- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു; പ്രതിപക്ഷം കസേര വലിച്ചെറിഞ്ഞു; ഞാൻ രക്ഷപ്പെട്ടെങ്കിലും മറ്റ് കൗൺസിലർമാരൊക്കെപെട്ടു'; കൂട്ടത്തല്ലിൽ പ്രതികരിച്ച് തൃശൂർ മേയർ
തൃശൂർ: മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ കൂടിയ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗം കയ്യാങ്കളിയിൽ അവസാനിച്ചതിൽ പ്രതികരിച്ച് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗ്ഗീസ്. യോഗത്തിൽ വിഷയം അവതരിപ്പിക്കാൻ തയ്യാറാകാതെ പ്രതിപക്ഷ കൗൺസിലർമാർ ആക്രോശിക്കുകയായിരുവെന്നും തന്റെ കസേര വലിച്ചെറിഞ്ഞുവെന്നും എംകെ വർഗ്ഗീസ് പറഞ്ഞു. താൻ കൗൺസിൽ യോഗത്തിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ മേയർ ഒരു ജനാധിപത്യ സമൂഹത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്നും ചോദിച്ചു.
'കൗൺസിൽ വിളിച്ചുചേർത്ത് അജണ്ട വായിച്ചശേഷം വിഷയം അവതരിപ്പിക്കാൻ ചെന്നപ്പോൾ അതൊന്നും ഞങ്ങൾക്ക് കേൾക്കണ്ട, അത് റദ്ദ് ചെയ്യുകയെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റ് അംഗങ്ങളും എന്റെ ചേംബറിലേക്ക് ഓടിക്കയറുകയായിരുന്നു. വായിക്കാൻ സമ്മതിച്ചില്ലെന്ന് മാത്രമല്ല, എന്നെ തള്ളി കസേര പിന്നിലേക്ക് വലിച്ചിട്ടു. വിഷയം എന്തും ആയിരിക്കോട്ടെ അത് റദ്ദ് ചെയ്യുന്നതിനും ഒരു ചട്ടം ഉണ്ട്. എന്നാൽ എന്നെ ഒന്നിനും അനുവദിച്ചില്ല. എന്ന ഉപദ്രവിക്കാനാണോ അവർ ശ്രമിച്ചത് എന്ന് പോലും സംശയിക്കണം. ഞാൻ അവിടുന്ന് രക്ഷപ്പെട്ടു. പക്ഷെ ബാക്കി കൗൺസിലർമാരൊക്കെ അതിന്റെ ഉള്ളിൽ കിടക്കുകയാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ ഉങ്ങനെയൊക്കെ സംഭവിക്കുമോ?.'' എന്നായിരുന്നു മേയറുടെ പ്രതികരണം.
23 കൗൺസിലർമാർ നിർദേശിച്ചതനുസരിച്ചാണ് മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദുചെയ്യണമെന്നാണ് ആവശ്യം.
മുൻ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് എംപി വിൻസെന്റ് പ്രതികരിച്ചു. കൗൺസിലിന്റെ അധികാരം കവർന്ന്, സർക്കാരും സിപിഐഎമ്മും ചേർന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേൽപ്പിച്ച മാസ്റ്റർപ്ലാൻ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലനും പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ