- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീലം കലർന്ന പ്രാങ്ക് വീഡിയോ; ചിത്രീകരണത്തിനിടെ പെൺകുട്ടികളെ കയറിപ്പിടിച്ചെന്ന് പരാതി; മുംബൈ താനെ സ്വദേശികളായ മൂന്ന് യൂ ടൂബർമാർ സൈബർ പൊലീസിന്റെ പിടിയിൽ; ലോക്ക്ഡൗൺ കാലത്ത് വീഡിയോ പ്രചരിപ്പിച്ച് യുവാക്കൾ സമ്പാദിച്ചത് രണ്ട് കോടിയോളം രൂപയെന്ന് പൊലീസ്
മുംബൈ: അശ്ലീലം കലർന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനും പെൺകുട്ടികളോട് മോശമായി പെരുമാറിയതിനും മൂന്ന് യൂട്ഊബർമാർ മുംബൈയിൽ പിടിയിൽ.
താനെ സ്വദേശികളായ മുകേഷ് ഗുപ്ത(29) ജിതേന്ദ്ര ഗുപ്ത(25) പ്രിൻസ് കുമാർ സാവ്(23) എന്നിവരെയാണ് മുംബൈ പൊലീസിന്റെ സൈബർ സെൽ പിടികൂടിയത്.
അശ്ലീലം കലർന്ന പ്രാങ്ക് വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരെ ലഭിക്കുന്നത് മനസിലാക്കിയാണ് മൂവരും ഇത്തരത്തിലുള്ള വീഡിയോ ചിത്രീകരിക്കാൻ ആരംഭിച്ചത്. പ്രതികൾക്ക് 17 യൂട്യൂബ് ചാനലുകളും ഫേസ്‌ബുക്ക് പേജുകളുമുണ്ട്. ഇതിലെല്ലാമായി 20 മില്ല്യൺ സബ്സ്‌ക്രൈബേഴ്സുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് സാമൂഹികമാധ്യമങ്ങളിൽ ഇത്തരം വീഡിയോ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ ഏകദേശം രണ്ട് കോടി രൂപ പ്രതികൾ സമ്പാദിച്ചതായും പൊലീസ് പറഞ്ഞു.
പ്രാങ്ക് വീഡിയോ എന്ന പേരിലാണ് പ്രതികൾ പെൺകുട്ടികളോട് അശ്ലീലം സംസാരിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നത്. ഇത്തരത്തിൽ വീഡിയോ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ട അഞ്ച് പെൺകുട്ടികളാണ് പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയും ഇതിൽ ഉൾപ്പെടുന്നു. പ്രാങ്ക് വീഡിയോയുടെ പേരിൽ തങ്ങളെ കയറിപിടിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. തുടർന്ന് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
2008-ലെ പത്താംക്ലാസ് പരീക്ഷയിൽ 98.5 ശതമാനം മാർക്കോടെ പാസായ മുകേഷ് ഗുപ്ത നഗരത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ടുപ്രതികളും മുകേഷിന്റെ സഹായികളായിരുന്നു.
പ്രതികൾ ഇതുവരെ മൂന്നുറോളം വീഡിയോകൾ സാമൂഹികമാധ്യമങ്ങളിലൂടെ അപ് ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് അഞ്ച് ലാപ്ടോപ്പുകളും നാല് മൊബൈൽ ഫോണുകളും ഒരു ക്യാമറയും പിടിച്ചെടുത്തു. പ്രതികൾക്കെതിരേ ഐടി നിയമത്തിന് പുറമേ പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തതായും വീഡിയോ ചിത്രീകരിക്കാൻ മുകേഷ് ഗുപ്ത വിദ്യാർത്ഥികളെ ദുരുപയോഗം ചെയ്തോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.
ന്യൂസ് ഡെസ്ക്