- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിപിസിഎല്ലിന് മേൽ കണ്ണുവെച്ച് നിരവധി കമ്പനികളെന്ന് കേന്ദ്രം; രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനി ഏറ്റെടുക്കാൻ മൂന്നു കമ്പനികൾ രംഗത്തുവന്നതായി പെട്രോളിയം മന്ത്രി
ന്യൂഡൽഹി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന് മേൽ കണ്ണുവെച്ച് നിരവധി കമ്പനികളെന്ന് കേന്ദ്രം. ബിപിസിഎൽ ഏറ്റെടുക്കാൻ മൂന്നുകമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ വ്യക്തമാക്കി. അതേസമയം, ബിപിസിഎൽ ഏറ്റെടുക്കാൻ മുന്നോട്ടു വന്ന കമ്പനികളുടെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.
ചില വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് താൽപര്യംപത്രം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിന്നാലെ, വേദാന്ത, രണ്ട് യുഎസ് നിക്ഷേപ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് താൽപര്യപത്രം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. പ്രഥമിക റൗണ്ടിൽ താൽപര്യപത്രം ലഭിച്ചാൽ അടുത്തഘട്ടമായി ഫിനാൻഷ്യൽ ബിഡ് സമർപ്പിക്കാനാണ് ആവശ്യപ്പെടുക. കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിമൂലം ബിപിസിഎലിന്റെ ഓഹരി വില്പനയ്ക്ക് താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള തിയതി സർക്കാർ നാലുതവണ നീട്ടിയിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കമ്പനിയായ ബിപിസിഎലിന്റെ 53ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നടപ്പുസാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതുവരെ 6138.48 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്.
പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പാചകവാതക സബ്‌സിഡി ഉപഭോക്താക്കൾക്ക് നേരിട്ടാണ് നൽകുന്നത്. അല്ലാതെ കമ്പനി വഴിയല്ലെന്നും ധർമ്മേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടിയിരുന്നു.
ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാൽ പതിവുപോലെ സബ്‌സിഡി ലഭിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കമ്പനിയുടെ ഉടമസ്ഥാവകാശം പാചകവാതക സബ്‌സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചകവാതക സിലിണ്ടറാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്‌സിഡി മുൻകൂറായാണ് നൽകുന്നത്. ഇതുപയോഗിച്ച് പാചകവാതക സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ബിപിസിഎല്ലിന് പുറമേ എച്ച്പിസിഎൽ, ഐഒസി എന്നി എണ്ണവിതരണ കമ്പനികളാണ് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്നത്.
മറുനാടന് ഡെസ്ക്