തിരുവനന്തപുരം: സംഗീതജ്ഞനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദൻ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

ചങ്ങനശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ സച്ചിദാനന്ദൻ ഏറെക്കാലമായി തിരുവനന്തപുരത്തായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്ച.

ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന സിനിമയിലും നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത കർണാടക സംഗീതജ്ഞൻ ട്രിച്ചി ഗണേശന്റെ ശിഷ്യനാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ്, സംഗീത ശിരോമണി അവാർഡ്, ആലപ്പുഴ തിരുവമ്പാടി ദേവസ്വത്തിന്റെ ആദ്യ അമ്പാടി കണ്ണൻ പുരസ്‌കാരം, കാഞ്ചി കാമകോടി 'ആസ്ഥാന വിദ്വാൻ' പുരസ്‌കാരം, മധുര ഗാനസുധ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.