തിരുവനന്തപുരം: കേരള സർക്കാരിന് കേന്ദ്രത്തിന്റെ പണി തൊഴിലുറപ്പിൽ കിട്ടി. തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടിക്ക് പലിശ നൽകി കേരളം മുടിയും. തൊഴിലുറപ്പ് പദ്ധതിയിൽ കേരളാ വിഹിതമായി 100 കോടി രൂപ അനുവദിക്കുമ്പോൾ ആനുപാതികമായ സംസ്ഥാന വിഹിതം മൂന്ന് ദിവസത്തിനകം നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇല്ലെങ്കിൽ 12 ശതമാനം പലിശ നൽകണം.

എന്നാൽ കേന്ദ്രത്തിന്റെ നൂറ് കോടി കിട്ടിയിട്ടും സംസ്ഥാനത്ത് സാധന സാമഗ്രികളുടെ വിലയും വിദഗ്ധ തൊഴിലാളികളുടെ വേതനവും അനിശ്ചിതമായി വൈകുന്നു. കേന്ദ്രവിഹിതത്തിന് ആനുപാതികമായി സംസ്ഥാനം ഫണ്ട് അനുവദിക്കാത്തതാണ് കാരണം. കേന്ദ്രം പണം നൽകിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഈ സാഹചര്യത്തിൽ പലിശ ഇനത്തിൽ കേരളം ലക്ഷങ്ങൾ അടയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും വലിയ അനാസ്ഥയാണഅ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ധനവകുപ്പിന്റെ മെല്ലെപ്പോക്കാണ് കേന്ദ്രത്തിനു പലിശ നൽകേണ്ട സ്ഥിതിയുണ്ടാക്കിയതെന്ന് തദ്ദേശവകുപ്പ് ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി ഒമ്പതിനാണ് കേന്ദ്രം 100 കോടി അനുവദിച്ചത്. ആനുപാതികമായി 19.95 കോടി രൂപയാണ് സംസ്ഥാനസർക്കാർ നൽകേണ്ടത്. ഇത് മൂന്ന് ദിവസത്തിനകം അനുവദിച്ചില്ലെങ്കിൽ കേന്ദ്രത്തിന് പലിശ നൽകണം എന്നുമായിരുന്നു വ്യവസ്ഥ.

കഴിഞ്ഞ സാമ്പത്തികവർഷം പൂർത്തിയാക്കിയ പ്രവൃത്തികളുടേതുൾപ്പെടെയുള്ള തുകയാണ് കുടിശ്ശികയായുള്ളത്. കേന്ദ്രഫണ്ട് യഥാസമയം ലഭിക്കാത്തതാണ് കുടിശ്ശിക നൽകാൻ താമസിക്കുന്നതെന്നാണ് ഇതുവരെ സംസ്ഥാന സർക്കാർ പറഞ്ഞിരുന്ന ന്യായം. അതേസമയം ജനുവരി ഒമ്പതിന് കേന്ദ്രം ഫണ്ട് അനുവദിച്ചപ്പോൾ കേരളം ഫണ്ട് അനുവദിക്കുന്നതിനെ സംബന്ധിച്ച ഫയൽ 11ന് തൊഴിലുറപ്പു മിഷൻ ഡയറക്ടർ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചിരുന്നു.

എന്നാൽ ഈ ഫയലിപ്പോൾ സെക്രട്ടേറിയറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, സംസ്ഥാനവിഹിതം അനുവദിക്കുന്നത് വൈകിയാൽ കേന്ദ്ര ഫണ്ടിന്റെ അടുത്ത ഗഡു മുടങ്ങുമെന്ന് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം വിദഗ്ധ തൊഴിലാളികളുടെ വേതനം ഇനത്തിൽ വിവിധ ജില്ലകളിലായി 67.52 കോടി രൂപയുടെ കുടിശികയുണ്ട്. ഇതിൽ 31 കോടി രൂപയും മുൻ വർഷത്തേതാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ ആസ്തി വികസന പദ്ധതികൾക്കാണ് മുൻതൂക്കം നൽകേണ്ടത്. ഇത്തരം പദ്ധതികളേറ്റെടുക്കണമെങ്കിൽ സാധനസാമഗ്രികളുടെ ഉപയോഗം അനിവാര്യമാണ്. നേരത്തേയുള്ള കുടിശ്ശിക കിട്ടാത്തതിനാൽ സാധനങ്ങൾ വിതരണം ചെയ്യാൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കച്ചവടക്കാർ തയ്യാറാകുന്നില്ലെന്ന് ഗ്രാമപ്പഞ്ചായത്തുകൾ പറയുന്നു. കൂടാതെ, പ്രവൃത്തിസ്ഥലത്ത് സ്ഥിരമായ ബോർഡുകൾ ഉൾപ്പെടെയുള്ളവ കേന്ദ്ര നിബന്ധനകൾപ്രകാരം സ്ഥാപിക്കാനും കഴിയുന്നില്ല.

തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ കുടിശ്ശികയാണ് ഓരോ ജില്ലയിലും ഉള്ളത്. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ. 14.62 കോടി രൂപ.


തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക

ആലപ്പുഴ 14.62 കോടി

തൃശ്ശൂർ 7.72 കോടി

തിരുവനന്തപുരം 7.63 കോടി

എറണാകുളം 5.78കോടി

മലപ്പുറം 5.25 കോടി

ഇടുക്കി 4.60 കോടി

കോഴിക്കോട് 4.28 കോടി

പത്തനംതിട്ട 3.66 കോടി

കോട്ടയം 3.53 കോടി

പാലക്കാട് 3.13 കോടി

കണ്ണൂർ 2.56 കോടി

കൊല്ലം-2.20 കോടി

വയനാട് 2.00 കോടി

കാസർകോട് 56 ലക്ഷം