- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം; പ്രഖ്യാപനം വന്നത് രോഗി പരിചരണത്തിൽ തുടരവെ; കഴിഞ്ഞ തവണ ഇടത് തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്'; ഇത്തവണ തിരുത്തുമെന്നും ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷമെന്നും ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ്. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്ന് രാവിലേയാണ് ആലോചന നടക്കുന്നതായി അറിഞ്ഞത്. ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് പ്രഖ്യാപനം വന്നതെന്നും ജോ ജോസഫ് പറഞ്ഞു.
'ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥിത്വമാണ്. ഈ ദിവസങ്ങളിൽ രാവിലെയാണ് ഇത്തരത്തിൽ ഒരു ചർച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അതിനാൽ എന്നത്തേയും പോലെ ഇന്നും ജോലിക്ക് വന്നു. രോഗികളെ കണ്ടു. കുറച്ച് കഴിഞ്ഞ് വാർത്താ സമ്മേളനം ഉണ്ട്. അതിൽ കൂടുതൽ പ്രതീകരിക്കാം.' ജോ ജോസഫ് പറഞ്ഞു.
മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. വളരെ വലിയ വിജയം കേരളത്തിൽ ഇടത്പക്ഷത്തിനുണ്ടായപ്പോൾ അതിന്റെ ഭാഗമാകാൻ കഴിയാത്തതിൽ തൃക്കാക്കരയിലെ ജനങ്ങൾക്ക് പശ്ചാത്തപമുണ്ട്. അത് ഇത്തവണ തിരുത്തുംമെന്നും ജോ ജോസഫ് പറയുന്നു.
തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാർട്ടി മെഡിക്കൽ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാർട്ടി പരിപാടികളിൽ സജീവമായി പ്രവർത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടർ ജോ ജോസഫ് പറഞ്ഞു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അരിവാൾ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ തന്നെയായിരിക്കും മത്സരിക്കുക. എറണാകുളം ലിസി ആശുപ്രതിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമാണ് ഡോക്ടർ ജോ ജോസഫ്. 43 കാരനായ അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ജോ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി.എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേത്യനിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.
പ്രോഗ്രസ്സീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ (പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ ജോ ഹാർട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി) സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമാണ്. ആനുകാലികങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിലൂടെയും ശ്രദ്ധേയമാണ് ഡോ. ജോ ജോസഫ്. ''ഹൃദയപൂർവ്വം ഡോക്ടർ'' എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പൂഞ്ഞാർ കളപ്പുരയ്ക്കൻ കുടുംബാംഗമാണ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബർ 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടർ ദയാ പാസ്‌കലാണ് ഭാര്യ.കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാൻ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കൾ.
ഇങ്ങനെയൊരു സ്ഥാനാർത്ഥി തൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എൽഡിഎഫിലില്ലെന്നും ജയരാജൻ പറഞ്ഞു. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്.
ഇടതുമുന്നണി തൃക്കാക്കരയിൽ വിജയിക്കും. ഇടതുമുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. വികസന വിരോധികളുടെ മുന്നണിയാണു യുഡിഎഫ്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എൽഡിഎഫ് തയാറാക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എൽഡിഎഫ് 99 സീറ്റിലെത്തി. സീറ്റിലുണ്ടായ വർധന മാത്രമല്ല ബഹുജനങ്ങൾക്കിടയിൽ വലിയ പിന്തുണയും അംഗീകാരവും നേടാൻ ഇടതു മുന്നണിക്കു സാധിച്ചു. ജനങ്ങൾ പ്രളയത്തെയും മാഹാമാരിയെയും നേരിടുന്ന സാഹചര്യത്തിൽ ജനരക്ഷയ്ക്കായി മുന്നണിയും സർക്കാരും ചെയ്ത കാര്യങ്ങൾ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നു. പിന്നോക്കാവസ്ഥയിൽ കിടക്കുന്ന കേരളത്തെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. ഭവനരഹിതരില്ലാത്ത കേരളം, ആരോഗ്യ സമ്പുഷ്ടമായ നാട്, മതസൗഹാർദം മെച്ചപ്പെടുത്തി ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകും. ദേശീയ ബദൽ രൂപപ്പെടുത്തി ജനക്ഷേമ പ്രവർത്തനത്തിലൂടെ ഇന്ത്യയിൽ ഉയർന്നുവരികയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ