കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഓടയിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു. കോഴിക്കോട് പാളയത്താണ് സംഭവം. ഓട വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഇവർ അപകടത്തിൽപ്പെട്ടതറിഞ്ഞ് രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്‌യുഡിപിയിലെ കരാർ തൊഴിലാളികളായ നരസിംഹം, ഭാസ്‌ക്കർ എന്നീ ആന്ധ്രാ സ്വദേശികളും കോഴിക്കോട് കരുവാശ്ശേരി സ്വദേശി നൗഷാദുമാണ് ദാരുണമായി മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് പാളയം തളി ജയ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം ഉണ്ടായത്. 12 അടിയോളം താഴ്‌ച്ചയുള്ള ഓടയിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമായില്ലാതെ ഇറങ്ങിയ രണ്ട് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഇവർ വിഷവാതകം ശ്വസിച്ചും ശുദ്ധവായു കിട്ടാതെയുമായി കുഴഞ്ഞു വീഴുകയായിരുന്നു. ഇതു കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോഴാണ് ഓട്ടോ ഡ്രൈവറായ കരുവാശ്ശേരി സ്വദേശിയായ നൗഷാദ് അപകടത്തിൽപെട്ടത്. ഇവരെ ഫയർഫോഴ്‌സ് എത്തി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

മൂവരേയും ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെടുക്കാനായത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴും ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കരാർതൊഴിലാളികളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലും ഓട്ടോ ഡ്രൈവറുടെ മൃതദേഹം ബീച്ച് ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.

12 അടി താഴ്ചയുള്ള മാൻഹോളിൽ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികൾ അഴുക്കുചാലിൽ ഇറങ്ങിയത്. ഫയർഫോഴ്‌സ് എത്തിയ ശേഷം ഓക്‌സിജൻ ഓടയിലേക്ക് പമ്പു ചെയ്ത ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ലഭിതമായ മുൻകരുതൽ പോലും എടുത്താത്തതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് കലക്ടർ പ്രശാന്ത് അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി എം കെ മുനീറും അറിയിച്ചു.