- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമാ തോമസിനെ ഇറക്കി പിടി വികാരം ആളിക്കത്തിച്ചാൽ സ്വതന്ത്രനെ മത്സരിപ്പിക്കും; പിടിയുടെ ഭാര്യയ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചാൽ അതൃപ്തി മുതലെടുത്ത് ജയിക്കാമെന്ന് വിലയിരുത്തലിൽ സിപിഎം; തൃക്കാക്കരയിൽ സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന് അറിയാൻ കാത്തിരിക്കണം; കോൺഗ്രസ് കോട്ട പിടിക്കാൻ രണ്ടും കൽപ്പിച്ച് പിണറായി
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിന്റെ ഭാര്യയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയാൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണ. അല്ലാത്തപക്ഷം തൃക്കാക്കരയിൽ എം.സ്വരാജിന്റെ പേരാണ് പ്രഥമപരിഗണനയിലുള്ളത്. പിടി തോമസ് വികാരം ആളിക്കത്തിയാൽ തൃക്കാക്കരയിൽ ജയസാധ്യത കുറയുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്വരാജിനെ മത്സരിപ്പിച്ച് ബലിയാടാക്കില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ വിഭാഗീയതക്കെതിരായ സന്ദേശം നൽകിക്കൊണ്ട് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഒരു ജില്ലാ സെക്രേട്ടറിയറ്റ് അംഗവും മുൻ ഏരിയസെക്രട്ടറിയുമാണ് നടപടിക്ക് വിധേയരായത്. ഏറണാകുളത്താണ് സിപിഎം സംസ്ഥാന സമ്മേളനം. അതുകഴിഞ്ഞാൽ തൃക്കാക്കരയിൽ സിപിഎം നിറയും. സംസ്ഥാന സമ്മേളനം കഴിഞ്ഞാലുടനെ എറണാകുളം ജില്ലയിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ വിലയിരുത്തും.
തൃക്കാക്കര മണ്ഡലത്തിൽ ശ്രദ്ധയൂന്നേണ്ടത് പാർട്ടിയുടെ ആവശ്യമാണ്. ഉപതെരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൂടി നിരീക്ഷിച്ചശേഷമായിരിക്കും തുടർനടപടികൾ. തൃക്കാക്കരയിൽ സി.കെ. മണിശങ്കർ, കെ.ഡി.വിൻസെന്റ് എന്നി നേതാക്കൾക്കെതിരെ തോൽവിയുടെ പേരിൽ നടപടിയുണ്ടായ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചേ മതിയാകൂവെന്നതാണ് സിപിഎം നിലപാട്. സ്വരാജിന് തൃക്കാക്കരയിൽ ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. തൃപ്പുണ്ണിത്തുറയിലെ സ്വരാജിന്റെ തോൽവി തൃക്കാക്കരയിൽ സംഭവിക്കില്ലെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിച്ചാൽ കാര്യങ്ങൾ മാറിമറിയുമെന്നും സിപിഎം കണക്കു കൂട്ടുന്നുണ്ട്.
തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ്. ഉമാ തോമസ് മത്സരിക്കണമെന്ന പൊതു വികാരം കോൺഗ്രസുകാരിലുണ്ട്. എന്നാൽ ചില നേതാക്കൾ ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരക്കാർക്ക് സീറ്റ് കോൺഗ്രസ് നൽകിയാൽ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി സാധ്യത സിപിഎം കാണുന്നു. പാലായിൽ കെ എം മാണിയുടെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത് ഇടതു സ്ഥാനാർത്ഥി മാണി സി കാപ്പനാണ്. ഇതിന് സമാനമായി നല്ലൊരു സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് തൃക്കാക്കരയിൽ ജയിക്കാമെന്നാണ് സിപിഎം വിലയിരുത്തൽ. ഉമാ തോമസാണെങ്കിൽ കോൺഗ്രസ് വോട്ട് ഭിന്നിക്കില്ല. അതുകൊണ്ട് തന്നെ സ്വരാജിനെ മത്സരിപ്പിക്കുകയുമില്ല.
കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ വലിയ മാർജിനിലെ വിജയം ഈ ഘട്ടത്തിൽ അനിവാര്യമാണ്. തൃക്കാക്കരയിൽ അടിതെറ്റിയാൽ അത് കോൺഗ്രസിലെ പുതു നേതൃത്വത്തിന്റെ വീഴ്ചയായും വിലയിരുത്തും. ഈ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. പിടിയുടെ കോൺഗ്രസിലെ പിൻഗാമി ആരെന്നതിൽ അനിശ്ചിത്വം ഏറെയാണ്. വിടി ബലാറാമിനേയും ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനേയും പരിഗണിക്കണമെന്നു പോലും ചർച്ചയുണ്ട്. എന്നാൽ ഇവർ മത്സരിക്കില്ലെന്ന് ഉറപ്പാണ്.
മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറിനേയും പരിഗണിക്കും. ദീപ്തി മേരി വർഗ്ഗീസും ചർച്ചകളിൽ സജീവമാകും. എന്നാൽ പിടി തോമസിന് അനുകൂലമായുണ്ടായ തരംഗം മുതലെടുക്കാൻ അരുവിക്കര മോഡലും കോൺഗ്രസ് പരിഗണിച്ചേക്കും. പിടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാർത്ഥിയാക്കുന്നതും ചർച്ചയാകും. ഉമ സമ്മതിച്ചാൽ അവർക്ക് തന്നെയാകും മുൻതൂക്കം. പഴയ കെ എസ് യുക്കാരിയായ ഉമ മഹാരാജാസ് കോളേജിലെ പഴയ വൈസ് ചെയർപേഴ്സണുമാണ്. അതുകൊണ്ട് ഉമയ്ക്ക് രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. ഈ സാഹചര്യത്തിൽ ഉമയെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അതിശക്തമാണ്.
പിടി തോമസിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് തൃക്കാക്കരയിലെ രവിപുരത്ത് നൽകിയ അന്ത്യയാത്ര. നിലപാടുകൾ മരണത്തിലും കാത്തു സൂക്ഷിച്ച നേതാവ്. ഇതിനൊപ്പമായിരുന്നു ഭാര്യയും കുടുംബവും എന്നും നിലകൊണ്ടത്. മഹാരാജാസിലെ കെ എസ് യു പ്രവർത്തനത്തിനിടെ തുടങ്ങിയ പ്രണയവും വിവാഹവുമെല്ലാം പൊതു സമൂഹത്തിൽ ചർച്ചയുമായി. അതുകൊണ്ട് തന്നെ ഉമയാണ് ശരിയായ സ്ഥാനാർത്ഥിയെന്ന വികാരം കോൺഗ്രസ് അണികളിൽ സജീവമാണ്. അവർ മത്സരിക്കാൻ സന്നദ്ധമാകുമോ എന്നതാണ് നിർണ്ണായകം. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനവും അതിനിർണ്ണായകമാണ്.
എം സ്വരാജാണ് സിപിഎം പരിഗണനാ പട്ടികിയെലെ പ്രധാനി. കഴിഞ്ഞ തവണ പിടി തോമസിനോട് മത്സരിച്ച് തോറ്റ ഡോ ജേക്കബിനേയും പരിഗണിച്ചേക്കും. ഏറെ തിരിക്കുള്ള ഡോക്ടറാണ് ജേക്കബ്. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന നിലപാടും നിർണ്ണായകമാകും. പിടി തോമസിന്റെ തൃക്കാക്കരയിലെ ആദ്യ ജയം സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു. ജോർജ് ഈഡന്റെ മരണ ശേഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ചരിത്രം സെബാസ്റ്റ്യൻ പോളിനുണ്ട്. അതുകൊണ്ട് സെബാസ്റ്റ്യൻ പോളിനേയും വീണ്ടും സിപിഎം പരിഗണിക്കും.
2016ലും 2021ലും സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലേറിയപ്പോഴാണ് പി ടി തോമസ് യുഡിഎഫിനായി തൃക്കാക്കര മണ്ഡലം കാത്തത്. കോളജ് വിദ്യാഭ്യാസ കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങൾ ഈ ജയത്തിനു തുണയായെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഉപതെരഞ്ഞെടുപ്പിൽ പി ടി എന്ന നേതാവിന്റെ വികസന സ്വപ്നങ്ങൾ ഉയർത്തിയുള്ള മുദ്രാവാക്യം തന്നെയാകും യുഡിഎഫ് മുന്നോട്ട് വയ്ക്കുക. ഇത് വോട്ടായി മാറാനുള്ള സാധ്യതയും ഏറെയാണ്.
സംസ്ഥാനത്ത് യുഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2016ലും, ഇടത് തരംഗം ആഞ്ഞടിച്ച 2021ലെ നിയമഭ തെരഞ്ഞെടുപ്പിലും പി ടി തോമസിനെ വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. മണ്ഡല ചരിത്രത്തിൽ ഇതുവരെ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് തൃക്കാക്കരയിൽ നടന്നത്. മൂന്നിലും വിജയിച്ചതോടെ കോൺഗ്രസുകാർ തൃക്കാക്കരയെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാനു മികച്ച ഭൂരിപക്ഷം നൽകിയാണ് തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചത്. സിപിഐഎം സ്ഥാനാർത്ഥി എംഇ ഹസൈനാരെ 22,046 വോട്ടുകൾക്കായിരുന്നു ബഹനാൻ വീഴ്ത്തിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2016ൽ സിറ്റിങ് എംഎൽഎയെ മാറ്റി പി ടി തോമസിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. മറുവശത്ത് എൽഡിഎഫ് ഇറക്കിയതാകട്ടെ ഡോ. സെബാസ്റ്റ്യൻ പോളിനെ. ഫലം പ്രഖ്യാപിച്ചപ്പോൾ 11,966 വോട്ടുകൾക്ക് പി ടി വിജയിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2021ൽ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് തുടർഭരണത്തിന് ഇറങ്ങിയപ്പോൾ പല യുഡിഎഫ് കോട്ടകളും തകർന്നെങ്കിലും തൃക്കാക്കര പി ടി തോമസിന് ഒപ്പം തന്നെ നിന്നു. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഡോ ജെ ജേക്കബിനെ 14329 വോട്ടുകൾക്കാണ് പി ടി വീഴ്ത്തിയത്.
മറുനാടന് മലയാളി ബ്യൂറോ