തൃശ്ശൂർ: ഇത്തവണ തൃശൂർ പൂരത്തിന് മാറ്റ് കുറയുമോ എന്ന ആശങ്കയിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. വെടിക്കെട്ടിന് ഹൈന്ദവ സംഘടനകളും എതിർക്കുന്നതാണ് ഇതിന് കാരണം. സാധാരണ വിശ്വാസപരമായ പ്രശ്‌നങ്ങളിൽ ഹൈന്ദവ സംഘടനകൾ എടുക്കുന്നതിൽ വ്യത്യസ്തമായ നിലപാടാണ് ഇപ്പോഴെത്തുന്നത്. പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ശിവഗിരി മഠം അധിപൻ സ്വാമി പ്രകാശാനന്ദ പരസ്യ നിലപാട് എടുത്തു. ആർഎസ്എസും ഇതിന് എതിരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഘപരിവാർ സംഘടനകളും വെടിക്കെട്ടിനെ അനുകൂലിക്കില്ല. സർക്കാരിന്റെ നിലപാട് അനുകൂലമാക്കി വെടിക്കെട്ടെന്ന ആശയമാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ളത്.

പൂരം വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച ഫയലിൽ സ്വീകരിച്ചു. 14 ന് ഹർജി പരിഗണിക്കും. വെടിക്കെട്ട് നിരോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ 14 ന് മുഖ്യമന്ത്രി സർവ്വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. യോഗ തീരുമാനവും ഹൈക്കോടതി വിധിയും വരുംവരെ വെടിക്കെട്ട് സംബന്ധിച്ച അവ്യക്തത തുടരും. ഈ യോഗത്തിൽ ഇടതുപക്ഷം വെടിക്കെട്ടിനെ എതിർക്കും. സംഘപരിവാർ സംഘടനയുടെ നിലപാടിന് ഒപ്പിച്ച് ബിജെപിയും നിന്നാൽ ആരും വെടിക്കെട്ടിനെ അനുകൂലിക്കില്ല. ഇതോടെ തൃശൂർ പൂരത്തിന്റെ ശോഭകുറയ്ക്കുന്ന തീരുമാനം സർവ്വ കക്ഷിയോഗത്തിൽ നിന്ന് ഉണ്ടാകും. ഈ സാഹചര്യത്തിൽ ശബ്ദവും സ്‌ഫോടക ശേഷിയും കുറവുള്ള പടക്കങ്ങളിലൂടെ ദൃശ്യ വിസ്മയം തീർക്കുന്ന വെടിക്കെട്ടെന്ന ആശയം പൂരം സംഘാടകരുടെ മനസ്സിലൂണ്ട്.

തെരഞ്ഞെടുപ്പുകാലമെന്നത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്. തൃശൂർ പൂരത്തിന് ആരാധകർ ഏറെയാണ്. അതിനെ നെഞ്ചിലേറ്റി കഴിയുന്നവർക്ക് വെടിക്കെട്ടിന്റെ മാറ്റ് കുറയുന്നത് അംഗീകരിക്കാനാവില്ല. ഇവർ വിശ്വാസത്തിന്റെ പേരിൽ സർക്കാരിനെതിരെ പ്രതികരിക്കുമോ എന്ന ഭയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആലോചനകളിലൂടെയുള്ള തീരുമാനമെടുക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിക്കൂടിയാണ് സർവ്വകക്ഷിയോഗം. ഇവിടേയും വെടിക്കെട്ട് നിരോധിക്കണമെന്ന് സർക്കാർ നിലപാട് എടുക്കില്ല. അത്തരമൊരു പൊതു നിലപാട് ഉണ്ടായാൽ പോലും പ്രതിപക്ഷത്തിന്റെ തലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് നീക്കം. എന്നാൽ കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ദുരന്തം സർക്കാർ ക്ഷണിച്ച് വരുത്തിയതാണെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ട് തന്നെ തൃശൂർ പൂരത്തിന്റെ മാറ്റ് കുറയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും വാദം ഉയർന്നു കഴിഞ്ഞു.

15ന് വൈകുന്നേരമാണ് സാമ്പിൾ വെടിക്കെട്ട്. 17 നാണ് പൂരം. 18ന് പുലർച്ചെ പ്രധാന വെടിക്കെട്ടും ഉച്ചയോടെ പകൽപ്പൂരത്തിന്റെ വെടിക്കെട്ടുമാണ് നടക്കേണ്ടത്. പരവൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊടിയേറ്റുനാളിലെ വെടിക്കെട്ട് വേണ്ടെന്നു വച്ചിരുന്നു. ഇത്തവണ പതിവുപോലെ ഉണ്ടാകില്ലെന്നാണ് സൂചനകൾ. അതീവ കർശന സുരക്ഷയോടെ വെടിക്കെട്ട് നടത്താനായിരുന്നു തിങ്കളാഴ്ച കളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ എടുത്ത തീരുമാനം. സ്‌ഫോടകശക്തി കുറച്ച് ദൃശ്യഭംഗി കൂട്ടുന്നതിനു പ്രാധാന്യം നൽകുകയെന്നതായിരുന്നു ഉയർന്നുവന്ന അഭിപ്രായം. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് മൂന്നു വെടിക്കെട്ടുകൾക്കുംകൂടി 2000 കിലോഗ്രാം വീതം വെടിമരുന്ന് ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. 125 ഡെസിബെല്ലിൽ കൂടുതൽ ശബ്ദം ഉണ്ടാകാൻ പാടില്ലെന്നതും കർശനമാക്കി. അതുകൊണ്ടുതന്നെ ഉഗ്രസ്‌ഫോടക ശക്തിയുള്ള 'കുഴിയമിട്ട്' അടക്കമുള്ളവ ഒഴിവാക്കേണ്ടിവരും.

മുൻ വർഷങ്ങളിലും അനുമതി 2000 കിലോഗ്രാമിനാണെങ്കിലും പൊട്ടുന്നത് ഇതിന്റെ മൂന്നും നാലും ഇരട്ടിയായിരുന്നു. ഇക്കാര്യം കളക്ടർതന്നെ യോഗത്തിൽ പറഞ്ഞിരുന്നു. നിയമങ്ങളൊ, നിയന്ത്രണങ്ങളൊ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകാലങ്ങളിൽ നോക്കിയിരുന്നില്ല എന്നതാണ് വസ്തുത. പുതിയ സാഹചര്യത്തിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുവാൻ ജില്ലാ ഭരണകൂടവും പൊലീസും നിർബ്ബന്ധിതരാകും. ഉഗ്രസ്‌ഫോടകശക്തിയുള്ള ഡൈനമിറ്റ് ഒരെണ്ണത്തിന് 20 മുതൽ 30 കിലോഗ്രാംവരെ വെടിമരുന്ന് വേണ്ടി വരുമെന്നാണ് വെടിക്കെട്ട് നിർമ്മാണക്കാർ പറയുന്നത്. ആകെ അനുവദനീയമായ അളവിൽ മാത്രമാണ് വെടിമരുന്ന് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ വെടിമരുന്നുവേണ്ട ഡൈനമിറ്റുകൾ ഒഴിവാക്കാതെ തരമില്ല. ഇതെല്ലാം പൂരത്തിന്റെ ശോഭ കെടുത്തും.

ഇതിനിടെയാണ് വെടിക്കെട്ട് നിരോധനം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുന്നത്. സർവ്വകക്ഷി യോഗത്തിന്റെ തീരുമാനവും സർക്കാർ നിലപാടുമാകും നിർണ്ണായകം.