കൊച്ചി : തൃപ്പുണ്ണിത്തുറയിൽ വീണ്ടും കെ ബാബു-എം സ്വരാജ് മത്സരം. കഴിഞ്ഞ തവണ ബാബുവിന്റെ പടയോട്ടം തടഞ്ഞ് സ്വരാജ് സീറ്റ് സ്വന്തമാക്കി. ഇത്തവണ പിടിച്ചെടുക്കുമെന്ന് ബാബു പറയുന്നു. അതിന് ആയുധങ്ങൾ രാകി മിനുക്കുന്നു. മണ്ഡലത്തിന്റെ ഹൈന്ദവ സ്വഭാവവും പരമാവധി മുതലാക്കാനാണ് നീക്കം. ഇതിന് വേണ്ടി ശബരിമലയും.

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പ്രസംഗം പ്രചാരണായുധമാക്കി യുഡിഎഫും ബിജെപിയും തൃപ്പുണ്ണിത്തുറയിൽ പ്രചരണം നയിക്കുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് കൺവെൻഷനിൽ സ്ഥാനാർത്ഥി കെ.ബാബുവിനു തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരിയാണു നൽകിയത്. ഇവിടെ കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ ബാബുവിനെ ശബരിമല മേൽശാന്തി പിന്തുണയ്ക്കുന്നത് കോ്ൺഗ്രസിന് കൂടുതൽ മുൻതൂക്കം നൽകുമെന്നാണ് സൂചന.

അയ്യപ്പനെ അവഹേളിച്ച എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിർന്നതെന്നു ശശിധരൻ നമ്പൂതിരി പറഞ്ഞു. ഇതേ പ്രസംഗം തന്നെ സ്വരാജിനെതിരെ മണ്ഡലത്തിൽ ബിജെപിയും ഉപയോഗപ്പെടുത്തുന്നുണ്ട്. പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്നു 'കുത്തിപ്പൊക്കി' വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചാണ് സ്വരാജിനെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് മേൽശാന്തിയുടെ ഇടപടെൽ.

തുടർച്ചയായി അഞ്ചു തവണ വിജയിച്ചെങ്കിലും ബാർ കോഴ ആരോപണത്തിൽ കുടുങ്ങി മുൻ മന്ത്രി കെ. ബാബു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വരാജിനോട് പരാജയപ്പെട്ടു. ഇക്കുറിയും ബാബു തന്നെ സ്വരാജിനെ നേരിടും. ബിജെപി ഏറ്റവും മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയിലെ മണ്ഡലം. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി.

ഇന്ന് ബാർ കോഴക്കേസിൽ കെ. ബാബുവിനെതിരെ തെളിവില്ലെന്ന് കോടതിയിൽ വിജിലൻസ് നൽകിയ റിപ്പോർട്ടാണ് യു.ഡി.എഫിന്റെ പിടിവള്ളി. വികസന പദ്ധതികൾ ഉയർത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. സ്വരാജിന്റെ മികച്ച പ്രതിച്ഛായ രണ്ടാം വിജയം ഉറപ്പാക്കുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ ഉയർന്ന വോട്ടാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനിടെയാണ് ശബരിമലയും ചർച്ചയാക്കുന്നത്.

യുഡിഎഫ് ഭരിച്ച തൃപ്പൂണിത്തുറ നഗരസഭയിൽ 2 ടേം ആയി പ്രതിപക്ഷം ബിജെപിയാണ്. ഭരണം എൽഡിഎഫിനും. 5 വർഷത്തെ വികസനനേട്ടം സ്വരാജിനു കൈമുതലായുണ്ട്. മണ്ഡലത്തിനു ചുറ്റുമായി ഉണ്ടായിരുന്ന 4 ടോൾ പിരിവുകൾ അവസാനിപ്പിച്ചതു മുതൽ ഒട്ടേറെ കാര്യങ്ങൾ. ഡോ. കെ.എസ്.രാധാകൃഷ്ണൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. മണ്ഡലത്തിൽ ഒട്ടേറെ ശിഷ്യസമ്പത്തുള്ളയാൾ. ബിജെപി ഉയർന്ന പരിഗണന നൽകുന്ന മണ്ഡലമായതിനാൽ പ്രചാരണത്തിലും അതിന്റെ വീറുണ്ടാകും.

തൃപ്പൂണിത്തുറ, മരട് നഗരസഭകളും കൊച്ചി കോർപറേഷന്റെ 8 ഡിവിഷനുകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ മരട് മാത്രമേ യുഡിഎഫ് ഭരണത്തിലുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലേക്കാൾ കൂടുതൽ സീറ്റ് നേടാൻ ബിജെപിക്കു കഴിഞ്ഞു. വികസനവും വ്യക്തിബന്ധങ്ങളും ജാതിസമവാക്യങ്ങളും നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ തൃപ്പൂണിത്തുറയിൽ വിധി നിർണയിക്കും.