തൃശൂർ: ആശുപത്രി മാനേജ്‌മെന്റിന്റെ അടിമകളായിരിക്കാൻ തങ്ങളില്ലെന്നുറക്കെ പ്രഖ്യാപിച്ച് നഴ്‌സുമാർ നടത്തിയ സമരം വിജയം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ യുഎൻഎയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയുടെ ഭാഗമായി രണ്ടാഴ്ചയായി നടത്തിവന്ന സമരം പിൻവലിക്കുകയായിരുന്നു.

ജൂബിലി ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. സമരത്തിന് പിന്തുണ നൽകിയ ഓൺലൈൻ പത്രമായ മറുനാടൻ മലയാളിക്ക് യുഎൻഎ പ്രത്യേക നന്ദിയും അറിയിച്ചു.

ഇന്ന് നടന്ന വിശദീകരണ യോഗത്തിന് ശേഷമാണ് സമരം പിൻവലിക്കാൻ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്. മാനേജ്‌മെന്റുമായി യുഎൻഎ നടത്തിയ ചർച്ചയിൽ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നു മാനേജ്‌മെന്റ് അറിയിച്ചു. മാനേജ്‌മെന്റുമായി യുഎൻഎ ഉണ്ടാക്കിയ താഴെ പറയുന്ന ധാരണകളുടെ അടിസ്ഥാനത്തിൽ ആണ് സമരം പിൻവലിച്ചത്.

  1. സസ്‌പെൻഡ് ചെയ്യപ്പെട്ട യുഎൻഎ നേതാവ് ഷിനോയ്ക്ക് 19.11.2015 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കാം. സസ്‌പെൻഡ് ചെയ്യപ്പെട്ട കാലയളവിലെ ശമ്പളം ലഭിക്കും.
  2. നേഴ്‌സിങ് ഇതര ജോലികലായ ട്രോളി തള്ളലും വീൽ ചെയർ തള്ളലും അവസാനിപ്പിച്ചു. അത് അറ്റൻഡർമാർ ചെയ്യും. എമർജൻസി ഘട്ടങ്ങളിൽ അറ്റൻഡർമാരുടെ അഭാവത്തിൽ നേഴ്‌സുമാർ കടമ നിർവഹിക്കും.
  3. വാർഡ് കാമ്പയിങ്ങിനിടയിൽ യുഎൻഎ പ്രവർത്തകയെ കയ്യേറ്റം ചെയ്യുകയും ,മുറിവേൽപ്പിക്കുകയും, അപമാനിക്കുന്ന രീതിയിൽ പെരുമാറിയ രണ്ടു സിസ്റ്റർമാർക്കെതിരെ യുഎൻഎ നൽകിയ പരാതിയിൽ 20.11.2015 നു യുഎൻഎ യൂണിറ്റ് നേതാക്കളുടെയും സിസ്റ്റർമാരുടെയും അച്ഛന്മാരുടെയും ആശുപത്രി ഡയറക്ടർമാരുടെയും നേതൃത്വത്തിലുള്ള സമിതി തെളിവെടുപ്പ് നടത്തുകയും നടപടി പ്രഖ്യാപിക്കുകയും ചെയ്യും.
  4. രോഗീ പരിചരണത്തിന്റെ ഭാഗമായി നേഴ്‌സുമാരുടെ അഭാവം പരിഹരിക്കണമെന്ന യുഎൻഎയുടെ ആവശ്യവും മാനേജ്‌മെന്റ് അംഗീകരിച്ചു. 90 ഓളം നേഴ്‌സുമാരെ ഉടൻ നിയമിക്കുമെന്നും 50 ഓളം ട്രെയിനികളെ എടുത്തിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. ട്രെയിനികളുടെ ശമ്പളം സർക്കാർ നിശ്ചയിച്ച ബിഎസ്‌സി 6500, ജിഎൻഎം 6000 എന്നത് ബിഎസ്‌സി 8975, ജിഎൻഎം 8725 എന്നതായി പുനക്രമീകരിച്ചു. ഒരു വർഷത്തിൽ അധികം പ്രവൃത്തിപരിചയമുള്ളവർക്ക് ബിഎസ്‌സി 14500, ജിഎൻഎം 13840 ആക്കും. സർക്കാർ അനുശാസിച്ച പ്രകാരമുള്ള ട്രൈയിനികളെ മാത്രമേ ജൂബിലിയിൽ നിയമിക്കുകയുള്ളൂ എന്നും, കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നേഴ്‌സുമാരെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കുന്നുവെന്നും അറിയിച്ചു.
  5. ഗ്രിവൻസ് സെൽ കമ്മിറ്റിയിൽ യുഎൻഎക്കും യുഎച്ച്എസ്എക്കും ഉണ്ടായിരുന്ന പ്രാതിനിധ്യം ഒന്നിൽ നിന്നും നാലാക്കി ഉയർത്തി. ഗ്രിവൻസ് സെൽ കമ്മിറ്റിയുടെ ആദ്യയോഗം ഈ മാസം 23 നു നടക്കും.
  6. പരിഹരിക്കാത്ത വിഷയങ്ങളും, യുഎൻഎയുടെ മുഴുവൻ ആവശ്യങ്ങളും അടങ്ങിയ പുതിയ നിവേദനം 17.11.2015 നുള്ളിൽ നൽകാനും.ഈ വിഷയങ്ങൾ 23 നു നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുകയും പരിഹരിക്കാത്തവ ലേബർ ഓഫീസിൽ വച്ച് ചർച്ച ചെയ്യാനും ധാരണയായി.
  7. യുഎൻഎയുടെ വാർഡ് കാമ്പയിൻ അടക്കമുള്ള പ്രവർത്തങ്ങൾ അനുവദിക്കില്ല എന്ന മാനേജ്‌മെന്റ് നിലപാട് യുഎൻഎ തള്ളി. സംഘടനാ പ്രവർത്തനം തുടർന്നും നടത്തും എന്നും എന്നാൽ രോഗികളെയോ കൂടെ നിൽക്കുന്നവരെയോ കാമ്പയിന്റെ ഭാഗമാക്കില്ലെന്ന് യുഎൻഎ ഉറപ്പ് നൽകി.

ചർച്ചയിൽ ആശുപത്രി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഫാദർ. സുനിൽ, ഫാദർ. സെബി, ഫാദർ. സിജോ, ബെന്നി ജോസഫ് (സിഇഒ), ജോഷി (എച്ച് ആർ മാനേജർ), ഉണ്ണി (ലീഗൽ ഉപദേഷ്ടാവ്) എന്നിവരും യുഎൻഎയെ പ്രതിനിധാനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ജാസ്മിൻഷ, സംസ്ഥാന ട്രഷറർ മിഥുൻ ജോസ്, ജില്ലാ പ്രസിഡണ്ട് അനീഷ്, സെക്രട്ടറി തോമാച്ചൻ, ട്രഷറർ ബിബിൻ എൻ പോൾ, യൂണിറ്റ് സെക്രെട്ടറി ഡെലിൻ, പ്രസിഡണ്ട് ജിതിൻ എന്നിവരും പങ്കെടുത്തു.