- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പണക്കിഴി വിവാദത്തിൽ കോൺഗ്രസ് തെളിവെടുപ്പ് നാളെ; മൊഴിയിൽ ഉറച്ചുനിൽക്കുമെന്ന് കൗൺസിലർ സുരേഷ്; അജിതാ തങ്കപ്പന് തലവേദനയായി പുറത്തുവന്ന ഫോൺസംഭാഷണവും; തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സൺ കൂടുതൽ കുരുക്കിലേയ്ക്ക്
കൊച്ചി: തൃക്കാക്കര നഗരസഭയിൽ കൗൺസലർമാർക്ക് ഓണസമ്മാനമായി ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ 10000 രൂപ വീതം നൽകിയെന്ന വിവാദത്തിൽ കോൺഗ്രസ് അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് നാളെ. ചെയർപേഴ്‌സണെതിരായ മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് ആവർത്തിച്ചു. അജിത തങ്കപ്പൻ കൗൺസിലർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് തെളിയിക്കാൻ കഴിയും. പാർട്ടി കമ്മീഷന് മുന്നിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പണം കൈമാറിയെന്ന് സമ്മതിച്ച കോൺഗ്രസിലെ ഏക കൗൺസിലറാണ് സുരേഷ്.
ഒന്നാംഓണത്തിന്റെ തലേന്നാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൻ 10,000 രൂപയും സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്‌സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതിയും നൽകി.
സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കോൺഗ്രസും പ്രതിരോധത്തിലാകുകയായിരുന്നു. സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്‌സന്റെ നടപടിയിൽ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്‌സന് തിരിച്ചു നൽകുന്നതിന്റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.
അതേസമയം, പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നൽക്കുന്ന ചെയർപേഴ്‌സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്തായത് അജിത തങ്കപ്പന് തിരിച്ചടിയാകും.
കൂടുതൽ ഭരണപക്ഷ കൗണ്‌സിലർമാർ അധ്യക്ഷയ്‌ക്കെതിരെ വരുംദിവസങ്ങളിൽ രംഗത്ത് വരുമെന്നാണ് സൂചന. ചെയർപേഴ്‌സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ