ന്യൂഡൽഹി: ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ നടത്തിയ റെയ്ഡിൽ മൂന്നരക്കോടി രൂപയും സ്വർണവും പിടികൂടി. ജാർഖണ്ഡ് ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ തപസ് കുമാർ ദത്തയുടെ കോൽക്കത്തയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് മൂന്നരക്കോടി രൂപയും അഞ്ചു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തത്.

ഇയാളുമായി ബന്ധമുള്ള 23 ഇടങ്ങളിലാണ് സിബിഐ സംഘം റെയ്ഡ് സംഘടിപ്പിച്ചത്. തപസ് കുമാർ ദത്തയ്‌ക്കെതിരേ നേരത്തെ സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്വർണത്തിന് ഒന്നരക്കോടി രൂപയ്ക്കടുത്ത് വിപണിയിൽ വിലയുണ്ട്.

കോൽക്കത്തയിൽ സർവീസിലിരിക്കെ വൻതുക കൈക്കൂലി വാങ്ങി വ്യാപാരികൾക്കു വ്യവസായികൾക്കും ഉപകാരങ്ങൾ ചെയ്തു നൽകിയെന്നാണ് തപസ് കുമാർ ദത്തയ്‌ക്കെതിരായ കേസ്.