- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചതിലെ ദുരൂഹത നീങ്ങുന്നു. വെമ്പായത്ത് കീഴാമലക്കൽ ഷിബുവാണ്(32) കഴിഞ്ഞ ദിവസം മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാക്കി വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് സുഹൃത്തുക്കൾ മുങ്ങിയെന്നായിരുന്നു ബന്ധുക്കളുടെ പരാതി. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ദിവസമാണ് ഇവരുടെ വീട്ടിലെ ടെറസിൽ നിന്ന് ഷിബു വീണത്. വീഴുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായി.
വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), വെൺപാലവട്ടം കുന്നിൽ വീട്ടിൽ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ഷിബുവിന് മതിയായ ചികിൽസ നൽകാതെ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവർ ആദ്യം മൊഴി നൽകിയത്. കല്യാണ ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചപ്പോൾ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസിൽവച്ച് ആറോളംപേർ ചേർന്നു മദ്യപിച്ചതായി പൊലീസിനു അന്വേഷണത്തിൽ വ്യക്തമായി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. യുവാവ് ടെറസിൽനിന്നു വീഴുന്ന ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികൾ ഇറങ്ങുന്നതിനിടെ ഷിബു മുകളിൽനിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകൾ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാർന്നു മരിച്ചു.
സുഹൃത്തുക്കൾ ചേർന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പരിശോധനകൾക്ക് നിൽക്കാതെ പുലർച്ചെ മൂന്നു മണിയോടുകൂടി ഓട്ടോയിൽ കയറ്റി ഷിബുവിനെ ഇവർ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാർജ് വാങ്ങുന്നതെന്നാണ് മെഡിക്കൽ കോളജിൽ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികൾ നൽകിയത്.
കയ്യിൽ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിയിരുന്നില്ല. അപ്പോൾ ഷിബുവിന്റെ അമ്മൂമ്മ മാത്രാമണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടത്. സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ