണ്ടായ നഷ്ടം കനത്തതായിരുന്നു.
ഭൂതത്താൻ കെട്ടിൽ 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചുനൽകുമ്പോൾ ഇതേ അളവിൽ കമ്പനിയുടെ കഞ്ചിക്കോട്ടുള്ള ഫാക്ടറിക്ക് വൈദ്യതി നൽകണമെന്നും കമ്പനിയുടെ ഭാഗത്തുനിന്നും നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയാൽ പ്രതിദിനം 25,000 രൂപ വീതം കമ്പനി കെ എസ് ഇ ബി ക്ക് നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. പല കാരണങ്ങളാൽ പദ്ധതി നിർമ്മാണം നീണ്ടുപോകുകയും ഇതിന്റെ പഴി വൈദ്യുത വകുപ്പിന് ഏൽക്കേണ്ടിവരികയും ചെയ്തു. ഇതിനിടയിൽ തന്നെ കമ്പനിക്കുള്ള വൈദ്യുതി വിതരണം കെ എസ് ഇ ബി സൗജന്യ നിരക്കിലാക്കുകയും ചെയ്തിരുന്നു. അഞ്ചുവർഷത്തോളം ഇത്തരത്തിൽ വൈദ്യുത വകുപ്പ് കമ്പിനിക്ക് വൈദ്യുതി നൽകിയിരുന്നെന്നും ഇതാണ് ഈ ഇടപാടിൽ വൈദ്യുത വകുപ്പിന് നഷ്ടമുണ്ടാവുന്നതിനുള്ള പ്രധാന കാരണമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.. ഇതു സംബന്ധിച്ചുള്ള യഥാർത്ഥ കണക്കുവിവരങ്ങൾ കെ എസ് ഇ ബി ഇനിയും പുറത്തുവിട്ടിട്ടില്ല.