കാസർഗോഡ്: തീവ്ര വർഗീയ സ്വഭാവമുള്ള കൊലപാതകങ്ങളും വധശ്രമങ്ങളും കാസർഗോഡ് ജില്ലയിൽ ഏറിവരുന്നു. ഈ വർഷം ഇത്തരത്തിലുള്ള രണ്ടു സംഭവങ്ങളാണ് ജില്ലയിൽ നടന്നത്. വിദേശരാജ്യങ്ങളിൽ ആസൂത്രണം ചെയ്തതും അല്ലാത്തതുമായ കൊലപാതകങ്ങൾ കാസർഗോഡു ജില്ലയിലെ സമാധാന പ്രേമികളുടെ ഉറക്കം കെടുത്തുന്നു.

വർഗീയസ്വഭാവമുള്ള ഇത്തരം സംഭവങ്ങളെ തലനാരിഴകീറി പരിശോധിക്കാൻ പൊലീസും ഭരണകൂടവും തയ്യാറാകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണ്. രാഷ്ട്രീയസംഘർഷങ്ങളും തെരഞ്ഞെടുപ്പും മാത്രം പൊതുവിഷയമാകുമ്പോൾ ഇത്തരം കൊലപാതകങ്ങളും അക്രമങ്ങളും തടയാനുള്ള ബാധ്യതയിൽ നിന്നും ജില്ലാ ഭരണകൂടം മാറിനിൽക്കുന്ന സമീപനം ഇതാവർത്തിക്കുന്നതിനു കാരണമാവുകയാണ്. കുറ്റകൃത്യം നടന്നാൽ മാത്രം ഉണ്ടാകുന്ന പൊലീസ് സംവിധാനം കുറ്റങ്ങൾ തടയാൻ കൂടി സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ടെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണ്.

പതിനേഴിനും ഇരുപത്തിമൂന്നിനും ഇടയിലുള്ളവരാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഏറെയുള്ളതെന്നാണ് വസ്തുത. പല കൊലപാതകങ്ങളും ആക്രമങ്ങളും വിദേശത്തുനിന്നുള്ള നിർദേശപ്രകാരം ചെയ്യുന്നവയും. ഈ വർഷമാദ്യം സൈനുൾ ആബിദ് എന്ന ചെറുകിട കച്ചവടക്കാരന്റെ കൊലപാതകം നാടിനെ ഞെട്ടിക്കുന്നതായിരുന്നു. മധൂർ പഞ്ചായത്തിലെ ബട്ടംപാറയിൽ കടയിൽ ഇരിക്കവെ ഒരു സംഘം പേർ എത്തി വടിവാളും കത്തിയുമുപയോഗിച്ച് ആബിദിനെ വെട്ടുകയായിരുന്നു. തൽക്ഷണം കടയിൽ വച്ചു തന്നെ ആബിദ് കൊല്ലപ്പെട്ടു. ഈ കേസിലെ പ്രതികൾ ആർ.എസ്.എസുകാരായിരുന്നു. ആർ.എസ്. എസ്. അനുഭാവിയായിരുന്ന സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആബിദ് എന്നാരോപിച്ചായിരുന്നു കൊല നടത്തിയത്. ആസൂത്രിതമായി നടത്തിയ ഈ കൊലപാതകം കാസർഗോഡിന്റെ ഉറക്കം കെടുത്തിയിരുന്നു.

സംഭവത്തെത്തുടർന്ന് കാസർഗോഡ് പൊലീസ് ഉണർന്നു പ്രവർത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാൽ അകത്തുനിന്നു വീണ്ടും വർഗീയതയുടെ പുക പടരുന്നുണ്ടായിരുന്നു. കഴിഞ്ഞ 12- ാം തീയതി ഓട്ടോ ഡ്രൈവറായ മറ്റൊരു സന്ദീപിനെ വധിക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് കാസർഗോഡിന് വീണ്ടു മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. പുലർച്ചെ രണ്ടു മണിക്ക് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം നിർത്തിയിട്ട ഓട്ടോയിലിരുന്ന സന്ദീപിനെ പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾ കൊല്ലപ്പെട്ടെന്നു കരുതിയാണ് അക്രമികൾ സ്ഥലം വിട്ടത്. ഗുരുതരമായി വെട്ടേറ്റു കിടന്ന സന്ദീപിനെ ആരോ ആശുപത്രിയിലാക്കി. ഇപ്പോഴും ഇയാൾ ആശുപത്രിയിൽ കഴിയുകയാണ്. സന്ദീപ് വധശ്രമക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഗൾഫിൽ നിന്നും വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപ. മുൻകൂറായി 3 ലക്ഷം രൂപയും നൽകിയിരുന്നു. സംഭവം നടന്ന ശേഷം പ്രതിഫലം നൽകുന്ന കാര്യത്തിൽ പ്രതികളും ഗൂഢാലോചനക്കാരും തമ്മിൽ വാട്‌സ് ആപ്പ് തർക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ കേസിൽ അറസ്റ്റിലായ ഉളിയത്തടുക്ക സ്വദേശി ഗൾഫുകാരൻ മുസ്തഫ വഴിയാണ് അഡ്വാൻസ് തുക പ്രതികൾക്ക് ലഭിച്ചത്. ബൈക്കുമായി എത്തി കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാനൊരുങ്ങുമ്പോൾ ബൈക്ക് ചെരിയുകയും ഷേഡോ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞത്. പ്രതികൾ എറണാകുളത്തെത്തിയെന്നറിഞ്ഞ പൊലീസ് അവിടെവച്ച് ഒരു പ്രതിയെ പിടികൂടി. ഇത് മറ്റുള്ളവരിലേക്ക് വഴിതെളിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സൂത്രധാരൻ നെല്ലിക്കുന്നിലെ അഫ്രാസാണെന്ന് വിവരം ലഭിച്ചത്. ഇയാൾ ജയചന്ദ്രൻ വധക്കേസിലെ പ്രതിയാണ്. ഇയാളുടെ വാട്‌സ് ആപ്പ് പരിശോധിച്ചപ്പോൾ ഗൂഢാലോചനയും ചർച്ചയും വ്യക്തമായി. സംഭവത്തിൽ പള്ളം സ്വദേശിയായ ഒരു 17 കാരനും ഉൾപ്പെട്ടിട്ടുണ്ട്. വധശ്രമത്തിനുപയോഗിച്ചവർ ഒരു ഇൻഡികാ കാർ, സ്വിഫ്റ്റ് കാർ, പൾസർ ബൈക്ക്, എന്നിവയും ഉപയോഗിച്ചു. കോടതിയിൽ ഹാജരാക്കിയ അറഫാത്ത്, ഇസ്മായിൽ, മുസ്തഫ, റുമൈസ്, ജുനൈദ്, എന്നിവരെ റിമാന്റ് ചെയ്തു.

നാലു വർഷം മുമ്പ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയാണ് കാസർഗോഡ് നടന്നത്. ഇരു വിഭാഗങ്ങളിലും പെട്ട ആറു പേർ കൊലചെയ്യപ്പെട്ട സംഭവമായിരുന്നു അത്. അന്ന് രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും മുൻകൈയെടുത്ത് സമാധാന ചർച്ചകളും വർഗ്ഗീയ വിരുദ്ധ നടപടികളും എടുത്തിരുന്നു. ജനങ്ങൾക്ക് സുരക്ഷക്കായി നഗര പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകളും പൊലീസ് സാന്നിധ്യവും ഏർപ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ട കൊലപാതകവും അക്രമങ്ങളും കാസർഗോഡിന് വീണ്ടും അശാന്തി പടരാനിട വരരുത്. ജില്ലാ ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചിരുന്ന് സമാധാനം നിലനിർത്തേണ്ടത് അനിവാര്യമായിരിക്കയാണ്. ആ നിലക്കുള്ള ചർച്ചകൾ ഇനിയും ഉണ്ടായിട്ടില്ല. ജനങ്ങൾ ഇരുട്ടും മുമ്പേ വീട്ടിലെത്തേണ്ട അവസ്ഥയാണിന്ന്. നഗരം വിട്ട് ഓട്ടോയും ടാക്‌സിയും ലഭ്യവുമല്ല. ഫലത്തിൽ ഒടുവിലത്തെ സംഭവത്തോടെ കാസർഗോഡുകാരിൽ ഭീതി പടർന്നിരിക്കയാണ്. നടപടി എടുക്കേണ്ടവർ കൈയും കെട്ടി നോക്കി നിൽക്കുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു.