തിരുവനന്തപുരം: കെവിൻ വധക്കേസ് ഒൻപതാം പ്രതിയായ ടിറ്റു ജെറോമിന് ജയിലിൽ വച്ച് മർദ്ദനമേറ്റ സംഭവത്തിൽ നടപടി. മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റാൻ ജയിൽ ഡി.ഐ.ജി ശുപാർശ ചെയ്തു. മർദ്ദനമേറ്റ ടിറ്റു ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെകുറിച്ച് മെഡിക്കൽ രേഖകളടക്കം വിശദപരിശോധന നടത്തുമെന്ന് ഡിഐജി അറിയിച്ചു.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജയിൽവകുപ്പ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇതുസംബന്ധിച്ച് റിപ്പോർട്ടും സമർപ്പിച്ചു.

കെവിൻ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരികയായിരുന്നു ടിറ്റു. ഇയാളെ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്നാണ് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. ജയിലധികൃതതരെ കർശനമായി താക്കീത് ചെയ്ത സിംഗിൾ ബെഞ്ച് ജയിൽ ഡിജിപിയോട് റിപ്പോർട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി അറിയാനും ആവശ്യപ്പെട്ടു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റിയത്. ഇക്കാര്യം ജില്ലാ ജഡ്ജി തൊട്ടുപിന്നാലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയിൽ ടിറ്റുവിന്റെ സുരക്ഷക്കായി ജയിൽ അധികൃതർ വേണ്ടെന്നും പൊലീസ് മതിയെന്നും നിർദേശിച്ചിരുന്നു. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.