ചെന്നൈ: സാഹിത്യകാരനും, രാഷ്ട്രീയ നിരീക്ഷകനും നടനും തുഗ്ലക്ക് മാസികയുടെ സ്ഥാപകനും എഡിറ്ററുമായ ചോ രാമസ്വാമി(82) അന്തരിച്ചു. പുലർച്ചെ 4.40 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ജയലളിതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയായിരുന്നു ചോ രാമസ്വാമി. ജയലളിത വിടപറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ചോയും വിടപറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ അങ്ങനെ പല മേൽവിലാസമുണ്ട് ശ്രീനിവാസ അയ്യർ രാമസ്വാമി എന്ന ചോ രാമസ്വാമിക്ക്. നിർഭയമായി രാഷ് ട്രീയ നേതൃത്വത്തെ തന്റെ തൂലിക കൊണ്ട് വിമർശിച്ച വ്യക്തിയായിരുന്നു ചോ. അദ്ദേഹത്തിന്റെ രാഷ് ട്രീയ ആക്ഷേപഹാസ്യ കുറിപ്പുകളും പ്രയോഗങ്ങളും എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു. 89 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1999 മുതൽ 2005 വരെ അദ്ദേഹം രാജ്യസഭാ എംപിയായി. കെ.ആർ നാരായണൻ രാഷ് ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. 'പെട്രാൽ ദാൻ പിള്ളയാ' എന്ന നാടകത്തിൽ ബൈക്ക് മെക്കാനിക്കായി ചോ അഭിനയിച്ചു. ഈ നാടകം വലിയ വിജയമായി. ഇത് പിന്നീട് സിനിമയാക്കിയപ്പോൾ ശിവാജി ഗണേശനാണ് നാടകത്തിൽ ചെയ്ത കഥാപാത്രം സിനിമയിൽ ചെയ്യാൻ ചോ രാമസ്വാമിയോട് ആവശ്യപ്പെടുന്നത്. അങ്ങനെയാണ് അദ്ദേഹം സിനിമയുടെ വിഴിയിലെത്തുന്നത്.