- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂര ലഹരിയിൽ നിറഞ്ഞ് തൃശ്ശൂർ; ചമയപ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന്; വൈകുന്നേരം മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം; പൂരത്തിന് തുടക്കം കുറിച്ച് വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുര നട തിങ്കളാഴ്ച തുറക്കും
തൃശ്ശൂർ: പൂരത്തിന്റെ നിറപ്പകിട്ടുകൾ അണിയറയിൽ തയ്യാർ. ചമയപ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഞായറാഴ്ച. ചൊവ്വാഴ്ചയാണ് പൂരം. സാമ്പിൾ വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കും. പാറമേക്കാവാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. ഏഴരയോടെ തിരുവമ്പാടിയും തിരികൊളുത്തും.
ഞായറാഴ്ച രാവിലെത്തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനം ആരംഭിക്കും. പാറമേക്കാവിന്റെ ചമയപ്രദർശനം രാവിലെ 10-ന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദർശനം. തിരുവമ്പാടിയുടെ പ്രദർശനം കൗസ്തുഭം ഹാളിൽ 10-ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ ചമയപ്രദർശനം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും.
പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തിങ്കളാഴ്ച തുറക്കും. പതിനൊന്നരയോടെ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി എത്തിയാണ് തെക്കേഗോപുരനട തുറന്നിടുക. പൂരദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ ഘടകപൂരങ്ങൾ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം അരങ്ങേറും. ബുധനാഴ്ച രാവിലെയാണ് പകൽപ്പൂരം. തുടർന്ന് നടക്കുന്ന ഉപചാരം ചൊല്ലലോടെ ഇത്തവണത്തെ പൂരത്തിന് അവസാനമാകും.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകൾ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വർഷം പൂരപ്രേമികൾക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കോവിഡ് നിയന്ത്രങ്ങൾ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു.
തൃശൂർ പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 5000 പൊലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി. മുൻവർഷങ്ങളിൽ പൂര നാളുകളില് ഏതാണ്ട് 10 ലക്ഷം ആളുകളാണ് പൂരനഗരിയിലെത്തിയിരുന്നത്.
രണ്ടു വർഷത്തെ കോവിഡ് നിയന്ത്രങ്ങൾക്ക് ശേഷം പൂരം നടക്കുമ്പോൾ 40 ശതമാനം അധികം ആളുകൾ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇത് കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും.പൂരനാളുകളിൽ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കും.
തൃശൂർ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളിൽ പൂരം കാണാൻ ആളുകൾ കയറിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോൾ പമ്പുകൾ പൂരം ദിവസങ്ങളിൽ പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ