- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികൂടുന്ന സമയത്തും ഡോക്ടറുടെ ഫോണിലേക്ക് ലഹരി തേടി തുരുതുരാ കോളുകൾ; ലഹരി വിൽക്കാൻ ഹബ്ബാക്കിയത് സ്വകാര്യ ഹോസ്റ്റൽ മുറിയും; ജോലി ചെയ്യാൻ ഉള്ള ഉഷാറിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് എന്നും ഡോ.അക്വിൽ; തൃശൂർ മെഡിക്കൽ കോളേജിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
തൃശൂർ: ജോലി ചെയ്യാനുള്ള ആവേശത്തിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്ന് ലഹരിമരുന്നുമായി പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോക്ടർ അക്വിൽ മുഹമ്മദ് ഹുസൈൻ. മൂന്നു കൊല്ലമായി ലഹരി ഉപയോഗിക്കുന്നുണ്ട്. കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, എൽ.എസ്.ഡി എന്നിവ ഉപയോഗിക്കും.
തന്റെ ഒപ്പമുള്ള പതിനഞ്ചോളം ഡോക്ടർമാർ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അക്വിൽ പൊലീസിനോട് പറഞ്ഞു. ഇവരിൽ സ്ഥിരമായി ഉപയോഗിക്കുന്നത് അലാവൂദ്ദീൻ, സോണി, സഹൽ, അർഷാദ്, അജ്മൽ, ആൽബിൻ എന്നീ ഡോക്ടർമാരാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതോടെ ലഹരിക്കടിമകളായ ഡോക്ടർമാരുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അക്വിൽ പേര് വെളിപ്പെടുത്തിയ ഡോക്ടർമാരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പുലർച്ചെ 3 മണിയോടെയാണ് അക്വിൽ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിലേക്ക് പൊലീസ് റെയ്ഡിനെത്തിയത്. തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയ്ക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി ഷാഡോ പൊലീസിനെ ഇതന്വേഷിക്കാൻ നിയോഗിച്ചു.
ഹോസ്റ്റലിൽ ലഹരിമരുന്ന് ഉപയോഗം നടക്കുന്നതായി വിവരം കിട്ടിയത് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു. പൊലീസ് സംഘം നേരെ ഹോസ്റ്റലിലേക്ക് ഇരച്ചുക്കയറി. ഈ സമയം, ഡോക്ടർ അക്വിൽ മുഹമ്മദ് ഹുസൈൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറി പരിശോധിച്ചപ്പോൾ രണ്ടരഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇതിനു പുറമെ, ലഹരി സ്റ്റാംപുകളും കണ്ടെത്തി. ബംഗ്ലുരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴിനൽകി. ഹഷിഷ് ഓയിലിന്റെ ഒരു കുപ്പിയും കണ്ടെടുത്തു. ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി.
അക്വിലിനെ പിടികൂടുന്ന സമയത്ത് ഫോണിലേക്ക് ഒട്ടേറെ കോളുകൾ വന്നിരുന്നു. സഹപാഠികൾ ലഹരിമരുന്നിനു വേണ്ടി വിളിച്ച കോളുകളായിരുന്നു. ഇവരുടെ പേരു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലഹരിമരുന്നിന് അടിമകളായ ഈ വിദ്യാർത്ഥികളെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കും. മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലേക്ക് ലഹരി എത്തിക്കുന്ന ഇടനിലക്കാരെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ചാവക്കാട്ടെ കൊലക്കേസ് പ്രതിയാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ ഡോക്ടറുടെ ഹൗസ് സർജൻസി പൂർത്തിയാകാൻ ഇനി ബാക്കിയുള്ളത് 15 ദിവസം മാത്രമാണ്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ ലഹരി വിൽപ്പനയും ഉണ്ടായിരുന്നു. വൻ തുകയ്ക്കാണ് ഇയാൾ മയക്കുമരുന്ന് വിറ്റിരുന്നത്. ഡോ അക്വിലിന്റെ ഹോസ്റ്റലിലെ മുറിയാണ് മെഡിക്കൽ കോളേജിലെ പ്രധാന ലഹരി വിൽപന കേന്ദ്രം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.