- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് പെൺകുട്ടിയെ തെരുവിൽ നിന്നും റസാഖും കുടുംബവും എടുത്തു വളർത്തിയത് എട്ടാം വയസിൽ; 14 വർഷം സ്വന്തം മകളായി കണ്ട് സംരക്ഷിച്ചു; കല്ല്യാണ പ്രായമായപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ചു ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു കൊടുത്തു; പൊന്നും പണത്തിനുമൊപ്പം പാർക്കാൻ പുതിയൊരു വീടും പണിതു നൽകി; തൃപ്രയാറിൽ നിന്നൊരു നന്മയുടെ കഥ
തൃപ്രയാർ: ചില ജീവിത കഥകൾ ചിലപ്പോൾ സിനിമാക്കഥകെളെ പോലും വെല്ലുന്ന വിധത്തിലുള്ളതായിരിക്കും. അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നും പുറത്തുവരുന്നത്. ജാതിയെയും മതത്തേയുമൊക്കെ സ്നേഹം കൊണ്ട് മറികടന്നൊരു അപൂർവ്വ കഥ. പതിനാല് വർഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെൺകുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംരക്ഷിച്ച പെൺകുട്ടിയെ വിവാഹ പ്രായമായപ്പോൾ നാടും മതവുമൊന്നും തടസ്സമാകാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. ഈ നന്മ നിറഞ്ഞ പ്രവർത്തിക്ക് പിന്നിൽ റസാഖും കുടുംബവുമാണ്.
മതമൊന്നും തടസ്സമാകാതെ വളർന്നവർ സ്വന്തം മകളായി തന്നെയാണ് ആ വീട്ടിൽ സുരക്ഷിതയായി കഴിഞ്ഞത്. വിവാഹപ്രായമായപ്പോൾ പൊന്നും പുതുവസ്ത്രങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല പുതിയൊരു വീടും അവൾക്ക് പണിതുനൽകി തൃപ്രയാർ പുതിയവീട്ടിൽ റസാഖും കുടുംബവും. എല്ലാ അർത്ഥത്തിലും പ്രവർത്തികൊണ്ട് ഒതു തമിഴ് പെൺകുട്ടിയുടെ അച്ഛനും അമ്മയുമായി റസാഖും നൂർജഹാനും.
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു റസാഖ്. ിഈ വീട്ടിൽ എട്ടുവയസ്സുള്ളപ്പോൾ എത്തിയതാണ് ഈ തമിഴ് പെൺകുട്ടി. തെരുവിൽ കഴിയുന്നതിനിടെയാണ് കവിതയെ കിട്ടിയത്. അന്നുമുതൽ ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകളായാണ് കവിത ജീവിച്ചത്. വർഷത്തിലൊരിക്കൽ സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കൾ മകളെ വന്നുകാണുമെങ്കിലും 14 വർഷത്തിനിടയിൽ രണ്ടുതവണ മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത പോയിട്ടുള്ളത്.
കേരളത്തിന്റെ രീതികളുമായും റസാഖിന്റെ കുടുംബവുമായും ഏറെ പൊരുത്തപ്പെട്ട കവിതയ്ക്ക് വിവാഹപ്രായം ആയതോടെ അഭയം നൽകിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരൻ. ഫോട്ടോഗ്രാഫറും സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനുമാണ് ശ്രീജിത്ത്. അലങ്കാരമത്സ്യകൃഷിയും ഉണ്ട്.
റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകൾ നടന്നതു. വീടിനോടു ചേർന്നുതന്നെ നാലുസെന്റ് ഭൂമിയിൽ പുതിയ വീടും കവിതയ്ക്കായി പണിതുനൽകിയിട്ടുണ്ട്. റസാഖിന്റെ പെൺമക്കളുടെ വകയായി പന്ത്രണ്ടുപവനോളം സ്വർണവും നൽകി. വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരിമാരും വന്നിരുന്നു.
മറുനാടന് ഡെസ്ക്