ന്യുഡൽഹി: കോൺഗ്രസിൽ നിലവിലെ പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കും പ്രധാന കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് തുറന്നടിച്ച് മുൻ കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ നട്വർ സിങ്. നിലവിലെ സാഹചര്യം ഒട്ടും അഭികാമ്യമല്ലെന്നും അതിന് മൂന്ന് വ്യക്തികളാണ് ഉത്തരവാദികളെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

പരിതാപകരമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. പാർട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന രാഹുൽ ഗാന്ധിയാണ് അതിലൊരാളെന്നും നട്വർ സിങ് പറഞ്ഞു.

 

പാർട്ടിയിൽ മാറ്റം സംഭവിക്കാൻ മൂന്ന് ഗാന്ധിമാർ ഒരിക്കലും അനുവദിക്കില്ലെന്ന് സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ലക്ഷ്യംവെച്ചുകൊണ്ട് നട്വർ സിങ് പറഞ്ഞു. സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു 25 വർഷത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന് വിരാമമിട്ട് നട്വർ സിങ് കോൺഗ്രസ് വിട്ടത്.

നട്വർ സിങ്ങിന്റെ ഭാര്യാസഹോദരൻ കൂടിയായ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിൽ കടുത്ത അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ആത്മാഭിമാനമുള്ള ഏതൊരു വ്യക്തിയും അത്തരമൊരു സാഹചര്യത്തിൽ രാജിവെക്കുമെന്നും നട്വർ സിങ് പറഞ്ഞു.

അമരീന്ദർ പാർട്ടി വിടുമോ എന്നുള്ള കാര്യം തനിക്ക് അറിയില്ല. അമരീന്ദർ സിങ് പാർട്ടിയിൽ ചേരുന്ന സമയത്തെ കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ്.

ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടികളിൽ ഒന്നായിരുന്നു കോൺഗ്രസെന്നും എന്നാൽ നിലവിലെ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്നും അമരീന്ദർ പാർട്ടി വിടുമോ എന്ന ചോദ്യത്തിന് മറുപടിയായി നട്വർ സിങ് പറഞ്ഞു.