കൊച്ചി: യുഡിഎഫിന്റെ പ്രസ്റ്റീജ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം നിലവിൽ കോഴ ആരോപണം നേരിടുന്ന മന്ത്രി കെ ബാബുവിനു തന്നെ. തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു ചുവരെഴുത്തു തുടങ്ങിയിട്ടുള്ള കെ ബാബുവിനെതിരേ സ്ഥാനാർത്ഥികളെ അണിനിരത്താൽ ബിജെപിക്കും സിപിഎമ്മിനും ആയിട്ടില്ല. കെ ബാബുവിന് അനുകൂലമായി യാതൊരു അടിയൊഴുക്കും അനുവദിക്കില്ലെന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചിട്ടുള്ളതെങ്കിലും സ്ഥാനാർത്ഥി നിർണയത്തിലുള്ള അനിശ്ചിതത്വം തൃപ്പൂണിത്തുറ മണ്ഡലത്തെ വാർത്താ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

സംസ്ഥാന നേതൃത്വം കൊണ്ടുവരുന്ന സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ അണികൾ മടിച്ചതോടെയാണ് ഇരുമുന്നണികളിലും സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാക്കിയത്. ബിജെപിയിൽ സംവിധായകൻ മേജർ രവിയുടേയും സംസ്ഥാന സെക്രട്ടറി എ എൻ രാധാകൃഷ്ണന്റേയും പേരുകൾ പറഞ്ഞു കേട്ടെങ്കിലും പിന്നീട് ഇതിനെ കുറിച്ച് പാർട്ടിക്ക് മിണ്ടാട്ടമില്ലാതായി. പകരം എ എൻ രാധാകൃഷ്ണന്റെ സഹോദരൻ എ എൻ. നന്ദകുമാറിന്റെ പേരാണ് ഉയർന്നത്.

അതേസമയം മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി ആർ ജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ. പി സുബ്രഹ്മണ്യൻ എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റി നിർദ്ദേശം നൽകിയത്. ബിജെപിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ നിലപാട് പലപ്പോഴും കെ.ബാബു വിന് അനുകൂലമാണെന്നതും മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധത്തിന് ഇടയാക്കി. യു. മധുസൂദനനാണ് പുതുതായി രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ്. ഒത്തുതീർപ്പ് എന്നനിലയിൽ പ്രഫ. തുറവൂർ വിശ്വംഭരനെ സ്ഥാനാർത്ഥിയാക്കാനാണു നീക്കം.
അതേസമയം ഇരുമുന്നണികളും സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ മടി കാണിക്കുന്നത് കച്ചവട രാഷ്ട്രീയമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയത്തിൽ ആർ എസ് എസ് നേതൃത്വവുമായുള്ള ഭിന്നതയിൽ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റി മുഴുവൻ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ബിജെപി ജില്ലാ നേതൃത്വത്തിലെ പ്രമുഖൻ കെ ബാബുവുമായി രഹസ്യധാരണയുണ്ടാക്കി എന്നാണ് ആരോപണം.
സിപിഎമ്മിന്റെ കാര്യത്തിലും ഇതേ ആശയക്കുഴപ്പം തന്നെയാണ് നിലനിർക്കുന്നത്. ജില്ലാ സെക്രട്ടറി പി രാജീവിനെ സ്ഥാനാർത്ഥിയാക്കുമെന്ന് ഉറപ്പിച്ച വേളയിലാണ് സംസ്ഥാന നേതൃത്വം രാജീവിന്റെ പേരു തള്ളുന്നത്. എന്നാൽ രാജീവിനു പകരം ഉയർന്നു വന്ന പേരുകൾ അണികൾക്ക് അംഗീകരിക്കാനായിട്ടില്ല.

തുടർന്ന് രാജീവിന് അനുകൂലമായി മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായതിനാൽ ഇതൊരു തന്ത്രമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയെ അവസാനനിമിഷം കളത്തിലിറക്കി ആവേശം ഉയർത്താനുള്ള നീക്കമാണ് അവർ ഇതിൽ കാണുന്നത്