ഗുവാഹത്തി : കോൺഗ്രസുകാരെല്ലാം ബിജെപിക്കാരായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സിപിഎമ്മും ബിജെപിയും നേർക്കുനേർ പോരാട്ടമാണ് ത്രിപുരയിൽ. ഇന്ത്യയിൽ മറ്റൊരിടത്തും സിപിഎമ്മും ബിജെപിയും ഇങ്ങനെ അധികാരത്തിനായി മത്സരിക്കുന്നില്ല. പ്രധാനമന്ത്രി മോദി തന്നെയാണ് ത്രിപുരയിലും ബിജെപിയുടെ തുറുപ്പ് ചീട്ട്. എന്നാൽ മുഖ്യമന്ത്രി മണിക് സർക്കാർ തന്നെയാണ് ഇവിടെ താരം. വീണ്ടും മണിക് സർക്കാരിലൂടെ സിപിഎം അധികാരം നിലനിർത്തുമെന്നാണ് വിലയിരുത്തലുകൾ.

ഇടതിനും വലതിനും മധ്യേ പ്രതീക്ഷകളില്ലാതെ നിൽക്കുന്ന കോൺഗ്രസിൽ നിന്നു കൂടുതൽ പേർ ബിജെപിയിലേക്കു കൂറുമാറാൻ തയ്യാറെടുക്കുന്നു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രദ്ദ്യോത് കിഷോർ ദേബ് ബർമൻ ബിജെപിയിലേക്കു പോകുമെന്ന് അഭ്യൂഹമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യ ആസൂത്രകൻ ഹിമാനന്ദ ബിശ്വർമയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. അങ്ങനെ കോൺഗ്രസുകാരെല്ലാം ബിജെപിക്കാരാവുകയാണ് ഇവിടെ. അപ്പോഴും മണിക് സർക്കാരിന് വെല്ലുവിളി ഉയർത്താൻ ബിജെപിക്ക് കഴിയുന്നില്ല. മണിക് സർക്കാരിന് ജനങ്ങൾക്കിയിലുള്ള പ്രതിച്ഛായ തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് ത്രിപുരയിൽ സിപിഎം വെല്ലുവിളികൾ ഒന്നും കാണുന്നതുമില്ല.

അപ്പോഴും പരമാവധി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. മോദി പ്രചരണത്തിൽ നിറയും. ത്രിപുരയിൽ ബിജെപിയുടെ പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുവട്ടമെത്തും. എട്ടിന് ആദ്യ സന്ദർശനത്തിൽ മൂന്നു പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്ന മോദി, 15നു വീണ്ടുമെത്തും. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, നിർമല സീതാരാമൻ തുടങ്ങി 40 മുതിർന്ന നേതാക്കളും പ്രചാരണത്തിനായി ത്രിപുരയിലെത്തുന്നുണ്ട്. 18ന് ആണു തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ അടുത്തമാസം മൂന്നിന്.

സിപിഎം മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 20 വർഷമായി ത്രിപുരയെ നയിക്കുന്ന, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി മണിക് സർക്കാർ ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും മൽസരിക്കുന്നുണ്ട്. പ്രായവും അനാരോഗ്യവും പരിഗണിച്ച് 12 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി. ധൻപുരിലാണു മണിക് സർക്കാർ ഇത്തവണയും ജനവിധി തേടുന്നത്. അറുപതംഗ നിയമസഭയിൽ സിപിഐ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് എന്നിവർക്ക് ഓരോ സീറ്റ് മാത്രമാണു സിപിഎം നൽകിയത്.

25 വർഷമായി സിപിഎം ഭരിക്കുന്ന ത്രിപുരയിൽ കാവിക്കൊടി പാറിക്കുക എന്ന ലക്ഷ്യത്തോടെ 51 സീറ്റിലാണു ബിജെപി മൽസരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ബാക്കി ഒൻപതു സീറ്റിൽ മൽസരിക്കും. ഇടതുവിരുദ്ധ ഗോത്രവിഭാഗ പാർട്ടിയാണ് ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര). ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷൻ ബിപ്ലവ് കുമാർ ദേവ് മൽസരിക്കുന്നുണ്ട്.