കോട്ടയം: അഭയകേസിൽ 28 വർഷത്തിനുശേഷം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോൾ അത് നീതിക്കുവേണ്ടി പേരാാടിയ മൂന്ന് മൂൻകാല മജിസ്ട്രറ്റുകളുടെ കൂടി വിജയം ആവുകയാണ്. അഭയയെ കൊന്നതുതന്നെയാണ് പക്ഷേ പ്രതികളെ കണ്ടെത്താൻ കഴിയില്ല എന്ന നാണം കെട്ട നിലപാട് എടുത്ത സിബിഐക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിച്ചത് ഇവരുടെ നിശ്ചയ ദാർഢ്യം കൂടിയാണ്.

സിബിഐയെ വിമർശിക്കാൻ സുപ്രീം കോടതി പോലും ഒരുമ്പെടാതിരുന്ന കാലത്താണ് 1996ൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.കെ. ഉത്തരൻ സിബിഐയുടെ കള്ളക്കളിക്കെതിരെ നിർഭയമായി പ്രതികരിച്ചത്. അഭയ കേസ് കൊലപാതകമല്ല, വെറും ആത്മഹത്യയാണെന്ന് പറഞ്ഞുകൊണ്ട് കേസ് അവസാനിപ്പിക്കാൻ അനുമതി തേടിക്കൊണ്ട് സിബിഐ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയപ്പോൾ അന്ന് മജിസ്‌ട്രേറ്റായിരുന്ന കെ.കെ. ഉത്തരൻ പ്രതികരിച്ചത് ഇങ്ങനെയാണ്: സിബിഐയുടെ അന്വേഷണത്തിൽ എനിക്കൊട്ടും വിശ്വാസമില്ല. സംശയങ്ങൾ നിരവധി കാണാം കേസ് അവസാനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല നിങ്ങൾ വീണ്ടും അന്വേഷിക്കണം. നിഷ്പക്ഷമായി അന്വേഷിക്കണം.

ക്രിമിനൽ നടപടിക്രമം അനുസരിച്ച് കൂടുതൽ അന്വേഷണം നടത്താൻ മജിസ്‌ട്രേറ്റിന് ഉത്തരവിടാൻ അധികാരമുണ്ട്. ആ ഉത്തരവ് സിബിഐയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇന്ത്യയിൽ ആദ്യമായിട്ടാണ് സിബിഐയുടെ അന്വേഷണത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചത്. സിബിഐ. എന്നുവച്ചാൽ പൂർണമായും സത്യസന്ധമായ അന്വേഷണമാണെന്ന് ഇന്ത്യയിലെ ന്യായാധിപരും ജനങ്ങളും ധരിച്ചിരുന്ന കാലം.ഗത്യന്തരമില്ലാതെ സിബിഐ. സംഘം കേസ് വീണ്ടും അന്വേഷിക്കാൻ നിർബന്ധിതരായി. മുറുമുറുപ്പോടെ ഒന്നര വർഷത്തിന് ശേഷം വീണ്ടും അന്വേഷണ റിപ്പോർട്ടുമായി എത്തി. കേസ് അവസാനിപ്പിക്കാൻ വീണ്ടും അനുമതി തേടി.അപ്പോൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആന്റണി മൊറൈസ് ആയിരുന്നു. അദ്ദേഹവും കള്ളക്കളി കയ്യോടെ പിടിച്ചു. ഇല്ല, ഇതൊരു കൊലക്കേസ് തന്നെയാണെന്നാണ് തനിക്ക് ബോധ്യപ്പെടുന്നത്. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ സിബിഐ. നിൽക്കുന്നു. അതിനാൽ ശാസ്ത്രീയമായ അന്വേഷണത്തിന് തയ്യാറെടുക്കുക. അതിനുള്ള സംവിധാനം സിബിഐക്ക് ഉണ്ടല്ലോ. കേസ് വീണ്ടും സമർത്ഥരായവരെക്കൊണ്ട് ആധുനിക അന്വേഷണരീതികൾ ആശ്രയിച്ച് അന്വേഷിക്കാൻ ഉത്തരവിടുന്നു.

ആന്റണി മൊറൈസിന്റെ ഉത്തരവു കേട്ട് സിബിഐ. സംഘം വിറച്ചു. അവർ തലകുനിച്ച് മടങ്ങി. പലരും മാറിമാറി അന്വേഷിച്ചു. ഒടുവിൽ സിബിഐ. നിലപാട് മാറ്റി. ഇതൊരു കൊലപാതകമാണെന്ന് പറഞ്ഞു. പക്ഷെ തെളിവുകൾ നശിപ്പിക്കപ്പെട്ടുപോയി. അതിനാൽ പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. നിസ്സഹായമായ നിലപാട് സിബിഐ. അറിയിച്ചു.അപ്പോഴേക്കും 2007 ആയിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.ഡി. ശാർങ്ധരനായിരുന്നു. സിബിഐയെ അദ്ദേഹവും കയ്യോടെ കുടഞ്ഞു. തുറന്ന കോടതിയിൽവെച്ച് നിരവധി ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, സിബിഐക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. അദ്ദേഹം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽനിന്ന് സിബിഐ. ഡി.ഐ.ജിയും മറ്റും ഒരു ശനിയാഴ്ച അദ്ദേഹത്തിന്റെ ചേംബറിൽ എത്തി.

പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്നോ? കള്ളക്കളി അവസാനിപ്പിച്ച് പ്രതികളെ പിടികൂടാനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശാസന. ഡി.ഐ.ജി. പതറി.പിന്നീട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തുകൊണ്ട് വന്നത് ഇതേ സിബിഐ. തന്നെയാണ്. അവരെ കോടതി റിമാന്റ് ചെയ്തു. അപ്പോഴേക്കും കാലം മാറിക്കഴിഞ്ഞിരുന്നു. സിബിഐയുടെ കള്ളക്കളികൾ അഖിലേന്ത്യാ തലത്തിൽ തന്നെ നിരവധി കേസുകളിലൂടെ പല ഹൈക്കോടതികളും സുപ്രീം കോടതിയും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

കേസ് അവസാനിപ്പിക്കാൻ സിബിഐ. ആവശ്യപ്പെട്ടാൽ മജിസ്‌ട്രേറ്റുമാർ അനുസരിക്കുകയാണ് പതിവ്. അങ്ങനെ കെ.കെ. ഉത്തരൻ തല കുനിച്ചിരുന്നെങ്കിൽ ഈ കൊലപാതകം തെളിയാതെ പോകുമായിരുന്നു. അതുകൊണ്ടുതന്നെ നീതിയുടെ പക്ഷത്ത് നിൽക്കുന്ന ഈ മജിസ്ട്രറ്റുമാർക്കാണ് മനുഷ്യാവകാശ പ്രവർത്തകർക്കാണ് അവർ ഈ വിജയം സമർപ്പിക്കുന്നത്.