കൊച്ചി: ജേതാവും പരാജിതനും ഒരേ പോലെ ആരാധിക്കപ്പടുന്ന തൃക്കാക്കര. മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിയാണ് തൃക്കാക്കരയപ്പൻ. പാതളത്തിലേക്ക് ചവിട്ടി താഴ്‌ത്തുമ്പോൾ തൊഴുകൈയോടെ നോക്കിയ മഹാബലിക്ക് മാത്രമായി വിശ്വരൂപ ദർശനം നൽകി അനുഗ്രഹിക്കുന്നമട്ടിലാണ് വാമനന്റെ പ്രതിഷ്ഠ. മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സങ്കൽപം അന്വർത്ഥമാക്കുന്ന മണ്ണ്. ഇവിടെ ഇത്തവണ ജീവന്മരണ പോരാട്ടമാണ്. ആരു ജയിച്ചാലും ആരു തോറ്റാലും തൃക്കാക്കരയ്ക്ക് അവരുടെ മഹിമ മറക്കാനാവില്ല. പിടി തോമസും സെബാസ്റ്റ്യൻ പോളും കൊമ്പുകോർക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ കാഴ്ചകൾ മാന്യതയുടേതാണ്.

ഇടുക്കിക്ക് സ്വന്തമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ പിടി തോമസ്. ഇടുക്കിയുടെ സ്വന്തം എംപിക്ക് അവിടെ നിന്ന് മലയിറങ്ങേണ്ടി വന്നത് നിലപാടുകളുടെ പേരിലായിരുന്നു. വോട്ട് രാഷ്ട്രീയത്തിനായി അഭിപ്രായങ്ങളിൽ വെള്ളം ചേർക്കാതെ പലതും പിടി തോമസ് തുറന്നു പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഉറച്ച നിലപാട് കൂടിയപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് പിടി തോമസ് മാറി നിന്നു. വിവാദങ്ങളുണ്ടാക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചു. പക്ഷേ ഡീൻ കുര്യാക്കോസ് തോറ്റു. ആരേയും പേടിക്കാതെ പിടിയെ തന്നെ മത്സരിപ്പിച്ചെങ്കിൽ ഇടുക്കി കൈവിടില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിൽ പിന്നീട് ഉയർന്നത്. ചാലക്കുടിയിലോ അങ്കമാലിയിലോ എല്ലാം പിടി നിയമസഭാ അങ്കത്തിനെത്തുമെന്ന് അഭ്യൂഹമെത്തി. എന്നാൽ ഒന്നും നടന്നില്ല. പിടി മത്സരിക്കാനില്ലാത്തവരുടെ പട്ടികയിലായി.

അപ്പോഴാണ് തൃക്കാക്കരക്കാരുടെ എംഎൽഎയായ ബെന്നി ബെഹന്നാനെ ചവിട്ടി താഴ്‌ത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പിടി തോമസെന്ന ഏവരേയും ഒരുപോലെ കാണുന്ന സൗമ്യതയുടെ മുഖത്തിന് സീറ്റ് ഉറപ്പിച്ചത്. ഇതോടെ തൃക്കാക്കരയിലെ പോരാട്ടം മാന്യതയുടെ രൂപങ്ങൾ തമ്മിലായി. എംപിയായും എംഎൽഎയായും പ്രതിഭതെളിയിച്ച പാർലമെന്റേറിയനായിരുന്നു സെബാസ്റ്റ്യൻ പോൾ. ഇടതു പക്ഷത്തിനായി എറണാകുളത്ത് വിജയവും തോൽവിയും അറിഞ്ഞിട്ടുള്ള പോരാളി. കോൺഗ്രസിന്റെ കുത്തകമണ്ഡലങ്ങളിലെ പോരിൽ തോൽക്കുമ്പോഴും സെബാസ്റ്റ്യൻ പോളെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിമികവ് ആരും തള്ളിക്കളഞ്ഞിട്ടില്ല. തോൽവിക്ക് കാരണം മറ്റു പലതുമായിരുന്നു. പിടി തോമസും ജയവും തോൽവിയും അറിഞ്ഞിട്ടുള്ള വ്യക്തിയാണ്. തൊടുപുഴയിൽ പി ജെ ജോസഫിനെ തോൽപ്പിച്ചും ജയിപ്പിച്ചും താരമായ നേതാവ്.

ഐതിഹ്യ പെരുമയുടെ തൃക്കാക്കര മണ്ണിൽ ബിജെപിയ്‌ക്കോ എൻഡിഎയ്‌ക്കോ വലിയ സ്വാധീനം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പോരാട്ടം പിടി തോമസും സെബാസ്റ്റ്യൻ പോളും തമ്മിലാണ്. എംപിമാരായും എംഎൽഎമാരായും പ്രവർത്തിച്ച് കഴിവ് തെളിയിച്ച പ്രഗൽഭരുടെ പോരാട്ടം. എൻഡിഎയ്ക്കായി ഘടകകക്ഷിയായ ലോക്ജനശക്തി പാർട്ടി (എൽജെപി) ജില്ലാ പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതിയംഗവുമായ വിവേക്. കെ.വിജയനാണു സ്ഥാനാർത്ഥി. പയറ്റിത്തെളിഞ്ഞ പ്രമുഖരോടാണു വിവേക് കെ.വിജയന്റെ കന്നിയങ്കം. നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹത്തിനു മനുഷ്യാവകാശ നിയമത്തിലും സൈബർ നിയമത്തിലും ഡിപ്ലോമയുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിലേക്കു ബിജെപി മുന്നണി സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

കേരളത്തിന്റെ ഐടി ഹബുകളിലൊന്നായ കാക്കനാട് ഇൻഫോപാർക്കും സ്മാർട് സിറ്റിയും ഉൾപ്പെടെ ഐടി യുവതയുടെ ആകാശം തൊടുന്ന മോഹക്കൂടാരം.. റിയൽ എസ്റ്റേറ്റ് മേഖലയിൽ സഹസ്ര കോടികൾ നിക്ഷേപിക്കപ്പെട്ട, കൊച്ചിയുടെ ഉപഗ്രഹ നഗരമാണ് തൃക്കാക്കര. തൃക്കാക്കര കീറാമുട്ടിയായിരുന്നില്ല യുഡിഎഫിന്. കഴിഞ്ഞവട്ടം അനായാസം വിജയിച്ച മണ്ഡലം. കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക രൂപപ്പെടും മുൻപേ സിറ്റിങ് എംഎൽഎ ബെന്നി ബഹനാൻ സീറ്റുറപ്പിച്ച മണ്ഡലം. എന്നാൽ ഡൽഹി ചർച്ചകൾക്കൊടുവിൽ സുധീരനും രാഹുൽ ഗാന്ധിയും ചേർന്ന് ബെന്നിയെ വെട്ടി. പിടി അങ്ങനെയാണ് ഇവിടെ എത്തിയത്. ജില്ലയിൽനിന്നു നിയമസഭയിലേക്കു മൽസരിക്കുന്നത് ആദ്യമെങ്കിലും മഹാരാജാസിലെ വിദ്യാഭ്യാസ കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധമുള്ള തോമസ് രണ്ടു പതിറ്റാണ്ടിലേറെയായി താമസിക്കുന്നതും ഈ നഗരത്തിൽത്തന്നെ.

പല പേരുകൾ ചർച്ച ചെയ്ത ശേഷമാണ് ഡോ. സെബാസ്റ്റ്യൻ പോളിനെ കളത്തിലിറക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. ജില്ലയിൽ, ഇടതുപക്ഷത്തിന്റെ 'പതിവു സ്വതന്ത്രനാണ്' അദ്ദേഹം. എന്നാൽ, ഉപതെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പലവട്ടം വിജയിച്ച സ്വതന്ത്ര തന്ത്രം മാറ്റിപ്പിടിച്ച് ഇക്കുറി, ആദ്യമായി സിപിഐ(എം) ചിഹ്നത്തിലാണ് അദ്ദേഹം മൽസരിക്കുന്നത്. ലോക്‌സഭയിലേക്കു നാലും നിയമസഭയിലേക്കു മൂന്നും തവണ മൽസരിച്ചപ്പോൾ സ്വതന്ത്ര ചിഹ്നത്തിലായിരുന്നു അദ്ദേഹം ജനവിധി തേടിയത്. അന്നത്തെ ചിഹ്നങ്ങളായ ടെലിവിഷനും കാറുമെല്ലാം കൈവിട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിലേക്കെത്തുന്നത് എട്ടാം തെരഞ്ഞെടുപ്പിൽ.

അഞ്ചാണ്ടിന്റെ ചരിത്രമേയുള്ളൂ തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്. എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ മുറിച്ചെടുത്തു രൂപം നൽകിയ തൃക്കാക്കര 2011 ൽ ബെന്നി ബഹനാനു കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം നൽകി. ലോക്‌സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു; ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭ ഇരു മുന്നണികളിലെയും വിമതരുടെ പിന്തുണയോടെ എൽഡിഎഫ് നേടി. അതുകൊണ്ട് തന്നെ ഇടതും വലതും ഒരുപോലെ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ബെന്നിയെ വെട്ടുമ്പോൾ ജനകീയനായ പിടിയെ ഇറക്കാൻ സുധീരൻ തീരുമാനിച്ചതും ഇതുകൊണ്ട് തന്നെയാണ്. സോളാറിൽ ആരോപണവിധേയനായ ബെന്നിയെ ആണ് ഇവിടെ എതിരാളിയായി സിപിഐ(എം) പ്രതീക്ഷിച്ചത്. അതുകൊണ്ട് കൂടിയാണ് ക്ലീൻ ഇമേജിനുടമയായ സെബാസ്റ്റ്യൻ പോളിനെ സ്ഥാനാർത്ഥിയാക്കിയത്.

സംഘടനാതലത്തിലും പാർലമെന്ററി പ്രവർത്തനങ്ങളിലും തിളങ്ങിയ പി.ടി. തോമസിന്റെ സ്ഥാനാർത്ഥിത്വം വിജയത്തിന്റെ പൊലിമ കൂട്ടുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കെഎസ്‌യു സംസ്ഥാന പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന 'പി.ടി' യുവാക്കളുടെ ആവേശമായിരുന്നു. തൊടുപുഴയിൽനിന്നു രണ്ടു തവണ നിയമസഭാംഗവും ഇടുക്കിയിൽനിന്ന് ഒരുവട്ടം എംപിയുമായി അദ്ദേഹം. കലാ, സാംസ്‌കാരിക, പരിസ്ഥിതി സംഘടനയായ സംസ്‌കൃതിയുടെ സ്ഥാപകനാണ്. ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലിഷിലേക്കും പരിഭാഷപ്പെടുത്താൻ കേന്ദ്ര സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയതിനു പിന്നിൽ അക്കാലത്ത് എംപിയായിരുന്ന പി. ടി. തോമസിന്റെ പരിശ്രമമുണ്ട്.

തുടർന്ന്, ശിവഗിരിയിൽ ഉൾപ്പെടെ ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ നൽകിയ സ്വീകരണങ്ങൾ തോമസിന്റെ പൊതുജീവിതത്തിലെ തിളക്കമുള്ള ഏടുകളാണ്. ഇടതുപക്ഷ അനുകൂലികൾക്കു മഹാഭൂരിപക്ഷമുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 75 അംഗ കൗൺസിലിലെ രണ്ടേ രണ്ടു കോൺഗ്രസ് അംഗങ്ങളിലൊരാളാണ്. ഗ്രന്ഥകർത്താവാണ്. നദീസംരക്ഷണം അടക്കമുള്ള പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ എക്കാലവും ഉറച്ച നിലപാടുകളാണ് അദ്ദേഹത്തിനുള്ളത്. ഇടുക്കിയിൽ പാർലമെന്റ് സീറ്റ് ഉറപ്പിക്കാൻ പോലും ഇതിലൊന്നും വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്.

വിശേഷണങ്ങൾ ഏറെയുണ്ട്, ഡോ. സെബാസ്റ്റ്യൻ പോളിനും. എറണാകുളത്തിന്റെ എംപിയും എംഎൽഎയുമായിരുന്ന അദ്ദേഹം മാദ്ധ്യമപ്രവർത്തകൻ, നിയമപണ്ഡിതൻ, അദ്ധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്. ഭരണഘടനാ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ദീർഘകാലമായി ഇടതു സഹയാത്രികൻ. തൃക്കാക്കരയിലെ ഫലം എൽഡിഎഫിനും ഡോ. സെബാസ്റ്റ്യൻ പോളിനും ഒരുപോലെ നിർണായകമാണ്. 2011 ൽ എറണാകുളത്തു പരാജയപ്പെട്ട അദ്ദേഹത്തെ അയൽമണ്ഡലത്തിലേക്കു മാറ്റി ഒന്ന് ഒത്തുപിടിക്കാനാണ് ഇടതു ശ്രമം. ഇത് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷ സിപിഎമ്മിനുമുണ്ട്.