- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിന്റെ ബി ടീമായി പാർട്ടി മാറിയെന്ന് ആരോപണം; മെഹ്ബൂബ മുഫ്തിയുടെ പിഡിപിയിൽ നിന്ന് മൂന്ന് നേതാക്കൾ കൂടി രാജിവച്ചു
ശ്രീനഗർ: മെഹ്ബൂബ മുഫ്തിയുടെ പിഡിപിയിൽ നിന്ന് മൂന്ന് നേതാക്കൾ കൂടി രാജിവച്ചു. ദമാൻ ഭാസിൻ. ഫല്ലെയ്ൽ സിങ്, പ്രീതം കോട്വാൾ എന്നിവരാണ് രാജിവച്ചത്. ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിന്റെ ബി ടീമായി പാർട്ടി മാറിയെന്നാരോപിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്. മുഫ്തി മുഹമ്മദ് സയീദിന്റെ അനുയായികളായ തങ്ങൾക്ക് നാഷണൽ കോൺഫറൻസിന്റെ ബി ടീമായി മാറിയ പാർട്ടിയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടി വിടാനുള്ള കടുത്ത തീരുമാനം വളരെ ബുദ്ധിമുട്ടിയാണ് എടുത്തതെന്നും നേതാക്കൾ രാജിക്കത്തിൽ പറയുന്നു.
വർഗീയവും വിഭാഗീയവുമായ നീക്കങ്ങളെ തടയാനുള്ള കഴിവ് മുഫ്തി മുഹമ്മദ് സയീദിന് ഉണ്ടായിരുന്നു എന്ന് പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തങ്ങളുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് നാഷണൽ കോൺഫറൻസിന്റെ ബി ടീമായി പിഡിപി മാറി. അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിയ നാഷണൽ കോൺഫറൻസിന്റെ മതനിരപേക്ഷ ബദലായി പിഡിപിയെ കണ്ടാണ് ഇത്രയും കാലം പാർട്ടിയിൽ പ്രവർത്തിച്ചതെന്നും നേതാക്കൾ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ പാർട്ടിയുടെ സ്ഥാപക നേതാവിന്റെ ആദർശത്തിന് നിരക്കാത്ത തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കുന്ന പരാമർശങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടുത്തിടെ ഉണ്ടായെന്നും നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ മാസം ടി.എസ് ബജ്വ, വേദ് മഹാജൻ, ഹുസൈൻ എ വഫ എന്നിവർ പിഡിപിയിൽനിന്ന് രാജിവച്ചിരുന്നു. മെഹ്ബൂബ മുഫ്തി നടത്തിയ ചില വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചായിരുന്നു രാജി. ദേശസ്നേഹ വികാരങ്ങളെ വൃണപ്പെടുത്തുന്നതായിരുന്നു മെഹ്ബൂബയുടെ പരാമർശമെന്നും രാജിവച്ച നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് പുനഃസ്ഥാപിക്കുകയും കശ്മീരിന്റെ പതാക തിരിച്ചു നൽകുകയും ചെയ്യാതെ ത്രിവർണ പതാക ഉയർത്തില്ലെന്ന് മെഹ്ബൂബ പറഞ്ഞതിന് പിന്നാലെയാണ് മൂന്ന് നേതാക്കൾ ഒക്ടോബറിൽ പിഡിപിയിൽനിന്ന് രാജിവച്ചത്. എന്നാൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷനിൽ പിഡിപിയും ചേർന്നതിൽ പ്രതിഷേധിച്ചാണ് മൂന്ന് നേതാക്കളുടെ ഇപ്പോഴത്തെ രാജി.
വീട്ടുതടങ്കലിൽ നിന്നും മോചിതയായ മെഹ്ബൂബ, ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ദേശീയ പതാക പിടിക്കുന്നതിനോ താൽപര്യമില്ല. അതിനായി രക്തം ചിന്തേണ്ടിവന്നാൽ, ആദ്യത്തെയാൾ താനായിരിക്കുമെന്നും മെഹ്ബൂബ പറഞ്ഞിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ മെഹ്ബൂബ അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ആയിരുന്നു നടപടി. 14 മാസം വീട്ടുതടങ്കലിൽ കഴിഞ്ഞ മെഹ്ബൂബയെ അടുത്തിടെയാണ് മോചിപ്പിച്ചത്.
ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ കവർന്നെടുത്ത കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ദേശീയ പതാക ഉയർത്തുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് അവർ അടുത്തിടെ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിനെ കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച അവർ ജമ്മു കശ്മീരിന്റെ പഴയ പതാക പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മെഹ്ബൂബ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപി കശ്മീരിൽ പതാകാ മാർച്ച് നടത്തിയിരുന്നു. ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളിൽ ദേശീയ പതാകയും വഹിച്ചായിരുന്നു ബിജെപിയുടെ മാർച്ച്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സമ്മർദ്ദം ചെലുത്താൻ രൂപവത്കരിച്ച 'പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ' എന്ന മുന്നണിയിൽ മെഹ്ബൂബയുടെ പാർട്ടിയും അംഗമാണ്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയാണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാൻ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ ഐക്യത്തിലാണ്. നാഷനൽ കോൺഫറൻസ്, പിഡിപി, സിപിഎം തുടങ്ങിയ 6 പാർട്ടികൾ ചേർന്നാണ് സഖ്യം രൂപീകരിച്ചത്. 'പീപ്പിൾ അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ' എന്ന പേരിൽ രൂപീകരിച്ച സഖ്യത്തിന്റെ പ്രസിഡന്റായി മുന്മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ തിരഞ്ഞെടുത്തു. പിഡിപി നേതാവും മുന്മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്റ്. ജമ്മുകശ്മീരിന്റെ മുൻ പതാക ഉപയോഗിക്കാനും സഖ്യം തീരുമാനിച്ചു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മതത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു. ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കൺവീനറായും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെ വക്താവായും തിരഞ്ഞെടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്