അഹമ്മദാബാദ്: കന്നിയങ്കത്തിൽ തോൽവി രുചിച്ചെങ്കിലും ശ്വേത ബ്രഹ്മഭട്ടിന് ഈ തിരഞ്ഞെടുപ്പ് ഓർമയിൽ തങ്ങിനിൽക്കുന്നതായിരിക്കും. ബിജെപിയുടെ ശക്തികേന്ദ്രമായ മണിനഗറിൽ 75,000 ത്തിലധികം വോട്ടിന്റെ പരാജയമാണ് ശ്വേതയെ കാത്തിരുന്നതെങ്കിലും, വ്യത്യസ്തമാർന്ന പ്രചാരണശൈലിയിലൂടെ മാധ്യമങ്ങൾക്ക് പ്രിയങ്കരിയായി തീർന്നു ഈ കോൺഗ്രസ് നേതാവ്.

2000 ത്തിൽ മണിനഗറിൽ മൽസരിച്ച പിതാവ് നരേന്ദ്ര ബ്രഹ്മഭട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശ്വേത പൊതുരംഗത്തേക്കിറങ്ങിയത്. കോർപ്പറേറ്റ് രംഗത്ത് തിളങ്ങാനായിരുന്നു ഇഷ്ടം. ലണ്ടനിൽ വെസ്റ്റ് മിനിസ്റ്റർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദമെടുത്ത ശേഷം എച്ച്എസ്‌ബിസിയിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി നോക്കി. പിന്നീ്ട് ബെംഗളൂരു ഐഐഎമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്‌സ് ചെയ്തു.

കോൺഗ്രസിന്റെ പ്രചരണങ്ങൾ പൊതുവെ ദുർബലമായിരുന്ന മണ്ഡലത്തിൽ അനുയായികളെ പിന്നിൽ കൂട്ടി സ്വയം ജീപ്പോടിച്ച് ജനങ്ങളുടെ ഇടയിൽ പ്രചരണത്തിനിറങ്ങിയിരുന്ന 34 കാരിയായ ശ്വേത ഏവരെയും അമ്പരിപ്പിച്ചു.

മാധ്യമങ്ങളിലാകെ ഈ പെൺകുട്ടിയുടെ വ്യത്യസ്ഥമായ പ്രചരണ രീതി തിരഞ്ഞെടുപ്പ് കൗതുക വാർത്തകളായി സ്ഥാനം പിടിച്ചതോടെ പതിറ്റാണ്ടുകൾക്ക് ശേഷം മണ്ഡലത്തിൽ ഒരു കോൺഗ്രസ് തരംഗം സൃഷ്ടിക്കാൻ ശ്വേതക്കായി.രാഷ്ട്രീയക്കാരിയാകാൻ ഐഐഎമ്മിൽ നിന്ന് പരിശീലനം സിദ്ധിച്ച ശേഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച ഏക രാഷ്ട്രീയനേതാവയാരിക്കും ശ്വേത.

പ്രധാനമന്ത്രിയാകും മുമ്പ് നരേന്ദ്ര മോദിയുടെ മണ്ഡലമായിരുന്ന മണിനഗറിൽ 2012 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏതിരാളിയുടെ ഭൂരിപക്ഷത്തിൽ 9000 വോട്ടുകൾ കുറയ്ക്കാൻ സാധിച്ചത് ശ്വേതയെ സംബന്ധിച്ച് നേട്ടമാണ്.സിറ്റിങ് എംഎൽഎ സുരേഷ് പട്ടേലാണ് ഇവിടെ ഡയിച്ചത്.ആർഎസ്എസിന്റെ സംസ്ഥാന ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണിനഗറിൽ പരാജയത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞുവെന്നതും ഇരട്ടിമധുരം.

 വിദ്യാഭ്യാസം, തൊഴിൽ സ്ത്രീശാക്തീകരണം എന്നിവയായിരുന്നു ശ്വേത ബ്രഹ്മഭട്ടിന്റെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ. കോൺഗ്രസിന്റെ ദുർബലമായ സംഘടനാഘടനയും അടിത്തട്ടിലെ പ്രവർത്തന രാഹിത്യവും മറ്റു സ്ഥാനാർത്ഥികൾക്കെന്ന പോലെ ശ്വേതയ്ക്കും തിരിച്ചടിയായി.