കൊച്ചി: തൃക്കാക്കര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദിനെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ വിചാരണക്കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ദുബായിൽ നിന്ന് ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയതിന്റെ മുഖ്യസൂത്രധാരൻ സിറാജുദ്ദീനാണെന്നും നേരത്തെയും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു.

സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് കെ.പി. സിറാജുദ്ദീന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയായിൽ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്

ചാർമിനാർ, വാങ്ക് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ. സംഭവത്തിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. ഇത്തരത്തിൽ മുൻപും സ്വർണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് സിനിമാ നിർമ്മാതാവ് കെ പി സിറാജുദ്ദീനാണ് ഗൾഫിൽനിന്ന് സ്വർണം അയച്ചതെന്ന് വ്യക്തമായത്.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടിൽ നോട്ടീസ് നൽകി. എന്നാൽ അദ്ദേഹം ഹാജരായില്ല. എന്നാൽ ചൊവ്വാഴ്ച സിറാജുദ്ദീൻ ചെന്നൈയിൽ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. തൃക്കാക്കര സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീൻ.

നേരത്തെ സിറാജ്ജുദ്ദിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റംസ് സംഘം സിനിമ നിർമതാവ് സിറാജുദ്ദിന്റെ വീട്ടിലുമെത്തിയത്

രണ്ടരക്കിലോ വരുന്ന സ്വർണക്കട്ടികളാണ് ഇറച്ചിവെട്ട് യന്ത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. പാർസൽ ഏറ്റുവാങ്ങാൻ എത്തിയ വാഹന ഡ്രൈവർ നകുലിനെ കസ്റ്റംസ് ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിയത്

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് കാറിൽ യന്ത്രം കടത്തിയതിന് പിന്നാലെയാണ് പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥർ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചത്. ഈ പരിശോധനയിലാണ് യന്ത്രത്തിനുള്ള ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

സിറാജുദ്ദീനാണ് സ്വർണം യന്ത്രത്തിനുള്ളിലാക്കി ദുബായിൽ നിന്ന് കയറ്റി അയച്ചത് എന്നാണ് കസ്റ്റംസിന് കിട്ടിയിരിക്കുന്ന വിവരം. സിറാജുദ്ദീൻ സ്വർണം അയച്ചത് ഷാബിന് വേണ്ടിയാണെന്ന് ഡ്രൈവർ നകുൽ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. യന്ത്രം കൊണ്ടുപോകാൻ ഷാബിനും എത്തിയിരുന്നു. എന്നാൽ കസ്റ്റംസുകാരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.

തൃക്കാക്കര നഗരസഭയിലെ കരാറുകാരൻ കൂടിയായ ഷാബിൻ കരാർ ഇടപാടുകളിൽ നിന്ന് കിട്ടിയ ലാഭമാണ് കള്ളക്കടത്തിന് സ്വർണം വാങ്ങാൻ ഉപയോഗിച്ചത്. നഗരസഭയിലെ കരാർ ഇടപാടുകളിൽ കൂട്ടുപ്രതികൾക്കും പങ്കാളിത്തമുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്.

ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിന് 65 ലക്ഷം രൂപയാണ് ഷാബിൻ നിക്ഷേപിച്ചിരുന്നതെന്നാണ് വിവരം. സുഹൃത്തുക്കളായ രണ്ട് പേർ 35 ലക്ഷം രൂപയുമിട്ടിരിന്നു. ഒരു കോടി രൂപ ഹവാലയായി സിറാജുദ്ദീന് എത്തിച്ചിരുന്നു. ഷാബിൻ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സിറാജുദ്ദീന്റെ പങ്കാളിത്തം വ്യക്തമായത്. കള്ളക്കടത്തിലൂടെ കിട്ടിയ പണം സിറാജുദ്ദീൻ സിനിമയിൽ നിക്ഷേപിച്ചോ, കള്ളപ്പണം വെളുപ്പിക്കലിന് സ്വർണക്കള്ളക്കടത്ത് പണം ഉപയോഗിച്ചോ എന്നെല്ലാം അന്വേഷണപരിധിയിലുണ്ട്.