കോഴിക്കോട്: പുരുഷന്മാരുടെ സഹായമില്ലാതെ മുസ്ലിം സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ അനുമതി നൽകികൊണ്ടുള്ള തീരുമാനം നരേന്ദ്ര മോദി സർക്കാർ അടുത്തിടെയാണ് കൈക്കൊണ്ടത്. ഈ തീരുമാനത്തിൽ മോദിക്ക് വേണ്ടി കയ്യടിക്കുമ്പോൾ തന്നെ യഥാർത്ഥ ക്രെഡിറ്റ് അവകാശപ്പെട്ടത് സൗദി അറേബ്യക്കാണ്. നാല് വർഷം മുമ്പു തന്നെ സൗദി ഇക്കാര്യത്തിൽ അനുമതി നൽകിയിരുന്നു. പുരുഷന്മാരില്ലാതെ സ്ത്രീകൾക്ക് ഹ്ജ്ജിന് പോകാൻ അവസരം ഒരുക്കിയിരുന്നു സൗദി. ഇതിനെ തുടർന്ന് മോദി നടപ്പിലാക്കിയ പുതിയ തീരുമാനത്തിനെതിരെ ഒരു കോണിൽ നിന്നും വിമർശനം ഉയരുമ്പോഴും കിട്ടിയ അവസരം ശരിക്കും മുതലാക്കിയത് കേരളമാണ്.

1,124 വനിതകളാണ് പുരുഷസഹായമില്ലാതെ ഹജ്ജ് നിർവഹിക്കാൻ സംസ്ഥാനത്തുനിന്ന് അപേക്ഷ നൽകിയത്. 281 കവറുകളിലായാണ് ഇത്രയും പേർ അപേക്ഷ നൽകിയത്. ഇന്ത്യയിലാകെ ഇത്തരത്തിൽ 1,300 പേരുടെ അപേക്ഷ ലഭിച്ചതായാണ് ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞത്. 45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിനാണ് ആൺതുണയില്ലാതെ ഹജ്ജിന് അവസരം നൽകിയത്. ഇവർക്ക് നറുക്കെടുപ്പില്ലാതെ അവസരം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്്്.

അടുത്ത ബന്ധുവോ രക്തബന്ധമോ ഉള്ള പുരുഷൻ(മെഹ്റം) ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് അവസരം നൽകിയിരുന്നില്ല. ഈ വർഷമാണ് 45 വയസ്സുകഴിഞ്ഞ സ്ത്രീകൾ മാത്രമുള്ള സംഘത്തിന് ഹജ്ജിന് അപേക്ഷിക്കാൻ അവസരം നൽകിയത്. നാലുപേർ തമ്മിൽ എന്തെങ്കിലും തരത്തിൽ ബന്ധം വേണമെന്ന് യാതൊരു നിബന്ധനയുമില്ലാത്തതാണ് ഇതിന്റെ പ്രത്യേകത. അതേസമയം അപേക്ഷിച്ച നാലുപേരിൽ ഒരാൾ ഇല്ലെങ്കിൽ മറ്റുള്ളവരുടെയും യാത്ര റദ്ദാക്കും.

അതേസമയം ഹജ്ജ് കർമങ്ങൾ ചെയ്യാനായി സ്ത്രീകൾക്ക് ഒറ്റയ്ക്കു പോകാനായി അവസരം ഒരുക്കിയത് സൗദിയാണെന്നും മോദിയല്ലെന്നും അസാദുദ്ദീൻ ഒവൈസി ഇന്നലെ പറഞ്ഞിരുന്നു. സൗദി ഹജ്ജ് അധികൃതർ 45 വയസുള്ള, ഏതുരാജ്യത്തെ സ്ത്രീകൾക്കും പുരുഷ തുണയില്ലാതെ ഹജ്ജ് കർമങ്ങൾ ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. വിദേശ സർക്കാരുകൾ ചെയ്യുന്നതിനെ ബഹുമതി തട്ടിയെടുക്കുന്നത് പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് ഒവൈസി പറയുകയുണ്ടായി.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പുരുഷതുണയില്ലാതെ സ്ത്രീകൾക്കു ഹജ്ജിനു പോകാനാവില്ലെന്ന നിയമം തിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പുരുഷതുണയില്ലാതെ സ്ത്രീകൾക്കു ഹജ്ജിനു പോകാനാവില്ലെന്ന നിയമം വിവേചനപരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹജ്ജിനു പോകുന്ന മുസ്ലിം സ്ത്രീകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായി യാഥാസ്ഥിതികമായ നിയമങ്ങളിൽ സർ ക്കാർ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുരുഷതുണയില്ലാതെ സ്ത്രീകൾക്കു ഹജ്ജിനു പോകാനാവില്ലെന്ന നിയമ വ്യവസ്ഥ സ്വാതന്ത്ര്യം കിട്ടി 70 വർഷം പിന്നിട്ടിട്ടും തുടരുന്നത് അനീതിയാണ്. സർക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ട നടപടിയെടുത്തിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളഞ്ഞു കഴിഞ്ഞു. ഭർത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്‌റം) ഹജ്ജിനു പോകാൻ അപേക്ഷിച്ചിട്ടുള്ള മുസ്ലിം വനിതകളുടെ പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചതോടെ മറ്റൊരു വിപ്ലവകരമായ തീരുമാനമായി ഇത് മാറും. പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്മാർ ഒപ്പമില്ലാതെ, നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകൾക്ക് ഹജ്ജിന് പോകാം. നേരത്തെ സ്ത്രീകൾ തനിച്ച് ഹജ്ജിനു പോകുന്നത് അനുവദനീയമായിരുന്നില്ല.

സാധാരണയായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയാണ് ഹജ്ജിനു പോകാൻ അപേക്ഷിച്ചിട്ടുള്ളവരിൽനിന്ന് നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നത്. 170000 ആണ് ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ട.