ഇടുക്കി: ഗോഡ്‌സ് ഓൺ കൺട്രിയിലെ പണക്കൊതിയന്മാരായ ടൂറിസ്റ്റ് മേലാളന്മാരെ വിശ്വസിച്ച് ഉല്ലാസയാത്രയ്ക്കിറങ്ങുന്ന വിനോദസഞ്ചാരികൾ അപരിചിതവഴിയിൽ അകാലത്തിൽ ജീവൻ പൊലിയുന്ന ദുരന്തദൃശ്യത്തിന്റെ ഒടുവിലത്തെ കാഴ്ചയാണ് ബുധനാഴ്ച ഗവിയിലുണ്ടായത്. ട്രെക്കിങ്ങിനിടെ പാഞ്ഞടുത്ത കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത് ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ. മൂന്നു മാസത്തിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ഗുജറാത്ത് സ്വദേശികൾ. സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപ ലാഭമുണ്ടാകുന്ന ടൂറിസം കച്ചവടത്തിൽ യാതൊരു സുരക്ഷയും പാലിക്കാതെയുള്ള അധികാരികളുടെ നടപടികൾ വിനോദസഞ്ചാര മേഖലയെ തകർക്കുകയാണ്. ഇവിടെ സഞ്ചാരികൾക്കു സർക്കസ് കൂടാരത്തിലെ ട്രെപ്പീസുകാരന്റെ അവസ്ഥയാണ്.

ഗുജറാത്തിൽനിന്ന് തേക്കടിയിലെത്തിയ ആറംഗസംഘത്തിൽപെട്ട അഹമ്മദാബാദ് കാൽതേജ് സ്വദേശിയും പ്രമുഖ ബിസനസുകാരനുമായ പുരുഷോത്തം ബംഗ്ലാവിൽ ഉപേന്ദ്ര പി. റാവൽ (52), ഭാര്യയും ഐ.എസ്.ആർ.ഒയിലെ ഉദ്യോഗസ്ഥയുമായ ജാബ്രിദി (50) എന്നിവരാണ് ദുരന്തത്തിനിരയായത്. ബുധനാഴ്ച പകൽ 12 മണിയോടെ ഗവിയിലെ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിനു കീഴിലെ നെല്ലിമലത്തോട് ഏലത്തോട്ടത്തിൽ മരിച്ചത്. റോഡിൽനിന്ന് അരകിലോമീറ്ററിലേറെ മാറിയാണ് അപകടസ്ഥലം. ദമ്പതികളെ അടിച്ചു വീഴ്‌ത്തിയ കാട്ടാന ഇവരുടെ ശരീരം ചവിട്ടി ഛിന്നഭിന്നമാക്കി. കലി തീരാതെ മൃതദേഹത്തിന് സമീപം നിലയുറപ്പിച്ച ആനയെ ഒരു മണിക്കൂറിനുശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ബഹളമുണ്ടാക്കി ഓടിച്ചാണ് മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആനയുടെ ചിത്രമെടുക്കാൻ ശ്രമിക്കുമ്പോഴാണ് ദമ്പതികളെ പാഞ്ഞെത്തിയ ആന ആക്രമിച്ചത്. കുട്ടിയാനയടക്കം നാല് ആനകളുടെ കൂട്ടത്തിന്റെ ചിത്രമെടുക്കാനാണ് ഇവർ ശ്രമിച്ചത്. ക്യാമറയുടെ ഫഌഷ് മിന്നിയതും കുട്ടിയാന ഒപ്പമുണ്ടായിരുന്നതുമാണ് ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. കുട്ടിയാന ഒപ്പമുള്ളപ്പോൾ ആനകൾ ആരെയും അടുപ്പിക്കാറില്ലെന്നു മാത്രമല്ല ആക്രമണകാരിയാകുകയും ചെയ്യുന്നത് സാധാരണമാണ്.

ആറംഗ ടൂറിസ്റ്റുകൾക്ക് കൂട്ടായി മൂന്ന് ഗൈഡുമാരെയാണ് നിയോഗിച്ചത്. ആനയും കാട്ടുപോത്തും കരടിയും കടുവയുമൊക്കെയുള്ള കാട്ടിനുള്ളിൽ അപകടത്തിൽനിന്നു രക്ഷപെടാൻ കാട്ടുമൃഗങ്ങളെ വിരട്ടിയോടിക്കാനുള്ള യാതൊരു ഉപകരണങ്ങളും ഗൈഡുമാരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഗവിയിലെത്തി ട്രെക്കിങ്ങിനിടെ രണ്ട് സംഘങ്ങളായാണ് സഞ്ചാരികൾ നീങ്ങിയത്. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമാണെങ്കിലും കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപറേഷനാണ് ഗവിയിൽ ബോട്ടിങ്ങും ട്രക്കിങ്ങും നടത്തുന്നത്. ഗുജറാത്ത് സംഘം ഗവിയിലെ ടൂറിസത്തിന് ആളൊന്നിന് 1200 രൂപ വീതം നൽകിയാണ് രാവിലെ കുമളിയിൽനിന്നും യാത്ര തിരിച്ചത്. ആനകളുടെ സ്ഥിരം താവളമായ മേഖലയിൽവച്ചാണ് അപകടമുണ്ടായത്. ആനയുടെ സാന്നിധ്യം നൂറുമീറ്റർ അകലെനിന്നു തിരിച്ചറിയാൻ കഴിയുന്നവരാണ് ഗൈഡുമാർ എന്നാണ് വയ്പ്. ആനകളുടെ ഗന്ധം (ആനച്ചൂര്), ചെവിയിളക്കുന്നതിന്റെയും വാൽ അടിക്കുന്നതിന്റെയും ശബ്ദം എന്നിവയും ഗൈഡുമാർക്ക് അറിയാനാകും. ആനകളിൽനിന്ന് 50 മീറ്റർ മാറിയെങ്കിലും നിൽക്കണം, ഫോട്ടോ എടുക്കുമ്പോൾ ഫഌഷ് പാടില്ല തുടങ്ങിയ അടിസ്ഥാന തത്വങ്ങൾപോലും പാലിക്കാതെയാണ് ടൂറിസ്റ്റുകളെ കൊലയ്ക്ക് കൊടുത്തത്.

കഴിഞ്ഞ വർഷം ഒക്ടോബർ 27ന് അടിമാലിക്കടുത്ത് ഇരുട്ടുകാനത്തുള്ള സ്വകാര്യ ആനസവാരി കേന്ദ്രത്തിൽ ഗുജറാത്ത് സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പ് കേരളത്തിലെത്തിയ ടൂറിസ്റ്റുകൾക്കുണ്ടായ ദുരന്തങ്ങളിലൊന്ന്. ഭർത്താവിന്റെ കൺമുമ്പിലാണ് ദീപാളി(ഡിമ്പിൾ)യെന്ന 27 കാരിയെ ആന ചവിട്ടിക്കൊന്നത്. ഇതേതുടർന്ന് ഇടുക്കി ജില്ലയിലെ മുഴുവൻ ആനസവാരി കേന്ദ്രങ്ങളും കളക്ടർ അടപ്പിച്ചെങ്കിലും പിന്നീട് ഒന്നൊന്നായി തുറന്നു. ട്രെക്കിങ്ങിന് സായുധരായ അകമ്പടിക്കാർ നിർബന്ധമാണെന്നും കലക്ടർ അറിയിച്ചെങ്കിലും ഇപ്പോൾ ഇതൊന്നും പാലിക്കാറില്ല. തോക്കുണ്ടെങ്കിൽ ആനകളെ വിരട്ടിയോടിക്കാൻ സഹായിച്ചേക്കും. എന്നാൽ ആക്രമണകാരികളായ ആനക്കൂട്ടങ്ങളും കരടിയും കാട്ടുപോത്തുമൊക്കെയുള്ള പെരിയാർ കടുവ സങ്കേതത്തിൽ ട്രെക്കിങ് മരണക്കളിയാണ്.

ഇടുക്കിയിലെ ടൂറിസം രംഗത്ത് നിലനിൽക്കുന്ന സുരക്ഷാവീഴ്ചകൾ പുറംലോകം അറിഞ്ഞു തുടങ്ങിയിട്ട് നാളേറെയായെങ്കിലും അധികാരികളുടെ അധരവ്യായാമം മാത്രമാണ് പരിഹാരം. 45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം അധികാരികളുടെ വീഴ്ച മൂലമാണെന്ന് വ്യക്തമായതാണ്. പിന്നീട് ബോട്ട് യാത്രയിൽ അനുവദനീയ അളവിൽ മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്നും ലൈഫ് ജാക്കറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവുണ്ടായിട്ടും പാലിക്കുന്നില്ല. പല ബോട്ടുകളിലും ആവശ്യത്തിന് ജാക്കറ്റുകൾ ഇല്ല. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താറുമില്ല.

മാട്ടുപ്പെട്ടിയിലും കുണ്ടളയിലും സ്പീഡ് ബോട്ടുകളും പെഡൽ ബോട്ടുകളും അമിതവേഗത്തിലോടിച്ച് അപകടങ്ങൾ പതിവാണ്. ഒരിക്കൽ കൂട്ടിയിടിച്ച ബോട്ടുകളിലൊന്ന് മറ്റൊന്നിന്റെ മുകളിൽ സ്ഥാനമുറപ്പിച്ചത് രണ്ടുവർഷം മുമ്പാണ്. സർക്കാർ ഏജൻസികളുടെ മാത്രം സർവീസുള്ള കുണ്ടളയിൽ മൂന്ന് വർഷം മുമ്പു ബോട്ട് യാത്രക്കാരിയായ വടക്കേയിന്ത്യൻ വനിത വെള്ളത്തിൽ വീണ് ഗുരുതര പരുക്കേറ്റിരുന്നു. അവരെ രഹസ്യമായി ആശുപത്രിയിൽ എത്തിച്ച അധികൃതർ അപകടവിവരം ഒരാഴ്ചയോളം മൂടിവച്ചു. മൂന്നാറിന്റെ പ്രത്യേകതകളിലൊന്നായ സാഹസിക വിനോദസഞ്ചാരത്തിന് അംഗീകാരമുള്ളത് ദേവികുളം അഡ്വഞ്ചർ അക്കാദമിക്ക് മാത്രമാണ്. എന്നാൽ ഇവിടെ സാഹസിക ടൂറിസം സ്വകാര്യവ്യക്തികളുടെ കുത്തകയായ മൂന്നാറിൽ പാരാഗ്ലൈഡിങ് നിരോധിച്ചത് ഏഴുവർഷം മുമ്പ് നിലവാരമില്ലായ്മമൂലം ഗ്ലൈഡർ തകർന്ന് പരിശീലകനായ പ്രദീപ് എന്ന മൂന്നാർ സ്വദേശി മരിച്ചതോടെയാണ്.

ട്രെക്കിങ്ങിന്റെ പേരിൽ 3000 മുതൽ മുകളിലേയ്ക്കാണ് സ്വകാര്യ ഏജൻസികൾ സഞ്ചാരികളിൽനിന്ന് വാങ്ങുന്നത്. ടൂറിസ്റ്റുകൾക്കൊപ്പം പോകുന്നവരിൽ പലരും ഈ രംഗത്ത് പരിചിതരല്ലാത്തവരാണ്. ഏറ്റവും ഉയരമുള്ള പുൽമേടായ ചൊക്രമുടിയിലേക്കും ഉയരമേറിയ കൊളുക്കുമല മുനമ്പിലേയ്ക്കും ഉൾവനങ്ങളിലേയ്ക്കും ട്രെക്കിങ്ങിന് സഞ്ചാരികളെ കൊണ്ടുപോകുന്നവർ കാട്ടുമൃഗങ്ങളെ വിരട്ടിയോടിക്കാൻപോലും സംവിധാനമില്ലാതെയാണ് ഇതൊക്കെ നടത്തുന്നത്. മൂന്നാറിലും തേക്കടിയിലുമൊക്കെ ടെന്റ് ക്യാമ്പ്, നൈറ്റ് ക്യാമ്പ് എന്നിവ കാടിനുള്ളിൽ സംഘടിപ്പിക്കുന്നതും സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ. കാട്ടുമൃഗങ്ങളെയും പ്രകൃതിദുരന്തങ്ങളെയും നേരിടാൻ സജ്ജീകരണങ്ങളില്ലാതെ പണമുണ്ടാക്കാൻ മാത്രമുള്ള വിനോദ സഞ്ചാരപരിപാടികളാണിവയൊക്കെ.

അഞ്ച് വർഷം മുമ്പ് തിരുവോണദിനത്തിൽ കുണ്ടള ഡാമിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കൾ മുങ്ങി മരിച്ചപ്പോൾ അവിടെ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തേറ്റവും കൂടുതൽ ഇടിമിന്നൽ ഏൽക്കുന്ന സ്ഥലമാണ് ഇടുക്കിയിലെ പീരുമേട് താലൂക്ക്. കഴിഞ്ഞ വർഷം രണ്ടുയുവാക്കൾ വാഗമൺ മൊട്ടക്കുന്നിൽ മിന്നലേറ്റു മരിച്ചതിന്റെ പിന്നാലെ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുമെന്നു പ്രഖ്യാപനം വന്നു. ഇതുവരെയും സ്ഥാപിച്ചില്ല. നൂറുകണക്കിന് ടൂറിസ്റ്റുകൾ നിത്യേനയെത്തുന്നുണ്ടെങ്കിലും റോഡുകളിൽ ആവശ്യത്തിന് ദിശാബോർഡുകൾ പോലും സ്ഥാപിക്കാൻ സർക്കാരിന് കഴിയുന്നില്ല. ടൂറിസം ഇവിടെ പണം കായ്ക്കുന്ന മരമാണ്.