ബദിയടുക്ക: കാസർകോട് അഡ്യനടുക്കയിൽ സഹോദരിമാർ ഉൾപ്പെടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കാമ്പറബെട്ടുവിലെ ഹാഷിം-സുഹറ ദമ്പതികളുടെ മക്കളായ ഫാത്തിമത്ത് ഫസീല (11), മറ്റൊരു മകൾ ഫിദ (7), സുഹറയുടെ സഹോദരി അസ്മയുടെയും കാസിമിന്റെയും മകളായ മുംതാസ് (10), എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീടിനു സമീപത്തെ കുളത്തിലേക്ക് കുളിക്കാൻ പോയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെടുന്നത്. മുംതാസിന്റെ സഹോദരി ഏഴുവയസുകാരി ഫസ്നയും (7) ഇവർക്കൊപ്പമുണ്ടായിരുന്നു. മറ്റുള്ളവർ അപടത്തിൽ പെട്ടതോടെ ഫസ്‌ന നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.

ആളുകളെത്തി കുട്ടികളെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.