മലപ്പുറം: ജയിലിൽ വെച്ച് പരിചയപ്പെട്ട് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കൾ വൻ കവർച്ചക്ക് പദ്ധതിയിടുന്നതിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ പിടിയിൽ. തിരൂർക്കാട് ഓട് പറമ്പിൽ അജ്മൽ(25),തൃശൂർ ആറങ്ങോട്ടുകര കോഴിക്കാട്ടിൽ ഷൻഫിർ(36),മൂന്നിയൂർ ആലിൻചുവട് ഓല പിലാക്കൽ അബ്ദുല്ലത്തീഫ്(51)എന്നിവരെയാണ് കൊണ്ടോട്ടി സിഐ ബിജു,എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തിനകത്തും പുറത്തും ഒട്ടനവധി കേസുകളിൽ പ്രതികളാണ് മൂവരും. ഇവരിൽ അജ്മൽ നാലു മാസം മുമ്പും, ഷാൻഫീർ രണ്ടാഴ്ച മുമ്പും ജയിലിൽ നിന്ന് ഇറങ്ങിയവരാണ്. ഷൻഫീറിന് പാലക്കാട് നോർത്ത്, ഒറ്റപ്പാലം,വടക്കഞ്ചേരി,കോങ്ങാട്,ഏറ്റുമാനൂർ,മൈസൂര്,തുടങ്ങിയ സ്റ്റേഷനുകളിലും,അജ്മലിന് പെരിന്തൽമണ്ണ,കൊടുവള്ളി,നാട്ടുകല്ല്,മലപ്പുറം,കൊണ്ടോട്ടി,മഞ്ചേരി,കോട്ടക്കൽ,തിരൂരങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിലുമായി 25 ഓളം കേസുകൾ നിലവിലുണ്ട്.ലത്തീഫും നിരവധി സ്റ്റേഷനുകളിൽ കേസുണ്ട്.

പ്രതികൾ വീടുകളും കടകളും പൊളിച്ച് മോഷണം നടത്തുന്ന രീതിയും മലഞ്ചരക്ക് മോഷണവുമാണ് പതിവാക്കുന്നത്. വഞ്ചനാ കേസുകളും, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുണ്ട്. പകൽസമയത്ത് തുറന്നുവെച്ച മലഞ്ചരക്ക് കടകളിൽ ഉടമകൾ ഭക്ഷണത്തിനോ, പള്ളിയിലേക്കോ മാറി നിൽക്കുന്ന സമയത്ത് ചരക്കുകൾ മോഷണം നടത്തുന്ന പതിവുണ്ട്.

ഇവർ ജയിലിൽ വെച്ച് പരിചയപ്പെട്ട് പുറത്തിറങ്ങിയ ശേഷം വൻ കവർച്ച നടത്താൻ പദ്ധതിയിട്ടിരുന്നു. കൊണ്ടോട്ടിയിലെ ഒരു പ്രമുഖജൂവലറി കവർച്ച നടത്തുന്നതിനായിരുന്നു ഇവരുടെ പദ്ധതി എന്ന് പൊലീസിന് ബോധ്യമായി.ഇതിനുള്ള തയ്യാറെടുപ്പിൽ ഇടയിലാണ് പൊലീസ് തന്ത്രപൂർവം ഇവരെ വലയിലാക്കിയത്.

പ്രത്യേക അന്വേഷണ സംഘങ്ങളായ സത്യനാഥൻ മനാട്ട്,അബ്ദുൽ അസീസ്‌കാരിയോട്,ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്,പി സഞ്ജീവ്,കൊണ്ടോട്ടി സ്റ്റേഷനിലെ എസ് സി പി ഒ മാരായ മോഹനൻ, പ്രശാന്ത്,രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്