മസ്‌കറ്റ്: എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഓമാനിലെ ഇന്ത്യൻ സ്‌കൂളിലെ സ്‌കൂൾ പ്രവേശനം കീറാമുട്ടിയാകുന്നു. ക്ലാസുകൾ വേണ്ടത്ര സീറ്റുകൾ ഇല്ലാത്തതാണ് കുട്ടികൾക്ക് പ്രവേശനം ലഭ്യമാകാത്തതിന്റെ പ്രധാന കാരണം.

വരുന്ന അധ്യയന വർഷം കഴിഞ്ഞ വർഷത്തേക്കാൽ 10 ശതമാനം അധികം വിദ്യാർത്ഥികളാണ് പുതിയ അഡ്‌മിഷനായി കാത്തിരിക്കുന്നത്. രാജ്യത്തെ ആറ് ഇന്ത്യൻ സ്‌കൂളുകളിലായി 2400 സീറ്റുകളാണ് ഉള്ളത്. ഇതിലേക്കായി 5000 ത്തോളം അപേക്ഷകളാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്. കൂടാതെ ട്രാഫിക് കുരുക്കിന്റെ ഭാഗമായി സ്‌കൂളിലെ പ്രവേശനം നിയന്ത്രിക്കാനും മുനിസിപ്പാലിറ്റി നിർദ്ദേസ നല്കിയിട്ടുണ്ട്.

ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലേയ്ക്കുള്ള വഴിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികൾ ഏറെയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം. പുതിയ സ്‌കൂൾ ബസ്സുകൾ ഏർപ്പെടുത്തി ഗതാഗതസംവിധാനം ഏകോപിപ്പിക്കാനും പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം പാലിക്കാനും മുനിസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്.

സീബ് മാബേല മേഖലകളിലുള്ള കുട്ടികൾ അതാത് സ്‌കൂളുകളിൽ പ്രവേശനം തേടേണ്ടതാണ് എന്നും യോഗത്തിൽ നിർദേശിച്ചു. 13,000 കുട്ടികളാണ് ദാർസൈറ്റ് സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നത്.