മലപ്പുറം: ''സ്ത്രീക്കും പുരുഷനും ഖുറാനിൽ തുല്യപ്രധാന്യമാണ് നൽകുന്നത്. പുരുഷന്മാർ സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ ഭർത്താവ് എന്ന് പോലും ഖുറാനിൽ പരാമർശിച്ചിട്ടില്ല,'', ഇതാണ് ജാമിദയുടെ നിലപാട്. ജാമിദ ആരെന്ന് വ്യക്തമായില്ലെങ്കിൽ, വണ്ടൂരിലെ ഖുറാൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറിയാണ് ഈ ധീരവനിത.

കഴിഞ്ഞ ദിവസം, ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി മലപ്പുറത്ത് ജാമിദ ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി. മ ജാമിദയാണ് ഇമാം ആയത്. ഖുറാൻ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്‌കാരം.

മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നൽകുന്നത്. എന്നാൽ, ഇത്തരം കീഴ് വഴക്കം ഖുറാനിൽ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ വാദം.

എന്നാൽ, ഒരു സ്ത്രീ നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്ന് വധഭീഷണി ഉൾപ്പെടെയുള്ള വെല്ലുവിളികളാണ് ജാമിദയ്ക്ക് ഉണ്ടായിരിക്കുന്നത്.മറ്റു സ്ഥലങ്ങളിലേക്കും ഈ സമ്പ്രദായം വ്യാപിപ്പിക്കുമെന്ന് ജാമിദ വ്യക്്തമാക്കി.

അമേരിക്കയിലെ മുസ്ലിം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്‌കാരത്തിന് നേതൃത്വം നൽകിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയിൽ നടപ്പാക്കാനാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.