തൃശൂർ: കേരള പത്ര പ്രവർത്തക യൂണിയന്റെ 201517 കാലത്തേയ്ക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനയുഗം തൃശൂർ ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ജി ബി കിരൺ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ഇതോടെ ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ കിരണിന് വോട്ട് ചെയ്യാൻ കഴിയും.

തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ നിന്ന്, കേരള പത്ര പ്രവർത്തക യൂണിയൻ അംഗമായ ജി ബി കിരണിന്റെ പേര് ഒഴിവാക്കിയതിനെ തുടർന്ന് കിരൺ തൃശൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച മുൻസിഫ് കോടതി ജഡ്ജി ആർ മിനി, ഭാരവാഹി തെരഞ്ഞെടുപ്പിൽ കിരണിന് വോട്ടുചെയ്യാൻ അനുമതി നൽകാനും അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് റദ്ദാക്കാനും നിർദ്ദേശിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ. കെ ബി സുമേഷ് ഹാജരായി

ജനുവരി 1,2,3 തിയ്യതികളിൽ നടന്ന ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ഫോട്ടോപ്രദർശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളാണ് ഒടുവിൽ നിയമക്കുരുക്കിലേക്ക് നീങ്ങിയത്. 7 ഫോട്ടോഗ്രാഫർമാരെ അന്ന് 3 മാസത്തേക്കാണ് പത്രപ്രവർത്തക യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. എന്നാൽ സസ്‌പെൻഷൻ കാലയളവ് കഴിഞ്ഞിട്ടും ഇവരെ തിരിച്ചെടുക്കാൻ യൂണിയൻ ജില്ലാസംസ്ഥാന ഘടകങ്ങൾ തയ്യാറായിരുന്നില്ല. തനിക്ക് വോട്ടവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി കിരൺ നൽകിയ ഹർജിയിൽ കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. ഉത്തരവ് വന്നതോടെ തെരഞ്ഞെടുപ്പ് നടക്കുന്ന അവസ്ഥയുമെത്തി.

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ തനിക്ക് വോട്ടവകാശം വേണമെന്നായിരുന്നു കിരണിന്റെ ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടരിയുടെ ജില്ലയിൽ ഏകാധിപത്യ പ്രവണതയാണ് നിലനിൽക്കുന്നതെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഫോട്ടോഗ്രാഫർമാർ ആരോപിച്ചിരുന്നു. ജനുവരിയിൽ നടന്ന ഫോട്ടോപ്രദർശനമാണ് പ്രസ്സ് ക്ലബ്ബ് ഔദ്യോഗിക ഭാരവാഹികളെ ചൊടിപ്പിച്ചത്. പത്രപ്രവർത്തക യൂണിയന്റെ പേരിലല്ലാതെ ഫോട്ടോ ജേണലിസ്റ്റുകളുടെ കൂട്ടായ്മയായണ് തൃശൂരിൽ ആറ് വർഷമായി ഫോട്ടോ എക്‌സിബിഷൻ നടത്തുന്നത്. ജില്ലയിലും പുറത്തുമുള്ള വ്യവസായികൾ പലരുമാണ് എക്‌സിബിഷന്റെ പ്രധാന സ്‌പോൺസർമാർ.

ചില സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തവണ പ്രദർശനത്തിനെതിരെ രംഗത്ത് വരാൻ യൂണിയനെ പ്രേരിപ്പിച്ചത്. തൊട്ടടുത്ത എറണാകുളം ജില്ലയിൽ ഇത് പോലുള്ള കൂട്ടായ്മ തന്നെയാണ് വർഷം തോറും പ്രദർശനം നടത്താറുള്ളത്. അവിടെ പക്ഷേ യാതൊരു വിധ തടസപ്പെടുത്തലിനും യൂണിയൻ ഭാരവാഹികൾ ശ്രമിച്ചിരുന്നില്ലെന്നും ഇത് ഭാരവാഹികളുടെ ധാർഷ്ട്യമാണെന്നുമായിരുന്നു പ്രധാന ആരോപണം.

അതേസമയം പ്രമുഖ പ്രവാസി വ്യവസായി ടി കെ മേനോൻ പ്രദർശനത്തിന് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കലഹത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.പരിപാടിയുടെ ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുന്നത് ഫോട്ടോജേണലിസ്റ്റ് കൂട്ടായ്മ തന്നെയാണ്. ഇത് സമാന്തര പ്രവർത്തനമാണെന്നാണ് കേരള പത്രപ്രവർത്തക യൂണിയന്റെ ആക്ഷേപം.