തൃശ്ശൂർ: ലോകത്തെമ്പാടുമുള്ള പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം.പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കോവിഡ് ഇടവേളക്ക് ശേഷം അതിന്റെ പൂർണ്ണ പ്രൗഡിയോടെ എത്തുമ്പോൾ ആ ലഹരിയിലലിയാൻ ശക്തന്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്നത് ജനസഹസ്രങ്ങൾ.പുരനഗരിയെ താളവാദ്യത്തിന്റെ മാസ്മരിക സൗന്ദര്യത്തിലേക്കാനയിച്ച് ലോകപ്രശസ്തമായ മഠത്തിൽ വരവ് തുടങ്ങി.പഞ്ചവാദ്യന്റെ സൗന്ദര്യം കൺകുളിർക്കെ കാണാനും കാതുകുളിർക്കെ കേൾക്കാനും പുരനഗരി തിങ്ങിനിറയുന്ന കാഴ്‌ച്ചയ്ക്കാണ് ഇപ്പോൾ പൂരനഗരി സാക്ഷ്യം വഹിക്കുന്നത്. 11 മണിയോടെയാണ് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു തുടക്കമായത്.

മഴമേഘങ്ങൾ ആശങ്കയുണർത്തുന്നെങ്കിലും പൂരം പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് തൃശൂർകാർ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കാഴ്ചക്കാരുണ്ട് പൂരത്തിന്റെ തൃശൂർ പൂമുഖത്ത്.രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി. ഇതോടെ ഘടകപൂരങ്ങളുടെ വരവായി. കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്മാരാരുടെ ചെമ്പടമേളം.

രണ്ടുമണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. മേളങ്ങൾ കലാശിച്ചു വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്‌പെഷൽ കുടകളും വിരിയും.

രാത്രി 11നു പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ വിരുന്ന്. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്.ബുധനാഴ്ച രാവിലെ ഒൻപതിനു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.ഇക്കുറി പൂരത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ നടയിൽ പൊലീസ് കൺട്രോൾ കേന്ദ്രത്തിനു മുന്നിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക സംരക്ഷണവലയം തീർക്കും.

പൊലീസ് കൺട്രോൾ കേന്ദ്രത്തിനു പിന്നിലെ ശുചിമുറി കൂടാതെ നെഹ്‌റു പാർക്കിന്റെ പ്രവേശന ഭാഗത്തും ജനറൽ ആശുപത്രിക്ക് പിൻവശത്തെ പറമ്പിലും ശുചിമുറി സജ്ജം. 1515 എന്ന പിങ്ക് പൊലീസ് നമ്പറിൽ സ്ത്രീകൾക്ക് പരാതികൾ അറിയിക്കാം. മൂന്ന് പിങ്ക് പൊലീസ് സംഘങ്ങളും 5 ബുള്ളറ്റ് പട്രോൾ സംഘങ്ങളും നഗരത്തിൽ ഉണ്ടാവും.കുടുംബശ്രീയുടെ നേതൃത്വത്തിൽ ശക്തൻ സ്റ്റാൻഡ്, പാട്ടുരായ്ക്കൽ, റെയിൽവേ എന്നിവിടങ്ങളിലായി 7 ഷീ ടാക്‌സി സ്റ്റാൻഡും ഏർപ്പെടുത്തി.