തൃശൂർ: കല്യാൺ ജൂവലേഴ്‌സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പു നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. ഈസ്റ്റ് ഡൽഹി ഷക്കർപൂർ നെഹ്‌റു എൻക്ലേവ് സ്വദേശി സൂരജ് (23), ഡൽഹി ഫസൽപൂർ മാൻഡവല്ലി സ്വദേശി വരുൺ (26), വിശാഖപട്ടണം മുളഗഡെ സ്വദേശി ജേക്കബ് രാജ് (22) എന്നിവരാണ് സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. ഓൺലൈൻ വഴി കല്യാൺ ജൂവലേഴ്‌സിന്റെ വിവിധ ഷോറൂമുകളിൽ ജോലി വാഗ്ദാനം ചെയ്തു വൻതുക ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെന്നാണു കേസ്.

തട്ടിപ്പുകാരുടെ വലയിൽ വീണ ഉദ്യോഗാർഥികളിൽ ചിലർ ഗ്രൂപ്പിനെ നേരിട്ടു ബന്ധപ്പെട്ടതോടെയാണ് വൻ തട്ടിപ്പ് പുറത്തായത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൈബർ ക്രൈം എസ്‌ഐ കെ.എസ്. സന്തോഷും സംഘവും മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്യാൺ ജൂവലേഴ്‌സ് കോർപറേറ്റ് ഓഫിസ് ജനറൽ മാനേജർ കെ.ടി. ഷൈജു കമ്മിഷണർ ആർ. ആദിത്യയ്ക്കു നൽകിയ പരാതിയാണ് അറസ്റ്റിലേക്കു നയിച്ചത്.

ഓൺലൈൻ ജോബ് പോർട്ടലുകളിൽ ജോലിക്കു വേണ്ടി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികളുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ലോഗോയും മറ്റും അടിച്ചുമാറ്റി വ്യാജ വെബ്‌സൈറ്റുകളും ഇമെയിൽ വിലാസവും സൃഷ്ടിച്ചെടുക്കും. ഇത്തരം വെബ്‌സൈറ്റുകളിൽ നിന്നു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികൾക്കു സന്ദേശമയയ്ക്കും. തട്ടിപ്പാണെന്നു സംശയം തോന്നാതിരിക്കാൻ ഉദ്യോഗാർഥികൾക്കു വേണ്ടി ഇവർ ഓൺലൈൻ ഇന്റർവ്യൂ ടെസ്റ്റ് എന്നിവ നടത്തും.

ഉദ്യോഗാർഥി വലയിൽ വീണെന്നു ബോധ്യപ്പെട്ടാൽ അഡ്‌മിഷൻ ഫീസ്, ട്രെയിനിങ് ചാർജ് തുടങ്ങിയ പേരുകൾ പറഞ്ഞു പലപ്രാവശ്യമായി പണം തട്ടും. നിയമനം ലഭിച്ച് ആദ്യശമ്പളം ലഭിക്കുമ്പോൾ ഈ തുക തിരികെ നൽകുമെന്നു കൂടി തട്ടിപ്പുകാർ പറയുമ്പോൾ ഉദ്യോഗാർഥികൾ വിശ്വസിക്കുന്നു. പ്രതികളുടെ ലാപ്‌ടോപ്പും മറ്റും പരിശോധിച്ചതിൽ നിന്ന് വിമാനക്കമ്പനികളുടെ പേരിൽ പോലും തട്ടിപ്പുകൾ നടത്തുന്നതായി വ്യക്തമായി.