തൃശൂർ: പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു തൃശൂർ എക്സ്‌പ്രസ് പത്രത്തിന്റെ മാനേജ്‌മെന്റിലെ പ്രമുഖർ കൈമലർത്തിയപ്പോൾ വഴിയാധാരമായതു ജീവനക്കാർ. അവസാന കാലത്ത് കുടിശികയായി കിട്ടാനുണ്ടായിരുന്ന 60 ലക്ഷം രൂപ പിരിച്ചെടുത്തപ്പോഴാണു തൊഴിലാളികൾക്കു നൽകാനുള്ള ആനുകൂല്യമൊന്നും നൽകാതെ അധികൃതർ കടന്നുകളഞ്ഞത്.

1994ൽ സുബ്രമണ്യൻ സ്വാമി ചെയർമാൻ ആയി മുന്നോട്ടുപോയ എക്സ്‌പ്രസ്സ് പത്രം എട്ടു വർഷത്തിനു ശേഷം പൂട്ടിപോകുമ്പോൾ നഷ്ടത്തിൽ ഓടിയിരുന്ന പത്രത്തിലെ ജീവനക്കാർക്കു ശമ്പള കുടിശികയോ മറ്റു ആനുകുല്യങ്ങളോ നൽകിയിരുന്നില്ല. 2002ൽ എക്സ്‌പ്രസ്സ് പത്രം പൂർണമായും നിർത്തുമ്പോൾ മുൻപ് പത്രം പ്രസിദ്ധീകരിച്ച സർക്കാർ പരസ്യത്തിൽ നിന്നും ലഭിക്കേണ്ടിയിരുന്ന ബാക്കി തുക 60 ലക്ഷം പത്രം അടച്ചുപൂട്ടിയശേഷം ലഭിച്ചിരുന്നു.

എന്നാൽ, കിട്ടിയ 60 ലക്ഷം രൂപയിൽ ഒരു രൂപ പോലും നിലവിലുള്ള ജീവനക്കാർക്ക് കൊടുക്കാതെ അന്നത്തെ പത്ര മാനേജ്‌മെന്റ് പൂർണമായും കൈകലാക്കുകയായിരുന്നു. പത്രത്തിന്റെ അന്നത്തെ ചുമതല വഹിച്ചിരുന്ന കേരള ജനത പാർട്ടിയുടെ സംസ്ഥാന നേതാവ് ജയശങ്കർ മുഖേനയായിരുന്നു പണം കൈമാറിയത്. എന്നാൽ, പണം സുബ്രമണ്യൻ സ്വാമിയുടെ കൈകളിൽ എത്തിയിട്ടില്ലെന്നാണ് പത്രത്തിൽ അന്ന് ജോലി ചെയ്തിരുന്ന ചിലരുടെ ആക്ഷേപം. പണം ജയശങ്കറിന്റെ കയ്യിലാണെന്നും പണം സ്വാമിക്ക് കൈമാറിയെന്നും ഇവർ പരസപരം അന്ന് ആരോപിക്കുകയല്ലാതെ ഈ പണം എവിടെ പോയി എന്നുള്ളത് ഇപ്പോഴും ആർക്കും അറിയില്ലെന്നും പഴയ ജീവനക്കാർ ആരോപിക്കുന്നു.

1994ലാണ് വലിയ പ്രതീക്ഷകൾ ജീവനക്കാർക്കു നൽകി എക്സ്‌പ്രസ്സ് ദിനപത്രത്തിന്റെ ചെയർമാനായി സുബ്രമണ്യൻ സ്വാമി ചുമതലയേൽക്കുന്നത്. അന്ന് എംഡി ആയി പത്രത്തിന്റെ പഴയ ഉടമ കെ ബാലകൃഷ്ണനെയും സ്വാമി നിയമിച്ചു. തന്റെ അമ്മയുടെ നാടാണ് തൃശൂർ എന്നും പത്രത്തിനോടും അതിറങ്ങുന്ന നാടിനോടും തനിക്ക് വല്ലാത്ത ഒരു ബന്ധമുണ്ടെന്നും പത്രം ഏറ്റെടുക്കുമ്പോൾ സ്വാമി പറഞ്ഞതായി അന്ന് ജോലി ചെയ്തുകൊണ്ടിരുന്ന പത്രക്കാർ ഓർക്കുന്നു. ഇന്നത്തെ ബിജെപിയുടെ ചിന്തകനും നേതാവുമായി പ്രവർത്തിക്കുന്ന സ്വാമി അക്കാലത്തു സോഷ്യലിസ്റ്റു പാർട്ടിയിൽ ദേശീയ തലത്തിലെ വലിയ നേതാവായിരുന്നു. എക്സ്‌പ്രസ്സ് പത്രത്തിന്റെ സ്ഥാപകൻ കെ കൃഷ്ണന്റെ മകനായ കെ. ബാലകൃഷ്ണനെ എം.ഡി സ്ഥാനത്ത് പുറത്താക്കി സ്വാമി പിന്നീട് ആ സ്ഥാനത്ത് സോഷ്യലിസ്റ്റു പാർട്ടിയുടെ കേരള നേതാവായ ജയശങ്കറെ നിയമിച്ചു.

എക്സ്‌പ്രസ്സ് ബിൽഡിഗ് ഉടമസ്ഥാവകാശം പത്രത്തിന്റേതാണെന്നു കാണിച്ചു സുബ്രമണ്യൻ സ്വാമി പഴയ പത്രമുടമ കെ. ബാലകൃഷ്ണന് എതിരെ കേസ് കൊടുത്തിരുന്നു. പക്ഷെ ബിൽഡിങ് ബാലകൃഷ്ണന്റെയാണെന്നും വാടകകുടിശിക ഇനത്തിൽ പത്രം കൊടുക്കാനുള്ള തുക അടക്കം നഷ്ടപരിഹാരമായി ബാലകൃഷ്ണനു കൊടുക്കണമെന്നും കോടതി വിധിച്ചു. എന്നാൽ ഈ പണം പഴയ പത്രമുടമയുടെ കൈകളിൽ കിട്ടിയിട്ടില്ല എന്നാണ് അന്ന് ജോലിചെയ്ത ജീവനക്കാർ പറയുന്നത്. ആദ്യം ചെയർമാനായിരുന്ന സുബ്രമണ്യൻ സ്വാമി പിന്നിടു രക്ഷാധികാരിയാവുകയും എംഡി ആയിരുന്ന ജയശങ്കർ പത്രത്തിന്റെ ചെയർമാനാവുകയും ചെയ്തു. ഈ സമയത്താണ് പത്രം വലിയ സാമ്പത്തിക പ്രശ്‌നത്തിലേക്കെത്തുന്നതും അടച്ചുപൂട്ടുന്നതും.

അവസാന കാലത്ത് 2002 ൽ സാമ്പത്തിക പ്രതിസന്ധിയാൽ പത്രം അടച്ചുപൂട്ടിപ്പോകുമ്പോൾ സർക്കാർ പരസ്യങ്ങൾ നൽകുന്ന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റിന്റെ കയ്യിൽ നിന്നും പരസ്യയിനത്തിൽ കിട്ടാനുള്ള 60 ലക്ഷം രൂപ എക്സ്‌പ്രസ്സ് ചെയർമാനും അന്നത്തെ ജനത പാർട്ടിയുടെ സംസ്ഥാന നേതാവുമായിരുന്ന ജയശങ്കർ മുഖാന്തരമാണ് വാങ്ങിയത് എന്നും ഈ പണം മാനേജ്‌മെന്റു അറിയാതെ തട്ടിയെടുത്തു എന്നുമാണ് അന്നത്തെ പത്രജീവനക്കാർ ആരോപിക്കുന്നത്. വലിയ അട്ടിമറികളിലുടെയാണു സ്വാമിയും ജയശങ്കറും പത്രം കൈകലാക്കിയതെന്നും ഇവർ ആരോപിക്കുന്നു.

എക്സ്‌പ്രസ്സ് ദിനപത്രത്തിൽ സ്വാമിയേ കുടാതെ അന്ന് എൻ.എസ്.എസിനും ഷെയർ ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. പണം തിരികെ കിട്ടില്ല എന്ന് മനസിലാക്കി അന്ന് ആ പണം എൻ.എസ്.എസ് ഉപെഷിക്കുകയായിരുന്നുവെന്നും പറയുന്നു. അന്നത്തെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങൾ പത്ര പ്രവർത്തക യൂണിയനും (കെയുഡബ്ല്യുജെ) അത്ര ഗൗരവമായി കണ്ടില്ലെന്നും അങ്ങനെ അന്ന് കണ്ടിരുന്നുവെങ്കിൽ പ്രശ്‌നം നല്ല രീതിയിൽ പരിഹരിക്കാൻ സാധിച്ചേനെയെന്നും ഇവർ പറയുന്നു.

ദേശീയതലത്തിൽ നാഷണൽ ഹെറാൾഡ് കേസ് സജീവ ചർച്ചയായി നിൽക്കെയാണ് തൃശൂർ എക്സ്‌പ്രസ് പത്രത്തിലെ മുൻ ജീവനക്കാരും കേരളാ ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷനും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ രംഗത്ത് എത്തിയത്. പത്രം ഏറ്റെടുത്ത സുബ്രഹ്മണ്യൻ സ്വാമി പിഎഫ്, ഇഎസ്‌ഐ വിഹിതമടയ്ക്കാതെ ജീവനക്കാരെ വഞ്ചിച്ചു എന്ന് ആക്ഷേപമുയർന്നിരുന്നു. സ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും ജീവനക്കാർ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തൃശൂർ എക്സ്‌പ്രസ് പത്രത്തിന്റെ ചെയർമാനായിരുന്ന സ്വാമി പത്രം പിന്നീട് അടച്ചു പൂട്ടുകയും ഇവിടെയുണ്ടായിരുന്ന 165 തൊഴിലാളികളെ വഞ്ചിക്കുകയുമായിരുന്നുവെന്നാണ് ആക്ഷേപം.

തൃശൂർ ആസ്ഥാനമായി പുറത്തിറങ്ങിയ എക്സ്‌പ്രസ് പത്രത്തിന്റെ 51 ശതമാനം ഓഹരികൾ 1993ലാണ് സ്വാമി സ്വന്തമാക്കുന്നത്. ഏഴുവർഷത്തിനുശേഷം പത്രം ലോക്കൗട്ട് ചെയ്യുമ്പോൾ ശമ്പള കുടിശ്ശികയുണ്ടായിരുന്നു. പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങൾ മുടക്കം വരുത്തിയെന്നും ജീവനക്കാർ ആരോപിക്കുന്നു.

സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജയലളിതയെയും ശശി തരൂരിനെയുമൊക്കെ പ്രതിയാക്കി കോടതി കയറ്റി കേമത്തം കാട്ടിയ സുബ്രഹ്മണ്യൻ സ്വാമി തൃശൂർ എക്സ്‌പ്രസ് പത്രത്തിന്റെ കാര്യത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. അഴിമതിക്കെതിരെ പോരാടുന്ന വാളാണ് സ്വാമിയെന്നു ബിജെപിയും അനുകൂലികളും അക്കമിട്ടു നിരത്തുമ്പോഴാണു തൃശൂരിലെ എക്സ്‌പ്രസ് ദിനപത്രത്തിലെ പഴയ ജീവനക്കാർ സ്വാമിക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. വഞ്ചനയുടെ കറ പുരണ്ട സ്വാമിയെ പ്രതിഭാഗത്താക്കാൻ പ്രതിപക്ഷത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കിട്ടിയ തുറുപ്പുചീട്ടാണ് എക്സ്‌പ്രസ് പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഈ വിഷയം സ്വാമിക്ക് എതിരെ ആയുധമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായാണ് സൂചന.

തൃശൂരിൽ ഒരു കാലത്ത് ഏറ്റവും കുടുതൽ പ്രചാരത്തിലിരുന്ന പത്രമായിരുന്നു എക്സ്‌പ്രസ്സ്. ഇന്നത്തെ ജനതാദളിന്റെയും ജനതാ പാർട്ടിയുടെയും പൂർവരൂപമായിരുന്ന സോഷ്യലിസ്റ്റു പാർട്ടിയുടെ ജിഹ്വയായി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് എക്സ്‌പ്രസ്സ് ദിനപത്രം തൃശൂരിൽ പിറവികൊള്ളുന്നത്. പത്രപ്രവർത്തനത്തെക്കുറിച്ചും പത്രം അച്ചടിയെക്കുറിച്ചും നല്ല അറിവുണ്ടായിരുന്ന എ. കൃഷ്ണനാണ് 1944 ൽ എക്സ്‌പ്രസ്സ് പത്രം തൃശൂരിൽ ആരംഭിച്ചത്. കുന്നത്ത് ജനാർദ്ദനൻ മേനോനായിരുന്നു എക്സ്‌പ്രസിന്റെ ആദ്യ പത്രാധിപർ. പിന്നിട് വന്ന കരുണാകരൻ നമ്പ്യാർ എന്ന പത്രപ്രവർത്തകൻ എക്സ്‌പ്രസ്സ് ദിനപത്രത്തിൽ പത്രാധിപർ ആയതോടെയാണ് കുടുതൽ സോഷ്യലിസ്റ്റു ചിന്താഗതികളും ആശയങ്ങളുമായി എക്സ്‌പ്രസ്സ് മാറിയത്.