കൽപ്പറ്റ: എൻ.ഡി.എ സ്ഥാനാർത്ഥിയായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനുവിന് ലഭിച്ച വധഭീഷണിക്കത്ത് ഇലക്ഷൻ സ്റ്റണ്ടെന്ന് പൊലീസിന് സംശയം. സിപിഐ(എം) കോടിയേരി ടൈഗർ ഫോഴ്‌സ് തലശ്ശേരി എന്ന പേരിലാണ് കത്ത്.

'സി.കെ. ജാനു ബത്തേരിയിൽ മത്സരിച്ചാൽ വധിക്കപ്പെടും. ഒഞ്ചിയത്ത് ചന്ദ്രശേഖരനെ വധിച്ച ഗുണ്ടകളെ ബത്തേരിമുത്തങ്ങഗുണ്ടൽപേട്ട പരിസരത്തേക്ക് അയച്ചിട്ടുണ്ട്. സിപിഎമ്മിന് വോട്ടു കുറഞ്ഞാൽ ജാനുവും കുടുംബവും ആക്രമിക്കപ്പെടുമെന്നാണ് കത്തിലുള്ളത്. സി.കെ. ജാനു, ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ്, മുത്തങ്ങ, വയനാട് എന്ന വിലാസത്തിലാണ് കത്തയച്ചത്. മുത്തങ്ങ പോസ്റ്റ് ഓഫിസിലത്തെിയ കത്ത് ജാനു താമസിക്കുന്ന പനവല്ലിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എവിടെനിന്നാണ് പോസ്റ്റ് ചെയ്തതെന്ന് അവ്യക്തമാണ്. മാനന്തവാടി, പനവല്ലി, സുൽത്താൻ ബത്തേരി പോസ്റ്റ് ഓഫിസുകളുടെ സീൽ കവറിന് പുറത്തുണ്ട്.

സംഭവത്തില എൻ.ഡി.എ നേതാക്കളുടെ പരാതിയിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തു. എസ്.ഐ ബിജു ആന്റണിക്കാണ് അന്വേഷണച്ചുമതല. പ്രാഥമികാന്വേഷണത്തിൽ ഇതുപോലൊരു സംഘടനയില്‌ളെന്നാണ് ബോധ്യപ്പെട്ടത്. മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലൊരു ഭീഷണിക്കത്ത് ഒരു രാഷ്ട്രീയപാർട്ടിയും എഴുതകയുമില്‌ളെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ തന്നെ ജാനുവിന് പ്രചാരണംകൊടുക്കാൻ അവരുടെതന്നെ അണികളിൽ ആരെങ്കിലും പടച്ചുവിട്ട കത്താണിതെന്നാണ് പൊലീസ് കരുതുന്നത്.എന്ന ജാനുവിനുണ്ടായ വധഭീഷണി പ്രചാരണ ആയുധമാക്കാനാണ് ബിജെപി തീരുമാനം.

സി.കെ. ജാനുവിനുനേരെ ഉയർന്ന വധഭീഷണി ഗൗരവത്തിലെടുക്കുന്നുവെന്നും ജാനുവിന് സുരക്ഷിതത്വം നൽകാനും ഭീഷണിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലത്തെിക്കാനും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എൻ.ഡി.എ നേതാക്കൾ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി. മധു, ജനാധിപത്യ രാഷ്ട്രീയ സഭ വർക്കിങ് ചെയർമാൻ ഇ.പി. കുമാരദാസ്, കെ.കെ. രാജപ്പൻ, സി.കെ. നാരായണൻ, പി.വി. മത്തായി എന്നിവർ പങ്കെടുത്തു.

അതേസമയം, സി.കെ. ജാനുവിനെതിരെ ഉണ്ടായെന്ന് പറയപ്പെടുന്ന വധഭീഷണിയിൽ സിപിഎമ്മിന് പങ്കില്‌ളെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ പറഞ്ഞു. ആരോപണം കേവലം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണോയെന്ന് വ്യക്തമല്ല. സിപിഎമ്മിന് ടൈഗർ ഫോഴ്‌സുകളില്ല. ഏത് വിധത്തിലുള്ള അന്വേഷണവും പാർട്ടി സ്വാഗതം ചെയ്യുന്നു. സി.കെ. ജാനുവിന്റെ സ്ഥാനാർത്ഥിത്വം ഒരു വിധത്തിലും ഇടതുമുന്നണിക്ക് ഭീഷണിയായി കരുതുന്നില്‌ളെന്നും ശശീന്ദ്രൻ പ്രതികരിച്ചു.