പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ ഗ്രാമവാസികൾ സംഘം ചേർന്ന് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസ്‌റുൾ ഹക്ക്, മുഹമ്മദ് സമറുദ്ദീൻ, നസീർ എന്നീ യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. നസ്‌റുളിനെ ഇസ്ലാംപുർ സബ്ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറ്റ് രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

പത്ത് പേരടങ്ങുന്ന മോഷണ സംഘം വ്യാഴാഴ്ച രാത്രിയോടെ വാനിലാണ് ഗ്രാമത്തിലേക്ക് എത്തിയത്. രണ്ട് വീടുകളിൽ നിന്നായി ഇവർ പശുക്കളെ അഴിച്ചെടുത്ത ശേഷം അടുത്ത വീട്ടിലേക്ക് കടക്കുമ്പോഴാണ് നാട്ടുകാർ വളഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഗ്രാമത്തിലുള്ളവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടപ്പോൾ ഇവർ മൂന്ന് പേരും പിടിയിലാകുകയായിരുന്നു. പശുക്കളെ മോഷ്ടിക്കുന്നത് വ്യാപകമായതിനാൽ ഗ്രാമവാസികൾ വളരെ കരുതലോടെയായിരുന്നു ഇരുന്നത്.