- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഫക്കെട്ടിനു ചികിത്സ തേടി എത്തിയ വിദ്യാർത്ഥിയെ ഡോക്ടർ അഡ്‌മിറ്റ് ചെയ്തു; കുത്തിവെപ്പു നൽകിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു; മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വീഴ്ച്ച പറ്റിയത് ക്ലിനിക്കിനെന്ന് കണ്ടെത്തൽ; ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
നാദാപുരം: കോഴിക്കോട് നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. കുത്തിവയ്‌പ്പിനിടെയാണ് വിദ്യാർത്ഥി മരിച്ചത്. ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിങ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിങ് പാട്‌നർ മുടവന്തേരി സ്വദേശി റഷീദ്, നഴ്‌സ് പേരോട് സ്വദേശിനി ഷാനി എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 14നാണ് സംഭവം. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ്‌ദേവ് (12) ആണ് മരിച്ചത്. മാതാവിനൊപ്പം കഫക്കെട്ടിനു ചികിത്സ തേടി എത്തിയ തേജ്‌ദേവിനെ ക്ലിനിക്കിൽ അഡ്‌മിറ്റ് ചെയ്യുകയാണ് ഉണ്ടായത്. നഴ്‌സ് കുത്തിവപ്പ് നൽകിയതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ശ്വാസ തടസമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, അധികൃതരുടെ പിഴവാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് ഡിഎംഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിനു വീഴ്ച പറ്റിയതായി കണ്ടെത്തി.
ഷാനിക്ക് മതിയായ യോഗ്യത ഇല്ലെന്നും വിദ്യാർത്ഥിയെ ക്ലിനിക്കിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ രക്ഷിതാവിന്റെ സമ്മത പത്രം വാങ്ങിയില്ലെന്നും കണ്ടെത്തി. മതിയായ യോഗ്യതയില്ലാത്ത ഷാനിക്ക് നഴ്‌സായി ക്ലിനിക്കിൽ ജോലി നൽകിയതിനും കുത്തിവയ്‌പ്പ് നൽകാൻ ചുമതലപ്പെടുത്തിയതിനുമാണ് ഡോക്ടറും മാനേജിങ് പാട്‌നറും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 304 (എ) പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിടുകയാണ് ഉണ്ടായത്.
മറുനാടന് ഡെസ്ക്