തൃശൂർ: ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. വിവരാവകാശപ്രവർത്തകൻ ജോയ് കൈതാരത്തിനെയാണ് കാറിലെത്തിയ സംഘം അപായപ്പെടുത്താൻ ശ്രമിച്ചത്.

മീഡിയ വൺ ചാനൽ ചർച്ച കഴിഞ്ഞു മടങ്ങവെയാണ് ആക്രമിക്കാൻ ശ്രമമുണ്ടായത്. മഹീന്ദ്ര കാറിൽ പിന്തുടർന്നെത്തിയ ഗുണ്ടാസംഘമാണ് ആക്രമണത്തിനു ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോയ് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പാറ്റൂർ കേസിലെ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ രാത്രി മീഡിയ വണ്ണിൽ നടന്ന ചർച്ച. ചർച്ചയിൽ പങ്കെടുത്ത് മീഡിയ വൺ ഏർപ്പെടുത്തിയ കാറിൽ തിരികെ വിട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് നമ്പർ മറച്ച ഒരു മഹിന്ദ്ര കാർ ജോയിയുടെ കാറിനെ പിന്തുടർന്നത്. കാർ ഡ്രൈവറാണ് ഇക്കാര്യം ജോയിയുടെ ശ്രദ്ധയിൽ പെടുത്തിയത്. വഴിമാറി വീടിനടുത്തെത്തിയപ്പോഴേക്കും ഈ സംഘം പിന്നാലെയെത്തിയെന്ന് ജോയ് പറഞ്ഞു.

ബോബി ചെമ്മണൂർ ഏൽപ്പിച്ച ക്വട്ടേഷൻ സംഘമാണ് തന്നെ പിന്തുടർന്നതെന്നും ജോയ് കൈതാരത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് ബോബി ചെമ്മണൂരിനെതിരെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

സ്വർണവ്യാപാരത്തിന്റെ മറവിൽ ബോബി ചെമ്മണ്ണൂർ എന്ന സ്വർണവ്യാപാരിയുടെ തട്ടിപ്പു പദ്ധതികൾക്കെതിരെ അധികാരകേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിൽ എന്നോടു ബോബി ചെമ്മണ്ണൂരിനു വ്യക്തിവൈരാഗ്യം ഉണ്ടെന്നു ജോയ് പരാതിയിൽ പറയുന്നു. തൃശൂർ മണ്ണുത്തിക്കടുത്തു സ്ഥാപിക്കുമെന്നു പറയുന്ന ഓക്‌സിജൻ സിറ്റിയെന്ന തട്ടിപ്പു പദ്ധതിയിലൂടെ 6000 കോടി രൂപ തട്ടിച്ചെടുക്കുന്നുവെന്ന കാര്യവും പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ തനിക്കെതിരെ ബോബി ചെമ്മണ്ണൂരിനു വൈരാഗ്യമുണ്ടെന്നാണു ജോയ് കൈതാരത്തു പരാതിയിൽ വ്യക്തമാക്കുന്നത്.