- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ജാതിയായിരുന്നിട്ടും എതിർപ്പുകളെ അതിജീവിച്ച് ഒന്നിച്ചവർ; ഭർത്താവിന്റെ മയക്കുമരുന്നുപയോഗം അനുഷയെ തളർത്തി; അബോർഷനെ ചൊല്ലിയുള്ള തർക്കം പരിധിവിട്ടു; ഭാര്യയേയും കുട്ടിയേയും കൊന്ന് പ്രശാന്ത് ആത്മഹത്യ ചെയ്തത് സംശയ രോഗംമൂലം
കോഴിക്കോട്: നിരന്തര വഴക്കും ഗർഭം അലസിപ്പിക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയുമായിരുന്നു കൊയിലാണ്ടിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദാരുണസംഭവത്തിലേക്ക് എത്തിച്ചത്. തിരുവണ്ണൂർ കുനിയിൽ താഴം മാനാരി നെല്ലുപറമ്പിൽ പ്രശാന്ത് (29), കാട്ടിലപ്പീടിക നടുവിലപ്പുരയിൽ അനുഷ(21), ആറുമാസം പ്
കോഴിക്കോട്: നിരന്തര വഴക്കും ഗർഭം അലസിപ്പിക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയുമായിരുന്നു കൊയിലാണ്ടിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദാരുണസംഭവത്തിലേക്ക് എത്തിച്ചത്. തിരുവണ്ണൂർ കുനിയിൽ താഴം മാനാരി നെല്ലുപറമ്പിൽ പ്രശാന്ത് (29), കാട്ടിലപ്പീടിക നടുവിലപ്പുരയിൽ അനുഷ(21), ആറുമാസം പ്രായമുള്ള മകൻ അഹിന്ത് കൃഷ്ണ എന്നിവരുടെ കൂട്ടമരണം കുടുംബത്തെയും നാട്ടുകാരെയും ഒന്നടങ്കം നടുക്കത്തിലാക്കിയിരിക്കുകയാണ്.
ഞായറാഴ്ച പുലർച്ചെയാണ് ഇരുവീടുകളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്ന പ്രശാന്ത് സംശയത്തിന്റെ പേരിൽ ഭാര്യ അനുഷയുമായി നിരന്തരം വഴക്കുണ്ടാക്കുകയും ഇവരെ മർദിച്ചിരുന്നതായും അയൽവാസികൾ പൊലീസിനു മൊഴിനൽകി. അനുഷ രണ്ടുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏതാനു ദിവസങ്ങളായി ഗർഭം അബോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. എന്നാൽ സംഭവം നടക്കുന്നതിന്റെ തലേ ദിവസം പ്രശാന്തും അനുഷയും ഗർഭം അലസിപ്പിക്കാനെന്നു പറഞ്ഞായിരുന്നു പ്രശാന്തിന്റെ വീട്ടിൽ നിന്നും അനുഷയുടെ വീട്ടിലേക്കു വന്നിരുന്നത്. എന്നാൽ ഈ ദിവസം ഇവർ അബോർഷനുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നാണ് വിവരം.
ഗർഭം അലസിപ്പിക്കുന്നതിനായി ഡോക്ടറെ കാണാനെന്നു പറഞ്ഞാണ് അനുഷയുടെ വീട്ടിലെത്തിയതെങ്കിലും വീണ്ടും ഇരുവരും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നാണ് നിഗനം. ആദ്യത്തെ കുട്ടിക്ക് ആറുമാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ രണ്ടു മാസം ഗർഭിണിയായ അനുഷക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിനാൽ അനുഷയുടെ വീട്ടുകാരുമായും ഗർഭം അലസിപ്പിക്കുന്ന വിവരം സംസാരിച്ചിരുന്നു.
ഇതനുസരിച്ച് അനുഷയുടെ അമ്മയോടൊപ്പം അബോർഷന് പോകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കൃത്യം നടന്ന ദിവസം ഇരുവരും നല്ല സന്തോഷത്തിലായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. അതേസമയം മുറിക്കുള്ളിൽ നിന്നും രാത്രിയിൽ ഉച്ചത്തിൽ സംസാരം കേട്ടിരുന്നു. എന്നാൽ ഇത്തരമൊരു കൃത്യം നടത്തുമെന്ന് വീട്ടുകാർ ഊഹിക്കുക പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ പകൽ സമയത്ത് സന്തോഷത്തിലിരുന്ന ഇരുവരെയും ബെഡ്‌റൂമിൽ വഴക്കിലേക്ക് നയിച്ചത് എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
എന്നാൽ അനുഷയെ നിരന്തരം മർദിച്ചിരുന്നതായും എന്തിനും ഏതിനും പ്രശാന്ത് സംശയം പ്രകടിപ്പിച്ചിരുന്നതായും അനുഷയുടെ വീട്ടുകാർ പൊലീസിനു മൊഴിനൽകി. ലഹരി ഉപയോഗിച്ചെത്തി മർദിക്കുന്നത് സഹിക്കാതെ വന്നതോടെ അനുഷ വിവാഹം വേർപെടുത്തണമെന്ന് സ്വന്തം വീട്ടുകാരോട് പലതവണ പറഞ്ഞിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വർഷങ്ങളുടെ പ്രണത്തിനൊടുവിൽ രണ്ടു വർഷം മുമ്പാണ് പ്രശാന്തും അനുഷയും ഒരുമിക്കുന്നത്.
രണ്ടു പേരും വ്യത്യസ്ത ജാതിയിൽപെട്ടവരായതിനാൽ ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തെ എതിർത്തിരുന്നു. പ്രശാന്തുമായുള്ള അടുപ്പം വീട്ടിലറിഞ്ഞതോടെ ഒരുപാട് പ്രയാസങ്ങൾ അനുഷയ്ക്ക് നേരിടേണ്ടി വന്നു. ഇരു വീട്ടുകാരും വിവാഹത്തിനു സമ്മതിക്കില്ലെന്നു പറഞ്ഞ് ഉറച്ചു നിന്നു. ഇതോടെ പ്രശാന്ത് പകർന്ന ധൈര്യവും ആത്മവിശ്വാസവും വിശ്വസിച്ച് പ്രശാന്തുമായി ഒരമിച്ചു ജീവിക്കാൻ അനുഷ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാൽ പ്രാണനു തുല്യം സ്‌നേഹിച്ചിരുന്ന ജീവിത പങ്കാളിയുടെ കരങ്ങളാൽ അന്ത്യം വരിക്കാനായിരുന്നു കാലം അനുഷയ്ക്ക് കാത്തു വച്ച വിധി.
കാമുകനോടൊപ്പം പോയി ജീവിക്കാൻ തീരുമാനിച്ച മകളെ സ്വീകരിക്കാൻ അനുഷയുടെ അഛനും അമ്മയും ഒടുവിൽ തിരൂമാനിച്ചു. പ്രശാന്തിന്റെ അമ്മയുമായി നല്ലബന്ധത്തിലായിരുന്നില്ല. ഇവരിൽ നിന്നും അനുഷയ്ക്ക് കൊടിയ പ്രയാസങ്ങൾ ഏറ്റിരുന്നതായി അനുഷയുടെ ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും വ്യത്യസ്ത ജാതിയായിരുന്നു വിവാഹത്തിനു മുമ്പും ശേഷവും ഇവരുടെ ജീവിത സ്വൈര്യംകെടുത്തിയിരുന്നത്. അനുഷ വേട്ടുവ സമുദായക്കാരിയും പ്രശാന്ത് തിയ്യ സമുദായത്തിൽപ്പെട്ടവരുമാണ്.
ഓരോ ദിവസം മുന്നോട്ടുപോകുംതോറും പ്രശാന്ത്-അനുഷ ദമ്പതികളുടെ ജീവിതം പരസ്പരം വെറുപ്പിലും സംശയത്തിലും എത്തിയിരുന്നു. പ്രശാന്തിനെ അനിയന്ത്രിതമായി പലപ്പോഴും പ്രവർത്തിപ്പിച്ചിരുന്നത് മയക്കുമരുന്നുകളുടെ അമിത ഉപയോഗമായിരുന്നു. രണ്ടു ദിവസത്തിനകം ഇരുവീട്ടുകാരിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും വിശദമൊഴി ശേഖരിക്കുമെന്നും ഇതിനു ശേഷം മരണത്തിലേക്കു നയിച്ച കാര്യങ്ങളുടെ വ്യക്തത കൈവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൊയിലാണ്ടി സി.ഐ ആർ ഹരിദാസ് മറുനാടൻ മലയാളിയോടു പറഞ്ഞു.
അതേസമയം ആറുമാസം പ്രായമുള്ള മകൻ അഹിന്ത് കൃഷ്ണയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അനുഷയെ കഴുത്തിൽ വയർ ഉപയോഗിച്ച് ഞെരുക്കി മുറുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷമാണ് പ്രശാന്ത് സ്വന്തം വീട്ടിലെത്തി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. പ്രശാന്തിന്റെ മാസങ്ങളായുള്ള സംശയവും ലഹരി ഉപയോഗിച്ചെത്തി അനുഷയുമായുള്ള വഴക്കും ഇത്തരമൊരു ക്രിത്യത്തിലേക്ക് പ്രശാന്ത് എത്തുകയായിരുന്നെന്നാണ് സാഹചര്യ തെളിവുകളും പ്രഥമിക അന്വേഷണവും വ്യക്തമാക്കുന്നത്.