- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സവർക്കർ കുട' പുറത്തിറക്കിയതിന് പിന്നാലെ വിവാദം; സാമൂഹിക മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് വാഗ്വാദം; അതൃപ്തി അറിയിച്ച് സർക്കാരും; പ്രതിഷേധം കടുക്കവെ തൃശ്ശൂർ പൂരത്തിൽ ആസാദി കുട പിൻവലിച്ച് പാറമേക്കാവ് ദേവസ്വം
തൃശൂർ: തൃശൂർ പൂരം കുടമാറ്റത്തിനുള്ള സാമ്പിൾ കുടകളിൽ നിന്ന് വി ഡി സവർക്കറുടെ ചിത്രം പതിച്ച കുടകൾ നീക്കം ചെയ്ത് പാറമേക്കാവ് ദേവസ്വം. സവർക്കറുടെ ചിത്രം അടങ്ങിയ കുടകൾ ഉൾപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും സർക്കാർ അതൃപ്തി പാറമേക്കാവ് ദേവസ്വത്ത അറിയിച്ചതായാണ് സൂചന.
കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയിൽ വി ഡി സവർകറുടെ ചിത്രം ഇടം നേടിയതാണ് വിവാദത്തിന് കാരണമായത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് സവർകറുടെ ചിത്രവും ഇടം പിടിച്ചത്.
പാറമേക്കാവ് ചമയപ്രദശനത്തിലാണ് സവർക്കറിന്റെ ചിത്രമുള്ള കുടകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സവർക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നിൽകുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.
കുട പുറത്തിറക്കിയതിന് പിന്നാലെ വിവാദവും കൊഴുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്, എഐഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും ഇത് ഏറ്റുപിടിച്ച് ആളുകൾ രംഗത്തെത്തി.
ആസാദി കുടയിൽ വി ഡി സവർക്കർ ഇടം നേടിയതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ ഉയർന്നിരുന്നു. ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖർ ആസാദിനുമൊപ്പമാണ് സവർക്കറും ഉൾപ്പെട്ടിരിക്കുന്നത്.
ഇതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പുറം തിരിഞ്ഞു നിന്ന സവർക്കറെ വെള്ളപൂശാൻ ശ്രമിച്ചാലും സത്യം സത്യമായി നിലനിൽക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് രംഗത്തെത്തി. ഇന്നവർ പൂരത്തിന്റെ കുടയിലൂടെ പരിവാർ അജണ്ട തുടങ്ങിവെക്കുന്നു, തൃശ്ശൂരിൽ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു വിമർശനം.
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം. വിവാദം ശക്തമായതിന് പിന്നാലെ ചമയപ്രദർശനത്തിൽ നിന്ന് ഈ കുട ഒഴിവാക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് വാഗ്വാദം ശക്തമായിരുന്നു. സവർക്കറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് ഒരു വിഭാഗവും വീരപുരുഷൻ എന്ന് വിശേഷിപ്പിച്ച് മറുവിഭാഗവും രംഗത്തെത്തുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെ ലജ്ജാകരം എന്നാണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ വിശേഷിപ്പിച്ചത്. റവന്യൂ മന്ത്രി കെ.രാജനാണ് തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഇന്നും നാളെയുമാണ് ചമയ പ്രദർശനം.
തൃശൂർ പൂരത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ പൊതുജനം തള്ളിക്കളയണമെന്നും പാറമേക്കാവ് വിഭാഗം സ്പെഷ്യൽ കുടയിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും എഐവൈഎഫ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ