- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മറുനാടനോട് പി രാജീവ്; അരുൺകുമാറിന്റെ പേരിൽ പ്രചരിക്കുന്നത് ഊഹാപോഹം; ആരാകും മത്സരിക്കുന്നതെന്ന ചോദ്യത്തിന് സ്ഥിരീകരണം നൽകാതെ ഇപിയും; ഉമാ തോമസിനെ നേരിടാൻ സപ്രൈസ് സ്ഥാനാർത്ഥിയെത്തും
കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. മാധ്യമങ്ങളിൽ വരുന്നത് ഊഹാപോഹം മാത്രമെന്ന് രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു. നേരത്തെ കെ എസ് അരുൺകുമാറിനെ സിപിഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ സർപ്രൈസിന് സാധ്യതയുണ്ടെന്നാണ് രാജീവ് നൽകുന്ന സൂചന. അരുൺകുമാറിനേയും സ്ഥാനാർത്ഥിയായി സിപിഎം പരിഗണിക്കുന്നുണ്ട്. ഇടതു കൺവീനറായ ഇപി ജയരാജനും സ്ഥാനാർത്ഥിയാരെന്ന് പുറത്തു പറയുന്നില്ല.
തൃക്കാക്കരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ സിപിഎം തയ്യാറെടുക്കുന്നുവെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന സ്ഥാനാർത്ഥി തൃക്കാക്കരയിൽ വരുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാകും ആ സസ്പെൻസ് സ്ഥാനാർത്ഥിയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. വികസന രാഷ്ട്രീയം ചർച്ചയാക്കി സിപിഎം അണികളിൽ ആവേശമുണ്ടാക്കാനാണ് ഇത്. കെവി തോമസിന്റെ അഭിപ്രായവും പരിഗണിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അരുൺകുമാറിന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിക്കുന്ന തരത്തിൽ മാധ്യമ വാർത്തകളെത്തിയത്. എന്നാൽ സിപിഎം ഔദ്യോഗികമായി ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടെയാണ് പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് പി രാജീവ് മറുനാടനോട് പറയുന്നത്. അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അട്ടിമറിയിലൂടെ തൃക്കാക്കര പിടിച്ചെടുക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെയാണ് സിപിഎം മുമ്പോട്ട് വയ്ക്കുക എന്നാണഅ സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനം എടുത്തിട്ടുണ്ട്. കോടിയേരിയാണ് സ്ഥാനാർത്ഥിയെ പിണറായിക്ക് മുമ്പിൽ അവതരിപ്പിച്ചത്. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ത്രില്ലറാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എന്ന് തന്നെയാണ് സൂചന. അരുൺകുമാറിന്റെ പേര് ചാനലുകൾ സ്ഥാനാർത്ഥിയുടേതായി എഴുതി കാട്ടിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിഷേധത്തിലാണ്.
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഈ നേതാവിനോട് വ്യക്തിപരമായ താൽപ്പര്യമുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെയാകും മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തൃക്കാക്കരയിൽ സജീവമാണ്. ജയരാജനാകും പ്രചരണത്തിന് നേതൃത്വം നൽകുക. കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അദ്ധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് വന്നതോടെ കോൺഗ്രസിലുണ്ടായ അനൈക്യം മുതലെടുത്ത് കൂടിയാകും ഇടത് സ്ഥാനാർത്ഥി നിർണയം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയിൽ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം.
യുഡിഎഫിന് മേൽക്കോയ്മയുള്ള മണ്ഡലമാണ്, എന്നാൽ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തിൽ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു. രണ്ടാഴ്ച മുൻപ് മുന്നണി കൺവീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജൻ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവൻ സമയം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിർപ്പ് മുന്നണിക്കും സർക്കാരിനുമെതിരെ നിൽക്കുമ്പോൾ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കും.
നഗര കേന്ദ്രീകൃത മണ്ഡലത്തിൽ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നിൽക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാർത്ഥി നിർണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ, ട്വന്റി ട്വന്റി - ആപ് സംയുക്ത സ്ഥാനാർത്ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങൾക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.