തൃശ്ശൂർ: തൃശൂർ വരാക്കരയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്യുന്ന സംഭവത്തിലേക്ക് നയിച്ചത് യുവാവിനുണ്ടായ പ്രണയനൈരാശ്യമാണെന്ന് വ്യക്തമായി. വരാക്കര തൂപ്രത്ത് വീട്ടിൽ ബാബുവും ഭാര്യ സവിതയും മകൾ ശിൽപ്പയുമാണ് കഴിഞ്ഞ ദിവസം വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത ശിൽപ്പയുമായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹം മുടക്കി കാമുകിയെ സ്വന്തമാക്കാൻ നടത്തിയ കുതന്ത്രമാണ് മൂന്ന് ജീവനുകൾ എടുത്തത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അത്താണി സ്വദേശി അനന്തു(23)വിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

മരിച്ച ശിൽപ്പയുടെ സഹപാഠിയായിരുന്നു അനന്തു. ഇരുവരും തമ്മിൽ രണ്ട് വർഷത്തിലേറെയായി പ്രണയത്തിലുമായിരുന്നു. എന്നാൽ, ഇരുവരും ഒരുമിക്കുന്നതിന് ജാതി തടസമായതാണ് ഒരു ദുരന്തത്തിലേക്ക് നയിച്ചത്. ശിൽപ്പയുടെ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തതോടെയാണ് അനന്തുവിന് പ്രതികാരം മനസിൽ ഉണ്ടായത്. ശിൽപ്പ മറ്റൊരു വിവാഹത്തിന് സമ്മതിച്ചതും അനന്തുവിന്റെ രോഷം വർദ്ധിപ്പിക്കുകയായിരുന്നു. ഈ വിവാഹം മുടക്കി ശിൽപ്പയെ സ്വന്തമാക്കാനാണ് അനന്തു പിന്നീട് തുനിഞ്ഞത്. ശിൽപയുടെ വിവാഹം മുടങ്ങിയതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. എം.കോമിന് ശിൽപയോടൊപ്പം പഠിച്ച അനന്തുവാണ് വിവാഹം മുടങ്ങാൻ കാരണക്കാരനെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.

സഹപാഠികളായ അനന്തുവും ശിൽപയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവായി ഇരുവരുടെയും മൊബൈൽ ഫോണുകളിൽ നിന്നു മെസേജുകൾ ലഭിച്ചിട്ടുണ്ട്. ഇരു വീട്ടുകാർക്കും ഈ വിവരം അറിയാമായിരുന്നു. രണ്ടു ജാതിയിൽ പെട്ടവരാണെന്നതു പ്രശ്‌നമായതോടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ശിൽപ മറ്റൊരു വിവാഹത്തിനു സമ്മതിച്ചു.

ഈ വിവാഹം മുടങ്ങിയാൽ തങ്ങളുടെ വിവാഹം നടത്തിത്തരുമെന്ന പ്രതീക്ഷയിൽ അനന്തു അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വരന്റെ നമ്പർ കണ്ടെത്തി അതിലേയ്ക്ക് തങ്ങളുടെ പ്രണയം വെളിപ്പെടുത്തി മെസേജുകൾ അയച്ചു. ഒരുമിച്ചു നിൽക്കുന്ന ചിത്രവും ഒപ്പം ഭീഷണി മെസേജും അയച്ചതോടെ വിവാഹം മുടങ്ങി. എന്നാൽ ശിൽപയും കുടുംബവും ആത്മഹത്യ ചെയ്തത് അനന്തുവിന്റെ പദ്ധതിയാകെ തകിടം മറിച്ചു. സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ച പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടുകയായിരുന്നു.

ഇതോടൊപ്പം ശിൽപയുടെ പ്രതിശ്രുത വരനെയും പൊലീസ് ചോദ്യം ചെയ്തു. ശിൽപയുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് അനന്തു ഏതാനും ചിത്രങ്ങൾ അയച്ച് നൽകിയതും വിവാഹവുമായി മുന്നോട്ട് പോയാൽ കൂടുതൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് പ്രതിശ്രുത വരൻ മൊഴി നൽകി.

താമസിക്കുന്ന വീടിനു സമീപത്തെ പഴയ വീട്ടിൽ അബോധാവസ്ഥയിൽ മൂവരെയും കണ്ടെത്തിയയത്. നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. വീടിൽ നിന്നും സയനൈഡ്, ശീതളപാനീയ കുപ്പി, മൊബൈൽ ഫോണുകൾ തുടങ്ങിയവ സമീപത്തു നിന്നു കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മൂന്നു പേജുള്ള കുറിപ്പിൽ നിന്നാണ് ശിൽപയുടെ വിവാഹം സുഹൃത്തായിരുന്ന വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മുടക്കിയതിലുള്ള ദുഃഖം മൂലമാണ് ജീവനൊടുക്കുന്നതെന്ന വിവരം പൊലീസിനു ലഭിച്ചത്. .

സ്വർണപ്പണിക്കാരനായിരുന്ന ബാബു ജോലി നഷ്ടപ്പെട്ടതേത്തുടർന്നു കോഴിക്കച്ചവടം നടത്തി കുടുംബം പുലർത്തുകയായിരുന്നു. ശിൽപ എംകോം പഠനം പൂർത്തിയാക്കിയിരുന്നു. ശിൽപയുടെ സഹോദരൻ വിപിൻ ക്വാറിയിൽ മുങ്ങിമരിച്ചതിന്റെ 13ാം വാർഷികദിനത്തിലാണ് ഈ കുടുംബത്തിന്റെ ആത്മഹത്യ.