സന: മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത് അൽ ഖ്വയ്ദ തീവ്രവാദികളെന്നു റിപ്പോർട്ടുകൾ. ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരർ പിടിയിലായെന്നും റിപ്പോർട്ടു പുറത്തുവന്നു.

തെക്കൻ യെമനിലെ ഏഡനിൽ നിന്നാണു മലയാളി പുരോഹിതൻ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. സമീപ പ്രദേശത്തെ സൈല എന്ന പ്രദേശത്ത് നിന്നാണ് ഇവർ പിടിയിലായത്. അറസ്റ്റ് വിദേശകാര്യ മന്ത്രാലയം സ്ഥരീകരിച്ചെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ടോം ഉഴുന്നാലിലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അൽഖ്വയ്ദ പ്രവർത്തകരാണ് പിടിയിലായത്. ഏഡനിലെ ഷേഖ് ഓത് മാനിലെ മോസ്‌ക് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. വയോധികസദനത്തെ മതപരിവർത്തനത്തിന്റെ കേന്ദ്രമാക്കിയതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പിടിയിലായവർ നൽകിയിരിക്കുന്ന മൊഴിയെന്നാണു റിപ്പോർട്ട്. ഭീകരരുടെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വയോധികസദനം ആക്രമിച്ച് പതിനാറ് പേരെ കൊലപ്പെടുത്തിയ കാര്യം പിടിയിലായവർ കുറ്റസമ്മതം നടത്തി. സമീപത്തെ മോസ്‌ക്കിലെ ഇമാമിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും പിടിയിലായവർ പറഞ്ഞതായും റിപ്പോർട്ടുണ്ട്. മാർച്ച് നാലിനാണ് ഏഡനിലുള്ള ഒരു വയോധികസദനത്തിൽ നിന്നും സലേഷ്യൻ ഡോൺ ബോസ്‌കോ പുരോഹിതനായ ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. പുരോഹിതനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. മിഷിനിറി ഓഫ് ചാരിറ്റിയുടെ കീഴിലുള്ള വയോധികസദനത്തിൽ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരിയായ കന്യാസ്ത്രീ അടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്ത് ആഭ്യന്തരയുദ്ധം തുടരുമ്പോൾ യെമനിലെ ഇന്ത്യൻ എംബസി ആഫ്രിക്കൻ രാജ്യമായ ജിബൂത്തിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. വടക്കൻ യെമൻ ഷിയാ വിമതരുടേയും തെക്കൻ യെമൻ ഐഎസ്, അൽഖ്വയ്ദ ഭീകരരുടേയും പിടിയിലാണ്.

നേരത്തെ, ഫാ. ടോം ഉഴുന്നാലിലിനെ മർദിക്കുന്ന വീഡിയോ പുറത്തുവന്നു. നരച്ച താടിയും മുടിയും നീട്ടി വളർത്തിയ വൈദികന്റെ ചിത്രം സഹിതം ഫേസ്‌ബുക്കിലും നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞയാഴ്ച ടോമിന്റെ വീഡിയോ പുറത്തുവന്നത്.

ഭീകരരിൽ നിന്നു ജീവൻ രക്ഷിക്കണമെന്നു യാചിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിൽ വൈകിട്ടോടെ പ്രത്യക്ഷപ്പെട്ടത്. താടിയും മുടിയും നീട്ടി വളർത്തിയ ചിത്രം സഹിതമാണു ഫേസ്‌ബുക്ക് പോസ്റ്റ്. സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോ ഉടൻ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്യുമെന്നു ടോം ഉഴുനാലിലിന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു വീഡിയോയും പ്രചരിച്ചത്. ഈ വീഡിയോയിൽ ഉള്ളത് അദ്ദേഹം ആണെന്നും അല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. ദുരൂഹതകൾ നിലനിൽക്കുന്നതിനിടെയാണ് ടോമിനെ തട്ടിക്കൊണ്ടു പോയ ഭീകരർ പിടിയിലായതായി വാർത്തകൾ പുറത്തുവന്നത്.