തൃശൂർ: നഗരത്തിലെ ദയാ ഹോസ്പിറ്റൽ മാനേജ്‌മെന്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെന്ന പേരിൽ ഏക്കർ കണക്കിന് ഭൂമി മണ്ണിട്ടു നികത്തുന്നതായി പരാതി. പരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീർത്തടത്തിൽപ്പട്ട ഭൂമിയാണ് നികത്തിവരുന്നത്.

ദിവസവും രാത്രി രണ്ടു മണിയോടെയാണ് ടിപ്പർ ലോറികളിൽ മണ്ണെത്തിച്ച് ഇവിടം നികത്തുന്നത്. ദിനംപ്രതി ചെറിയഭാഗങ്ങളാണ് മണ്ണിട്ടു നികത്തുന്നത്. മാസങ്ങളായി അധികാരികളുടെ ഒത്താശയോടെ പാടം മണ്ണിട്ടു നികത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദിവസം പ്രതി ഹോസ്പിറ്റലിലെ പാർക്കിങ് ഏരിയ വികസിച്ചുവരികയാണ്. ഇവിടെ പാർക്കിംഗിന് ഫീസും ഈടാക്കുന്നുണ്ട്. ഹോസ്പിറ്റലിന്റെ പിറകിലെ പാടമാണ് നികത്തിവരുന്നത്. അഞ്ചു സെന്റിൽ വീട് വെയ്ക്കാനുള്ളവർക്കു പോലും അധികാരികൾ ഇവിടെ ഭൂമി നികത്താൻ അനുമതി നൽകുന്നില്ല.

2008 ഓഗസ്റ്റ് 12-ലെ നെൽവയൽ തണ്ണീർത്തടസംരക്ഷണ നിയമം അനുസരിച്ച് പാടങ്ങളും നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നത് ഗുരുതരമായ പരിസ്ഥിതി ലംഘനവും കുറ്റകരവുമാണ്. ഈ നിയമം നിയമസഭ അന്ന് ഐകകണ്‌ഠ്യേനയാണ് പാസ്സാക്കിയത്. നിയമസഭയിൽ വിശദമായ ചർച്ച അന്ന് അർധരാത്രി വരെ നീണ്ടു. വില്ലേജോഫീസിലെ സർവെ നമ്പർ പ്രകാരമുള്ള ബേസിക് ടാക്‌സ് രജിസ്റ്ററിൽ (ബി.ടി.ആർ) നിലമെന്ന് രേഖപ്പെടുത്തിയവയാണ് വൻതോതിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് വൻതോതിൽ നികത്തുന്നത്.

സമീപത്തുള്ള തോട്ടിലേക്ക് ദയ ഹോസ്പിറ്റലിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു. 1966-ലാണ് കേരളത്തിൽ അവസാനമായി റീസർവെ നടന്നത്. തണ്ണീർത്തടസംരക്ഷണനിയമം നിലവിൽ വന്ന ശേഷം അഞ്ച് സെന്റ് നിലം നികത്തി വീട് നിർമ്മിക്കുന്നവർക്ക് പോലും അനുമതി കിട്ടണമെങ്കിൽ കൃഷി, വില്ലേജോഫീസുകൾ പല തവണ കയറിയിറങ്ങേണ്ടതുണ്ട്.