തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകർ. പൂരത്തിനുള്ള ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ 36 മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന പൂര ചടങ്ങുകൾക്ക് തുടക്കമായത്.

നാളെ രാവിലെമുതൽ ഘടകക്ഷേത്രങ്ങളിൽനിന്നുള്ള ദേവീദേവന്മാർ വടക്കുന്നാഥക്ഷേത്രത്തിൽ എത്തിത്തുടങ്ങും. തുടർന്നാണ് മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും. വൈകുന്നേരത്തോടെ കുടമാറ്റവും നടക്കും. ഈ ചടങ്ങുകൾക്ക് സാക്ഷിയാകുവാൻ വൻജനാവലിയാകും തൃശ്ശൂരിലെത്തുക. ശനിയാഴ്ച പുലർച്ചെയാണ് വെടിക്കെട്ട്. കടുത്ത നിയന്ത്രണങ്ങളോടെ നടക്കുന്ന വെടിക്കെട്ട് ശബ്ദത്തിലും ഉപയോഗിക്കുന്ന രാസവസ്തുക്കളിലും മാനദണ്ഡങ്ങൾ ഏറെ പാലിച്ചായിരിക്കും നടക്കുക.

കഴിഞ്ഞ ദിവസം പൂരത്തിന് മുന്നോടിയായി നടന്ന സാമ്പിൾ വെടിക്കെട്ടിൽ ഈ മാറിയ ശൈലി വ്യക്തമായിരുന്നു. മാനത്ത് വിരിയുന്ന വർണ്ണ വിസ്മയങ്ങളിലാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചത്. ശബ്ദം പോരെന്ന് ചില പൂരപ്രേമികൾക്ക് പരാതിയുണ്ടെങ്കിലും കൂടുതൽ പേരും നിയന്ത്രണങ്ങളെ അനുകൂലിക്കുകയാണ്.

ആദ്യം തിരുവമ്പാടിക്കാരാണ് സാമ്പിൾ വെടിക്കെട്ടിന് തിരി കൊളുത്തിയത്. തിരുവമ്പാടിയുടെ വർണക്കടലിരമ്പം തീർന്ന് നിമിഷങ്ങൾ പിന്നിട്ടപ്പോൾ പാറമേക്കാവും വർണമഴ പെയ്യിച്ചു. ഏഴരയോടെ തുടങ്ങിയ വെടിക്കെട്ടുകൾ എട്ടുമണിക്കുമുമ്പേ പൂർത്തിയായി. പ്രധാന വെടിക്കെട്ടിനുശേഷം നടത്താറുള്ള അമിട്ടുപ്രയോഗത്തിന് മഴ തടസ്സമായി.

കുഴിമിന്നൽ, ഗുണ്ട്, അമിട്ട്, ഓലപ്പടക്കം എന്നീ പാരമ്പര്യ ഇനങ്ങളായിരുന്നു സാമ്പിളിൽ വിസ്മയം തീർത്തത്. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂർ സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂർ സുന്ദരാക്ഷനുമാണ് വെടിക്കെട്ട് ഒരുക്കിയത്.

ശനിയാഴ്ച രാവിലെ നടക്കുന്ന പകൽപ്പൂരത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ഉപചാരംചൊല്ലി പിരിയുന്നതോടെയാണ് ഈ വർഷത്തെ പൂര ചടങ്ങുകൾക്ക് അവസാനമാകുക. രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പൂരത്തിന്റെ വർണ്ണകാഴ്‌ച്ചകൾ കാണാൻ പൂരപ്രേമികൾ തൃശ്ശൂരിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു.